'അനന്തപുരിയിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം, ചിന്തിക്കേണ്ട വിഷയങ്ങൾ ഒരുപാടുണ്ട്'; പ്രതികരിച്ച് ശശി തരൂർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ജയമുറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് ശശി തരൂർ. അനന്തപുരിയിലെ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് നാലാം തവണയും ഉണ്ടായ ജയമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ഒപ്പം ഈ തിരഞ്ഞെടുപ്പിൽ ചിന്തിക്കേണ്ട ഒരുപാട് വിഷയങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
'മറ്റ് സ്ഥാനാർത്ഥികളും നല്ലൊരു പോരാട്ടം തന്നെ നടത്തി, അതിൽ ഒരു സംശയവുമില്ല. ഇത്തവണ ഞങ്ങൾ പ്രതീക്ഷിക്കാത്ത വെല്ലുവിളിയായിരുന്നു. പക്ഷേ അവസാനം അനന്തപുരിയിലെ ജനങ്ങൾ എനിക്ക് മൂന്ന് തവണ നൽകിയ വിശ്വാസം നാലാം തവണ കൂടി നൽകി. ഞാൻ അവർക്ക് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കും.' അദ്ദേഹം പറഞ്ഞു.

'പക്ഷേ ഈ തിരഞ്ഞെടുപ്പിൽ മലയാളികൾ എല്ലാം ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട്. ബിജെപി മൂന്ന് നാല് മണ്ഡലങ്ങളിലാണ് അവരുടെ ശ്രദ്ധ കൂടുതൽ പുലർത്തിയിരുന്നത്. അതിൽ പ്രത്യേകിച്ച് രണ്ടെണ്ണം തൃശൂരും തിരുവനന്തപുരവും തന്നെയായിരുന്നു. തൃശൂരിൽ അവരുടെ വിജയത്തിന്റെ ഭൂരിപക്ഷം കണ്ടുകൊണ്ടാണ് നമ്മൾ തിരുവനന്തപുരത്തെ അളക്കേണ്ടത്.' ശശി തരൂർ നിലപാട് വ്യക്തമാക്കി.
'കാരണം ഈ രണ്ട് ഇടങ്ങളിലാണ് അവർ വിജയത്തിന് വേണ്ടി എല്ലാ ശ്രമവും നടത്തിയത്. ഒരു സ്ഥലത്ത് അവർക്ക് അത് ചെയ്യാൻ സാധിച്ചു. എന്നാൽ ഇവിടെ നമുക്കവരെ തടുക്കാൻ സാധിച്ചത് തിരുവനന്തപുരത്തെ ജനങ്ങളും അവരുടെ വലിയ മനസും മൂല്യങ്ങളും വിശ്വാസങ്ങളും കാരണമാണ്' അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'അവസാന റൗണ്ടുകളിലാണ് ഞങ്ങൾക്ക് അനുകൂലമായ നിലയിൽ നിൽക്കുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നു. അവരുടെ ലീഡ് നില ഒരു മുപ്പതിനായിരം ഒക്കെ കടന്നെങ്കിലും മാത്രമേ ഞങ്ങൾക്ക് ആശങ്ക ഉണ്ടാവുകയുള്ളൂ. ഒരു 25000 വരെ ഞങ്ങൾ ഭയന്നിരുന്നില്ല. ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു. വീണ്ടും താഴാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പ്രതീക്ഷയിലായി.' ശശി തരൂർ പറഞ്ഞു.
നഗരപ്രദേശത്ത് ബിജെപിക്ക് ഒരു സ്വാധീനം ഉണ്ടെന്ന് നമുക്ക് കാണാൻ സാധിച്ചു. അതിന്റെ കാരണങ്ങൾ എന്താണെന്നും എങ്ങനെ ആ വെല്ലുവിളി മറികടക്കാമെന്നും നമ്മൾ പരിശോധിക്കണം. കാരണം പലർക്കും ഒരു തോന്നൽ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ സർക്കാർ വീണ്ടും തിരിച്ചുവരുമെന്നും ഭരണത്തിൽ എത്തുമെന്നും അപ്പോൾ മന്ത്രിയെ പിന്തുണച്ചാൽ തിരുവനന്തപുരത്തിന് ഗുണമാവും എന്നൊക്കെ. അങ്ങനെ നഷ്‌ടപ്പെട്ട വോട്ടുകൾ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല; തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഏറെനേരം രാജീവ് ചന്ദ്രശേഖറായിരുന്നു ഇവിടെ മുന്നിൽ നിന്നിരുന്നത്. എന്നാൽ അവസാന നിമിഷം മുന്നിൽ കയറിയ ശശി തരൂർ നിലവിൽ പതിനായിരത്തിൽ അധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications