പിണറായി സര്‍ക്കാര്‍ വീണ്ടും; ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ 5.30ന് സ്ഥലംമാറ്റം, 6 മണിക്ക് വിരമിച്ചു!
തിരുവനന്തപുരം: ഇടത് പക്ഷ അനുകൂല അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവിന് ഒരു മണിക്കൂര്‍ നേരത്തേക്ക് പ്രിന്‍സിപ്പാളാക്കി സ്ഥാനക്കയറ്റം നല്‍കി വിവാദത്തിലായ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും സമാനമായ പ്രമോഷന്‍ നല്‍കിയതായി വാര്‍ത്ത. ഗതാഗത വകുപ്പിലാണ് ഇത്തവണ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന എന്‍ കെ രവീന്ദ്രനാഥിനാണ് ചട്ടങ്ങള്‍ ലംഘിച്ച് പ്രമോഷന്‍ കിട്ടിയത്.
എന്‍ കെ രവീന്ദ്രനാഥ് ഇക്കഴിഞ്ഞ മെയ് 31നാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. അന്ന് വൈകിട്ട് അഞ്ചരയോടെയാണത്രെ രവീന്ദ്രനാഥിന് സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിച്ചത്. സ്ഥാനമേറ്റെടുത്ത ശേഷം ആറ് മണിയോടെ ഇദ്ദേഹം വിരമിക്കുകയായിരുന്നു. സീനിയര്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥന് മൂന്ന് മാസത്തെ നിര്‍ബന്ധിത അവധി നല്‍കിയതായും പറയപ്പെടുന്നു. രവീന്ദ്രനാഥിന് സ്ഥാനക്കയറ്റം നല്‍കാന്‍ വേണ്ടിയായിരുന്നത്രെ ഇത്.

അവധി കാരണം ഉണ്ടാകുന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് ചട്ടലംഘനമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമങ്ങള്‍ എല്ലാം പാലിച്ചാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത് എന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നത്. പുതിയ തസ്തിക പ്രകാരം രവീന്ദ്രനാഥിന് പതിനായിരം രൂപയോളം ശമ്പളവര്‍ധന ഉണ്ടാകുമത്രെ. മെയ് മാസത്തെ ശമ്പളത്തിലും പെന്‍ഷന്‍ തുകയിലും ഇത് പ്രതിഫലിക്കും.
കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറായ ശശികുമാറിനെ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറങില്‍ പ്രിന്‍സിപ്പാളാക്കി നിയമിച്ചത്. സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം വിരമിക്കുകയും ചെയ്തു. സി പി എം അനുകൂല അധ്യാപക സംഘടനയായ കെ ജി ഒ എയുടെ സംസ്ഥാന സെക്രട്ടറിയാണ് പ്രൊഫ. ശശികുമാര്‍.












Click it and Unblock the Notifications