ഇത് ഫാസിസമാണ്..കേസെടുക്കുമെങ്കിൽ ആദ്യ കേസ് തന്റെ പേരിലാവട്ടെ; മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ
പാലക്കാട്; മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പരമാർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്ക്ക് ഭീതിയായി നിലക്കുമ്പോൾ അതിന് പരിഹാരം കാണുന്നതിന് പകരം അത് ചൂണ്ടിക്കാട്ടുന്നവരെ നിശബ്ദമാക്കാനുള്ള നീക്കം ഫാഷിസമാണെന്ന് സന്ദീപ് പറഞ്ഞു. കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിൻ്റെ അവസാന മുഖ്യമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാമെന്നും സന്ദീപ് പറഞ്ഞു..
Recommended Video

ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് തന്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് പറഞ്ഞു.
സന്ദീപിന്റെ വാക്കുകൾ 'മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ ഡാം പൊളിയാതെ ഇരിക്കുമോ ? മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷിതത്വത്തേക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നു എന്ന് പിണറായി വിജയൻ പറയുമ്പോൾ, ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണെന്ന കാര്യം കൂടി മുഖ്യമന്ത്രി പറയണം. കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതി പശ്ചിമഘട്ടത്തെ ഒന്നാകെ ദുർബലപ്പെടുത്തിയതിൻ്റെ ഫലമാണ്, ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ഉരുളുപൊട്ടലുകളും, തോത് വർദ്ധിച്ചു വരുന്ന ഭൂമി കുലുക്കങ്ങളും.
ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്ക്ക് ഒരു ഭീതിയായി മാറുന്നത് ഈ സാഹചര്യത്തിലാണ്.
അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാൻ്റെ അഫ്ഗാനിസ്ഥാനോ ഒന്നുമല്ല. കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണീ കൈയ്യിൽ വച്ചാൽ മതി.
കുറഞ്ഞ പക്ഷം ഈ വിഷയത്തിൽ, ഇടതു മുന്നണിയുടേയോ, മുഖ്യമന്ത്രി ആയിരുന്നപ്പോൾ വി എസ് അച്ചുതാനന്ദൻ്റെയും, അന്നത്തെ വകുപ്പു മന്ത്രി എൻ. കെ പ്രേമചന്ദ്രൻ്റെയും നിലപാടുകളും, അവർ സുപ്രീംകോടതിയിൽ വരെ ചെന്ന് എടുത്ത നിലപാടുകളും പിണറായി വിജയൻ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
അതല്ല, കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിൻ്റെ അവസാന മുഖ്യമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാം.
ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് എൻ്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ് , ഫേസ്ബുക്കിൽ സന്ദീപ് കുറിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി തുടരുന്ന പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജനത്തിന്റെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ നാല് വർഷമായി തുടരെ ഉണ്ടാവുന്ന പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം, ജനങ്ങൾ അവരുടെ ആശങ്കയും ഉത്കണ്ഠയും പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഉള്ള പ്രതികരണങ്ങളിൽ ജനങ്ങളുടെ ഭീതി നിഴലിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും , സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണം. അതിലൂടെ മാത്രമേ ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിയു. ഈ വിഷയം നിയമസഭയിലും ഉന്നയിക്കുമെന്നും സതീശൻ അറിയിച്ചിരുന്നു.
സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications