Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നുണ ഫാക്ടറികള്‍ ഏതറ്റം വരെ പോകുമെന്ന സൂചനയാണിത്; ആരോഗ്യ മേഖല ചൂണ്ടി ഐസക്

സിപിഎമ്മിന് സംഭാവന നല്‍കിയ കമ്പനിയുടെ ആശുപത്രി ശൃംഖലക്ക് വേണ്ടി സര്‍ക്കാര്‍ ആശുപത്രികളെ തളര്‍ത്തുന്നു എന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്. ബിജെപി നുണ ഫാക്ടറികള്‍ ഏതറ്റം വരെ പോകുമെന്നതിന്റെ സൂചനയാണിത് എന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയവരാണ് ഇവര്‍ എന്നും തോമസ് ഐസക് പറയുന്നു.

കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ താറടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്നാണ് ഐസക് പറയുന്നത്. ആരോഗ്യ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. പൊതുജന ആരോഗ്യമേഖല തകര്‍ന്നാല്‍ ആര്‍ക്കാണ് നേട്ടം എന്ന് പരിശോധിച്ചാല്‍ വിവാദങ്ങള്‍ക്ക് പിന്നിലെ ശക്തിയെ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

thomas isaac

തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: ''സിപിഎമ്മിന് നാലു കോടി രൂപ സംഭാവന നൽകിയ കമ്പനിയുടെ സ്വകാര്യ ആശുപത്രി ശൃംഖലയ്ക്കായി സർക്കാർ ആശുപത്രികളെ തളർത്തുന്നുവെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവന. ബിജെപി, എൻഡിഎ നുണ ഫാക്ടറികൾ ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചനയാണിത്. കള്ളനെന്ന് വിളിച്ചൂകൂവിയാർത്ത് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന കള്ളന്മാരാണ് ഇവർ. കേരളത്തിലെ പൊതു ആരോഗ്യ മേഖലയെ തകർക്കാൻ അച്ചാരം വാങ്ങിത്തിരിച്ച ഇവർക്ക് മാപ്പില്ല.

കുറച്ചു നാളായി ആസൂത്രിതമെന്നു കരുതാവുന്ന രീതിയിൽ കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. പഴയ കെട്ടിടം തകർന്നു വീണു, ചില ചികിത്സാ പിഴവുകളും ഉണ്ടായി. എന്നു തുടങ്ങിയവ നിമിത്തങ്ങൾ മാത്രം.

ഏത് ആരോഗ്യ സൂചകമെടുത്താലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ മുന്നിലാണ്. ഈ നേട്ടങ്ങളുടെ പിന്നിൽ നമ്മുടെ പൊതു ആരോഗ്യ സംവിധാനമാണ്. പൊതു ആരോഗ്യ സംവിധാനം തകർന്നാൽ ആർക്കാണ് നേട്ടം എന്നത് പരിശോധിച്ചാൽ ഒരു പക്ഷേ, ഈ വിവാദങ്ങളുടെ പിന്നിലെ പ്രേരകശക്തിയെ തിരിച്ചറിയാനാവും.
കേരളമാണ് ഏറ്റവും വലിയ ആരോഗ്യ കമ്പോളമെന്ന പറയാം. 2021-22-ൽ ഇന്ത്യയിലെ പ്രതിശീർഷ ആരോഗ്യചിലവ് 6,602 രൂപ ആയായിരുന്നപ്പോൾ കേരളത്തിന്റേത് 13,343 രൂപ ആയിരുന്നു. അങ്ങനെ കേരളത്തിലെ ആരോഗ്യചിലവ് 2-4 മടങ്ങ് ഉയർന്നതാണ്. പൊതു ആരോഗ്യചിലവ് കേരളത്തിൽ ഉയർന്നതാണെങ്കിലും സ്വകാര്യ ചിലവും ഉയർന്നതാണ്. 2021-22-ൽ 7889 രൂപയായിരുന്നു സ്വകാര്യ ചിലവ്. കേരളത്തിലെ പൗരന്മാരുടെ ഉയർന്ന ആരോഗ്യ ബോധമാണ് ഇതിന്റെ പിന്നിൽ. ഈ വിപുലമായൊരു കമ്പോളം കൈക്കലാക്കാനുള്ള കോർപ്പറേറ്റ് ആരോഗ്യഭീമന്മാരുടെ താൽപ്പര്യങ്ങൾ എത്രമാത്രം ഈ ചിത്രവധങ്ങൾക്ക് പിന്നിലുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ആരോഗ്യ രംഗത്ത് വിദേശനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ശോഭാ സുരേന്ദ്രന്റെ കേന്ദ്ര സർക്കാരിന്റേത്. 100 ശതമാനം നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിലൂടെ അനുവദിക്കുന്നുണ്ട് എന്നു മാത്രമല്ല, നികുതിയിളവുകളും നൽകുന്നു. 2000-ത്തിനും 2015-നും ഇടയിൽ ആശുപത്രി മേഖലയിൽ ഏതാണ്ട് 25000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഉണ്ടായത്. ആരോഗ്യ ഇൻഷ്വറൻസ് മേഖലയിലും മരുന്ന് വ്യവസായത്തിലും വലിയ തോതിൽ ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്നുണ്ട്.
പക്ഷേ, ഏറ്റവും വലിയ മാർക്കറ്റായ കേരളത്തെ കീഴടക്കാൻ കോർപ്പറേറ്റുകൾക്കു കഴിയുന്നില്ല. കേരളത്തിൽ വിദേശ കോർപ്പറേറ്റ് നിക്ഷേപം താരതമ്യേന കുറവാണ് ഡൽഹിയിൽ 93-ഉം മഹാരാഷ്ട്രയിൽ 85-ഉം വിദേശ കോർപ്പറേറ്റ് ആശുപത്രികളുള്ളപ്പോൾ കേരളത്തിൽ ഇപ്പോഴും നാല് എണ്ണമേയുള്ളൂ. ഇതിനൊരു പ്രധാനപ്പെട്ട കാരണം കേരളത്തിന്റെ സുശക്തമായ പൊതു ആരോഗ്യ സംവിധാനമാണ്.

ആർക്കുവേണമെങ്കിലും ബജറ്റ് മുഖേന ആരോഗ്യ മേഖലയിൽ 2016 മുതൽ 2026 വരെ ചെലവഴിച്ച തുകയുടെ കണക്ക് കൂട്ടിയെടുക്കാവുന്നതാണ്. 20000 കോടി രൂപ വരും ഈ തുക. ഇതിനു പുറമേയാണ് കിഫ്ബി വഴി അനുവദിച്ചിട്ടുള്ള 10000 കോടി രൂപയുടെ നിക്ഷേപം. ഇതോടൊപ്പം സൃഷ്ടിക്കപ്പെട്ട ശേഷിയോട് താരതമ്യപ്പെടുത്തുമ്പോൾ അപര്യാപ്തമാണെങ്കിലും 10000 തസ്തികകളാണ് ആരോഗ്യ മേഖലയിൽ സൃഷ്ടിച്ചത്.
കേരള ചരിത്രത്തിൽ കഴിഞ്ഞ പത്ത് വർഷക്കാലത്തേതുപോലെ ഏത് കാലത്താണ് ആരോഗ്യ മേഖലയിൽ ഇത്രയും ഉയർന്ന നിക്ഷേപം ഉണ്ടായിട്ടുള്ളതെന്ന് ശോഭാ സുരേന്ദ്രനും പ്രതിപക്ഷ നേതാവും വിശദീകരിച്ചേ മതിയാകൂ.

ഇതുമൂലം പൊതുമേഖലയെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണവും കേരളത്തിൽ ഗണ്യമായി വർദ്ധിച്ചു. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം 2-ന്റെ ചില കണക്കുകൾ ഈ സന്ദർഭത്തിൽ പ്രസക്തമാണ്:
1987-ൽ 23 ശതമാനം ജനങ്ങളേ പൊതു ആരോഗ്യ സൗകര്യങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ. അത് തുടർച്ചയായി ഉയർന്ന് 2004-ൽ 32 ശതമാനമായി. 2019-ൽ 44 ശതമാനമായി. ഗുരുതരമായ രോഗം വന്നാൽ സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ ശതമാനം 2004-ൽ 47 ശതമാനം ആയിരുന്നത് 2019-ൽ 62 ശതമാനമായി ഉയർന്നു. കോവിഡ് കാലത്ത് ഏതാണ്ട് എല്ലാവരും പൊതുമേഖലയെ ആശ്രയിക്കുന്ന സ്ഥിതിവന്നു. ഇതിനുള്ള പ്രധാനപ്പെട്ട കാരണമായി സർവ്വേയിൽ പങ്കെടുത്തു പറഞ്ഞത് സാമ്പത്തിക കാരണങ്ങളാണ്. സർക്കാർ ആശുപത്രിയിൽ ചിലവ് വളരെ കുറവാണ്.

ശക്തമായ പൊതു ആരോഗ്യ സംവിധാനവും സൗജന്യ ചികിത്സയും സ്വകാര്യമേഖലയിലെ ലാഭക്കൊള്ളയുടെമേൽ കർശനമായ കടിഞ്ഞാൺ ഇടുന്നുണ്ട്. ഇതാണ് കേരളത്തിന്റെ ആരോഗ്യ കമ്പോളത്തെ വിദേശ കോർപ്പറേറ്റുകൾക്ക് അനാകർഷകമാക്കുന്നത്. എന്നിട്ടും സമീപകാലത്ത് വിദേശ കമ്പനികൾ കിംസ്, ആസ്റ്റർ, ബേബി മെമ്മോറിയൽ എന്നീ ആശുപത്രികളെ ബഹുരാഷ്ട്ര കമ്പനികൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽവേണം പൊതു ആരോഗ്യ സംവിധാനങ്ങൾക്കു നേരെയുള്ള വിഷലിപ്തമായ ആരോപണങ്ങളെ കാണാൻ.
തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ദിനംപ്രതി 2016-ൽ 1000 പേരാണ് ഓപി ചികിത്സ തേടിയിരുന്നതെങ്കിൽ 2025-ൽ അവരുടെ എണ്ണം 5000 ആയി ഉയർന്നിരിക്കുകയാണ്. കിടത്തിചികിത്സിക്കുന്നവരുടെ കാര്യത്തിലും ഇതുപോലെ വർദ്ധനവുണ്ട്. ഇത് ഏതാണ്ട് എല്ലാ സർക്കാർ ആശുപത്രികൾക്കും ബാധകമാണ്. ഈ തിരക്ക് പ്രയാസങ്ങളും വീഴ്ചകളും ഉണ്ടാക്കുന്നുണ്ട്. പക്ഷേ, പർവ്വതീകരിച്ച് പൊതു ആരോഗ്യ സംവിധാനങ്ങളെ താറടിക്കരുത്.

മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥയെക്കുറിച്ച് ലഭ്യമായ ഏക ഔദ്യോഗിക ഡാറ്റ മെഡിക്കൽ അനാസ്ഥകൊണ്ടുണ്ടാകുന്ന മരണത്തിന്റെ കേസുകളാണ്. 2017-നും 2022-നും ഇടയ്ക്ക് ഇന്ത്യയിൽ 1015 കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 15 ശതമാനം ഉത്തർപ്രദേശിലും 10 ശതമാനം വീതം രാജസ്ഥാനിലും ജാർഖണ്ഡിലും ആണ്. 54 കേസുകളുള്ള (5%) കേരളത്തിന് പത്താം സ്ഥാനമാണ്. ആരോഗ്യ ബോധത്തിൽ കൂടുതൽ ഉയർന്നു നിൽക്കുന്ന കേരളത്തിൽ 10 ലക്ഷം ജനസംഖ്യയ്ക്ക് 1.6 മരണമാണ് കേസായി റെക്കോർഡ് ചെയ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട പിഴവുവച്ചാണ് കേരള പൊതു ആരോഗ്യ മേഖലയെ താറടിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശോഭാ സുരേന്ദ്രനും രംഗത്തിറങ്ങിയിട്ടുള്ളത്.

എന്ത് അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതു ആരോഗ്യ സിസ്റ്റം മുഴുവൻ തകരാറിലാണെന്നു പറഞ്ഞു നടക്കുന്നത്? Medical Negligence Legal Services-ന്റെ കണക്ക് പ്രകാരം ഒരു വർഷം ഇന്ത്യയിൽ 52 ലക്ഷം Medical Negligence പരാതികളാണ് ഉണ്ടാകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ വരുന്ന നാല് സംസ്ഥാനങ്ങൾ ഇവയാണ്: പഞ്ചാബ് (24%), പശ്ചിമ ബംഗാൾ (17%), മഹാരാഷ്ട്ര (16%), തമിഴ്നാട് (11%).
സുശക്തമായ പൊതു ആരോഗ്യ സംവിധാനത്തെ സംരക്ഷിച്ചേ തീരൂ. അതിനൊരു പരിപാടി ഇടതുപക്ഷത്തിനേയുള്ളൂ. അത് ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+