കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമകഥയെ പോലും ഞെട്ടിക്കും ഈ ജീവിതം; മജീഷ്യൻ അശ്വിന് പറയാനുള്ളത്!

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: ഇനി പറയുന്നത്, ഒരു സാങ്കൽപ്പിക സിനിമ കഥയല്ല, മറിച്ച് 'അശ്വിനെന്ന' മിടുക്കനായ മജീഷ്യൻ്റെ ജീവിതകഥയാണ്. ജീവിതത്തിൽ തോൽക്കുമെന്നുറപ്പായപ്പോൾ 'മാജിക് ' എന്ന കലയിലൂടെ ഇലായ്മകളെ വകഞ്ഞു മാറ്റി അശ്വിൻ പടിപ്പടിയായി ജീവിതപടവുകൾ താണ്ടിക്കയറി. കാലങ്ങളോളം കുപ്പി പെറുക്കി വിറ്റാണ് അശ്വിൻ ജീവിച്ചിരുന്നത്.ഒടുവിലിതാ, ഇന്ത്യാ ബുക്സ് ഓഫ് റെക്കോർഡ്സ് വരെ അശ്വിൻ്റെ മാജിക് ഇടംപിടിക്കുകയും ചെയ്തു.

ഒന്നാം വയസ്സിൽ അമ്മ ഉപേക്ഷിക്കുകയും അഞ്ചാം വയസ്സിൽ അച്ഛൻ ആത്മഹത്യ ചെയ്യുകയും, തുടർന്ന് ജീവിതം വഴിമുട്ടുകയും ചെയ്താൽ ഏതൊരു മനുഷ്യനും തകർന്നു പോകും. എന്നാൽ, അണപൊട്ടിയ ദുഃഖത്തിൽ ഉലയാതെ എല്ലാം ഉള്ളിലടക്കിപ്പിടിച്ച് കൊണ്ട് അവൻ ജീവിതത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നു, കൂട്ടിന് മാജിക്കും. തിരുവനന്തപുരം വിതുര സ്വദേശിയായ അശ്വിൻ്റെ ജീവിതമൊന്നു കേട്ടാൽ ആരും ഞെട്ടിതകർന്ന് പോകും. ഇവിടെ തുടങ്ങുന്നു, അശ്വിനെന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവിൻ്റെ സഹനകഥ. അശ്വിൻ്റെ വാക്കുകളിലേക്ക്!!!

1

തിരുവനന്തപുരത്തെ മലയോര ഗ്രാമമായ വിതുരയിലെ ആനപ്പെട്ടിയില്‍ വിജയന്‍ - ലത ദമ്പതികളുടെ മകനായി1998 മാര്‍ച്ച് 8 നായിരുന്നു അശ്വിന്റെ ജനനം. അശ്വിൻ്റെ അമ്മ അവന് ഒന്നര വയസ്സുള്ളപ്പോൾ ഉപേക്ഷിച്ച് പോയി.അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമായിരുന്നതോടെ അച്ഛനും അശ്വിനുമടങ്ങുന്ന കുടുംബത്തിനെന്നും ദു:ഖം നിറഞ്ഞ നാളുകളായിരുന്നു.

അഞ്ച് വയസ്സ് തികഞ്ഞപ്പോൾ അമ്മയുടെ അവസ്ഥയിൽ മനംനൊന്ത അച്ഛനും അശ്വിനെ വിട്ട് പോയി. അച്ഛൻ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീടങ്ങോട്ട് ജീവിതം തന്നെ തകർന്ന നിലയിലായിരുന്ന അശ്വിനെ പഠിപ്പിച്ച് വളർത്തി വലുതാക്കിയത് അമൂമ്മയായിരുന്നു. തൊഴിലുറപ്പിനും മറ്റു ജോലികൾക്കും പോയി വീട്ടിലെ സർവത്രകാര്യങ്ങളടക്കം നോക്കി അവനെയും അമ്മൂമ്മ പോറ്റിവളർത്തി.

ഇതിനിടെയാണ് ഉത്സവപറമ്പിൽ കണ്ട ഒരു മാജിക് ഷോ അശ്വിൻ്റെ ജീവിതത്തെ മാറ്റിമറിക്കുന്നത്. ഇതോടെ,മാജിക്കിനോട് അടങ്ങാത്ത കമ്പമായി. എന്തെന്നില്ലാത്ത ഇഷ്ടം തോന്നിയ അവന് വ്യത്യസ്ത തരം മാജിക്കുകൾ ചെയ്യാനായിരുന്നു കൂടുതൽ ആഗ്രഹം. ബാലരമ പോലുള്ള വാരികകളിൽ വരുന്ന മാജിക് അശ്വിൻ പഠിക്കാൻ തുടങ്ങി.

2

അങ്ങനെ പഠിച്ച കുഞ്ഞു മാജിക്കുകള്‍ എല്ലാം ചേര്‍ത്ത് ചെറു ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പരിപാടി നടത്താൻ തുടങ്ങി. നാട്ടുകാരുടെയടക്കം പിന്തുണ ലഭിച്ചതോടെ നെടുമങ്ങാട്ടെ വെള്ളനാടുള്ള മജിഷ്യന്‍ സേനന്‍ എന്നറിയപ്പെടുന്ന മാന്ത്രികന്റെ അടുത്ത് മാജിക് പഠിക്കാനെത്തി.

വെള്ളനാടുള്ള മജീഷ്യൻ്റെ അടുക്കൽ നടത്തിയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കിട്ടിയതോടെ സ്വന്തമായി ഒരു മാജിക് ട്രൂപ്പ് തട്ടിക്കൂട്ടി. ഇതിനിടയില്‍ വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും മെച്ചപ്പെട്ട മാർക്കോടെ പാസ്സായി.

അപ്പോഴാണ് മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റ് തുറക്കുന്ന വിവരം അശ്വിൻ അറിയുന്നത്. വേറെ വരുമാനമാർഗ്ഗം ഇല്ലാതായതോടെ ഒരു ജോലി തരപ്പെടുത്താനുള്ള നെട്ടോട്ടമായിരുന്നു പിന്നിടങ്ങോട്ട്. മുഴുവൻ സമയ ജോലി ആഗ്രഹിച്ചെത്തിയ അശ്വിന് പിന്നീട് ഇവിടെ പാർടൈം ജോലിയും ലഭിച്ചു.

3

അങ്ങനെയിരിക്കെ, വീണ്ടും അശ്വിൻ്റെ ജീവിതത്തിൽ സങ്കടപ്പെരുമഴ ആർത്തലച്ചെത്തി. അശ്വിന് ഏക ആശ്രയമായിരുന്ന അമ്മൂമയും മരണപ്പെട്ടുവെന്ന വാർത്തയും വന്നു. അവന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു അമ്മൂമ്മയെയും നഷ്ടപ്പെടുന്നത്.

ജീവിതത്തിലൊരു ഒറ്റപ്പെടലുണ്ടാകുമെന്ന സംഗതി അവനറിയുന്നത് ഇവിടെ നിന്നാണ്. ആരോരുമില്ലാത്ത ഏകാന്തപഥികനായി അശ്വിൻ പിന്നീട് ജീവിതം തള്ളീനീക്കി. ഇതിനിടയിൽ പ്ലസ് വണ്ണും പ്ലസ് ടുവും പാസ്സായി. പ്ലസ് ടു കഴിഞ്ഞതോടെ മാജിക് പ്ലാനറ്റിൽ സ്ഥിരവരുമാനത്തിന് ഒരു ജോലിക്കായി ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് ഐടി കമ്പനിയായ ടെക്നോപാർക്കിൽ ഒരു ജോലി ലഭിച്ചു. അമ്മൂമ്മയും മരിച്ചതോടെ ജീവിക്കാൻ സൗകര്യമില്ലാതെയായ അശ്വിൻ്റെ പിന്നീടുള്ള ഊണും ഉറക്കവുമെല്ലാം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായി.

അവിടെയും അവൻ ഒറ്റപ്പെടലിൻ്റെ വേദനയറിഞ്ഞു. ഓഫീസിൽ പോലും ആരും അവനോട് മാന്യമായി സ്നേഹത്തോടെ പെരുമാറാൻ തയ്യാറാകുമായിരുന്നില്ല. ജോലിക്ക് കയറിയ ശേഷമുള്ള ആദ്യത്തെ മൂന്നുമാസം അശ്വിന് ശമ്പളവും ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും കയ്യിൽ കാൽക്കാശില്ല.

4

ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ ബിയര്‍ കുപ്പി പെറുക്കി വിറ്റ് കാശാക്കി ചിലവുകള്‍ നടത്തി. കാശ് കിട്ടി തുടങ്ങിയപ്പോള്‍ ഒരു ഹോസ്റ്റലില്‍ താമസസൗകര്യം ഒരുങ്ങി. എന്നാല്‍, മയക്കുമരുന്നിനടിമയായ ഹോസ്റ്റലിലെ ചില സുഹൃത്തുക്കള്‍ അശ്വിന്റെ ശരീരത്തില്‍ മയക്കുമരുന്നു കുത്തിവച്ച് ലൈംഗിക അതിക്രമം നടത്തി.

എങ്ങനെയെല്ലാം മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ കഴിയുമോ അങ്ങനെയെല്ലാമുള്ള പീഡനങ്ങൾ അവിടെ നിന്നും ഉണ്ടായി. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണി കൊണ്ട് ആരോടും ഇതുവരെയും പറഞ്ഞില്ല.ഇതോടെ അവൻ ടെക്നോപാർക്കിലെ ജോലിയും മതിയാക്കി.

പിന്നീട് ഒരു സുപ്രഭാതത്തിൽ 2016ഓടെ മാജിക് പ്ലാനറ്റിൽ സ്ഥിരവരുമാനത്തിന് ജോലി ലഭിച്ചു. അമ്മയെ കണ്ടു പിടിക്കണമെന്ന ആഗ്രഹം അപ്പോഴും അശ്വിൻ്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ അതിനുള്ള തിരച്ചില്‍ തുടങ്ങി. ഒരുപാട് സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ അമ്മയെ കണ്ടെത്തി.അനാഥാലയത്തിലായിരുന്ന അമ്മ പക്ഷേ, മകനെ തിരിച്ചറിഞ്ഞില്ല.

5

അശ്വിനൊപ്പം അമ്മയെ കൂട്ടാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാതായതോടെ അമ്മയെ ചേർത്തുപിടിച്ച് കരഞ്ഞുകൊണ്ട് അവൻ്റെ വിഷമം ഉള്ളിലടക്കിപ്പിടിച്ച് അവിടെ നിന്ന് മടങ്ങിപ്പോയി. ''അനാഥാലയത്തിൽ ഇടയ്ക്കിടെ പോയി അമ്മയെ കാണും.ജീവിത സാഹചര്യം മെച്ചപ്പെട്ട് സ്വന്തം വീടൊരുങ്ങിയാൽ അമ്മയെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവരും.''

ഒരു സിനിമാകഥ പോലെ അശ്വിൻ ഇത് പറഞ്ഞുതീർത്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളെയും അത് ഈറണിയിച്ചു. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത് അതിനൊപ്പം തൻ്റെ കഴിവുകൾക്ക് കൂടി മുൻതുക്കം നൽകിയ അശ്വിൻ കേരള ജനതയ്ക്ക് തന്നെ മാതൃകയാണെന്ന് നിസ്സംശയം പറയാം.

ഒരു പക്ഷേ, പലയാവർത്തിയിലും ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയ നിമിഷങ്ങളെയെല്ലാം കടത്തിവെട്ടിയുള്ള ജീവിതത്തിലേക്ക് തിരികെയുള്ള അശ്വിൻ്റെ പ്രയാണം ഇത്തരത്തിലുള്ള യാതനകൾ അനുഭവിക്കുന്ന നിരവധി പേർക്ക് പ്രചോദനവും കരുത്തും മുതൽക്കൂട്ടുമാണ്.

ഇത്രയും പ്രതിബന്ധങ്ങൾക്കുള്ളിൽ നിന്ന് പോലും അശ്വിൻ എത്ര ദീർഘവീക്ഷണത്തോടെയാണ് കാര്യങ്ങളെ അവലോകനം ചെയ്യുന്നതെന്ന് ചിലപ്പോൾ നമ്മൾ അവൻ്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ അമ്പരന്നു പോകും.തൻ്റെ ജീവിതകഥ പോലും പറഞ്ഞ് അവസാനിപ്പിച്ചത് 'പൗലോ കൊയ്‌ലോ'യുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു.

അതിൽ അവൻ പറഞ്ഞതിങ്ങനെ: '' ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് അതിന് വേണ്ടി അക്ഷീണം പരിശ്രമിക്കുകയാണെങ്കില്‍ അത് നേടിതരാന്‍ വേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ നമ്മുടെ കൂടെ ഉണ്ടാകും".അശ്വിൻ്റെ നേട്ടത്തെ നമ്മൾ മലയാളികല്ലാതെ മറ്റാരാണ് അഭിനന്ദിക്കേണ്ടത്. അവൻ ഇനിയും ഉയരങ്ങളുടെ കൊടുമുടികൾ കീഴടക്കാനാകട്ടെ...

അശ്വിന് ഞങ്ങളും നൽകുന്നു അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ!!!

Recommended Video

cmsvideo
Mohanlal's cooking video | Oneindia Malayalam

English summary
The following is not a fictional film, but the life story of a brilliant magician named 'Ashwin'. When he was sure that he would lose in life, Ashwin gradually crossed the threshold of his life by overcoming the illusions through the art of 'magic'. For a long time, Ashwin lived by collecting bottles and selling them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X