കേന്ദ്രത്തിന്റെ കൊവിഡ് പാക്കേജ് മല എലിയെ പ്രസവിച്ച പോലെ, കിറ്റോ പണമോ നൽകണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച പുതിയ കൊവിഡ് പാക്കേജിനെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. അരി കൂടാതെ അവശ്യസാധനങ്ങൾ കേരളത്തിലെപ്പോലെ കിറ്റായി നൽകുകയോ അല്ലെങ്കിൽ സാധാരണക്കാർക്കു കാശ് നേരിട്ടു നൽകുകയോ വേണമെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസകിന്റെ പ്രതികരണം: രണ്ടാം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് മല എലിയെ പ്രസവിച്ചപോലെയായി. രണ്ടാം വ്യാപനം നാട്ടിലെ സാധാരണക്കാരെ ഒന്നാം വ്യാപനത്തേക്കാൾ തീക്ഷണമായിട്ടാണ് ബാധിച്ചതെന്ന് ഏവരും അംഗീകരിക്കും. ഒന്നാം വ്യാപനകാലത്ത് എല്ലാവരുടെയും കൈയ്യിൽ കുറച്ചെങ്കിലും സമ്പാദ്യമുണ്ടായിരുന്നു. എന്നാൽ ഒന്നാം വ്യാപനത്തിനുശേഷം എല്ലാവരുടെ പോക്കറ്റും കാലിയാണ്. വിലക്കയറ്റമാകട്ടെ റെക്കോർഡ് ഇട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട നടപടി ജനങ്ങൾക്കു സമാശ്വാസം നൽകലാണ്. അവരുടെ കൈയിൽ പണം എത്തിക്കലാണ്.

മുൻപു പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യധാന്യം വരും മാസങ്ങളിലും തുടരുമെന്നത് സമാശ്വാസമാണ്. പക്ഷെ അരി മാത്രം പോരല്ലോ. മറ്റ് അവശ്യസാധനങ്ങൾ കേരളത്തിലെപ്പോലെ കിറ്റായി നൽകുക. അല്ലെങ്കിൽ സാധാരണക്കാർക്കു കാശ് നേരിട്ടു നൽകുക. 6000 രൂപയാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനൊന്നും കേന്ദ്രസർക്കാർ തയ്യാറല്ല. ഞാൻ പറയുക, ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ വർഷത്തെ തൊഴിലുറപ്പിന്റെ കൂലി ഈ വർഷം അഡ്വാൻസായി കൊടുക്കുക. അടുത്തൊരു അഞ്ചു വർഷത്തെ കൂലിയിൽ നിന്ന് കുറേശ്ശെ വേണമെങ്കിൽ തിരിച്ചു പിടിക്കട്ടെ. എന്നാലും ഇപ്പോൾ ഈ പ്രതിസന്ധി ഘട്ടത്തിൽ പാവങ്ങളുടെ കൈയ്യിൽ പണം എത്തുമല്ലോ. അങ്ങനെയൊരു കരുണ കേന്ദ്രസർക്കാരിനില്ല. എന്തിന് തൊഴിലുറപ്പിന്റെ അടങ്കൽ വർദ്ധിപ്പിക്കാൻപോലും തയ്യാറായിട്ടില്ല.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പാ സഹായമാണ് ഈ പാക്കേജിലെ പ്രധാന ഇനം. ഇതുമുഴുവൻ ബാങ്കു വഴിയുള്ള വായ്പയാണ്. ആരോഗ്യ മേഖലയിലാണെങ്കിൽ വായ്പയുടെ പലിശ 7.95 ഉം മറ്റു മേഖലകളിൽ 8.25 ഉം ആണ്. 1.1 ലക്ഷം കോടി രൂപയുടെ വായ്പയ്ക്ക് കേന്ദ്രസർക്കാർ ഗ്യാരണ്ടിയുണ്ടാകും. ഗ്യാരണ്ടിയുടെ ശതമാനം എത്രയെന്നു വ്യക്തമല്ല. 50 ശതമാനമാണ് ഇപ്രകാരമുള്ള വായ്പയ്ക്കു പണ്ട് ഉണ്ടായിരുന്നത്. ടൂറിസം സെക്ടറിൽ സംരംഭകർക്ക് 10 ലക്ഷം രൂപ വീതവും ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരുലക്ഷം രൂപ വീതമുള്ള ധനസഹായവും വായ്പയാണ്. ചെറുകിട സംരംഭങ്ങൾക്ക് 1.25 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടും. ഇതും നന്ന്. പക്ഷെ പലിശ സബ്സിഡികൂടി വേണം.
പക്ഷെ, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഏറ്റവും വലിയ പ്രശ്നം കോവിഡ് തുടങ്ങുമ്പോൾ തിരിച്ചടവ് കുടിശികയായവരുടെ കാര്യമാണ്. അവർക്കുള്ള പദ്ധതിയൊന്നും എങ്ങുമെത്തിയിട്ടില്ല. ലക്ഷക്കണക്കിനു വരുന്ന ഈ സ്ഥാപനങ്ങൾ എന്നന്നേയ്ക്കുമായി അടഞ്ഞുപോകുന്ന ദുർവിധിയാണുള്ളത്. കോവിഡു കാലത്ത് മൊറട്ടോറിയം നീട്ടിനൽകുകയാണു വേണ്ടത്. പുതിയ വായ്പ കിട്ടിയിട്ട് എന്തുകാര്യം? ലോക്ഡൗൺ കാലത്ത് ഇടപാടുകളൊക്കെ നിശ്ചലമായിരിക്കുമ്പോൾ എങ്ങനെയാണു പണം തിരിച്ചടയ്ക്കുക?
Recommended Video
കേന്ദ്രസർക്കാർ അടിയന്തരമായി ചെയ്യേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുകയാണ്. അതുവഴി വിലക്കയറ്റത്തിനു കടിഞ്ഞാണിടാം. എന്നാൽ ഈ പ്രതിസന്ധികാലത്തും ലക്ഷക്കണക്കിനു കോടി രൂപയുടെ കൊള്ളയടി തുടരാനാണു തീരുമാനം. എന്നിട്ടു ബാങ്കുവഴി വായ്പ നൽകുക. അതിനു പലിശ ചെലവുപോലും സർക്കാരിന്റെ ഖജനാവിൽ നിന്നും ഇല്ല. ഇത്തരം തട്ടിപ്പുവിദ്യകളിലൂടെ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നൽകാനാവില്ല.












Click it and Unblock the Notifications