• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ശരാശരി ആഴം വച്ചല്ല ആളുകൾ മുങ്ങിച്ചാകുന്നത്';കൽക്കരി പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ ഐസക്

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ.രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് അടുത്ത 24 ദിവസത്തേക്ക് വേണ്ട കൽക്കരി കൈയ്യിലുണ്ടെന്നാണ് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 3 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ചും കൽക്കരി പ്രതിസന്ധി കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനത്തെ വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. നോട്ടു നിരോധനം, ജി.എസ്.ടിയുടെ നടത്തിപ്പ്, കോർപ്പറേറ്റുകൾക്കുള്ള നികുതി ഇളവുകൾ, കാർഷിക നിയമഭേദഗതികൾ തുടങ്ങി മോഡി സർക്കാർ ഒന്നിനു പുറകേ ഒന്നായി സ്വീകരിച്ചുവരുന്ന സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇന്നത്തെ കൽക്കരി പ്രതിസന്ധിയിലും പ്രതിഫലിക്കുന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

1

നദിയുടെ ശരാശരി ആഴം 4 അടിയേയുള്ളൂ. അതുകൊണ്ടു പേടിക്കാനൊന്നുമില്ല എന്നുപറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ? ശരാശരി ആഴം വച്ചല്ല ആളുകൾ മുങ്ങിച്ചാകുന്നത്. എവിടെയെങ്കിലും 6 അടി താഴ്ചയുള്ള കുഴിയുണ്ടെങ്കിൽ അതാണു വിനയാവുക.
ഇതാണു കേന്ദ്രകൽക്കരി മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോൾ മനസ്സിൽ തോന്നിയത്. അദ്ദേഹം പറയുന്നതു പേടിക്കാനൊന്നുമില്ല. ഇന്ത്യയിലെ 155 കൽക്കരി നിലയങ്ങളിൽ ശരാശരി 3 ദിവസത്തേയ്ക്കുള്ള കൽക്കരിയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
അദ്ദേഹം നുണയൊന്നും പറയുന്നില്ല. പക്ഷെ, ഇന്നത്തെ പത്രത്തിൽ ഓരോ നിലയത്തിലെയും കൽക്കരി സ്റ്റോക്കിന്റെ കണക്കുണ്ട്.

2

15 നിലയങ്ങളിൽ സ്റ്റോക്കേ ഇല്ല. 27 നിലയങ്ങളിൽ 1 ദിവസത്തെ ശേഖരമേയുള്ളൂ. 20 നിലയങ്ങളിൽ 2 ദിവസത്തേതും, 21 നിലയങ്ങളിൽ 3 ദിവസത്തെയും. ചട്ടപ്രകാരം വേണ്ടത് 3 ആഴ്ചത്തെ സ്റ്റോക്കാണ്. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരേന്ത്യയിലെ കൽക്കരി നിലയങ്ങളിൽ ശരാശരി 17 ദിവസത്തേയ്ക്കുള്ള കൽക്കരി ശേഖരം ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ 3 ദിവസത്തേയ്ക്കായി കുറഞ്ഞിരിക്കുന്നത്.
എത്ര ലാഘവബുദ്ധിയോടെയാണ് കൽക്കരി പ്രശ്നം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നത് മന്ത്രിയുടെ പ്രസ്താവന സാക്ഷ്യപത്രമാണ്. ലോകത്ത് ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൽക്കരി ശേഖരമുള്ളത് ഇന്ത്യയിലാണ്. അതുകൊണ്ട് കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്ന് ഒന്നോ രണ്ടോ മാസം മുമ്പ് തീരുമാനിച്ചാൽ നടപ്പാക്കുന്നതിന് ഒരു പ്രയാസവുമില്ല.

3

കോവിഡുമൂലം വൈദ്യുതി ഉൽപ്പാദനം കുറഞ്ഞു. കൽക്കരിയുടെ ആവശ്യവും കുറഞ്ഞു. എന്നാൽ കോവിഡ് കഴിയുമ്പോൾ ഡിമാന്റ് കൂടുമെന്ന് ആർക്കാണ് അറിയാത്തത്? കേന്ദ്രസർക്കാരാണെങ്കിൽ V രേഖ വീണ്ടെടുപ്പിനെക്കുറിച്ചൊക്കെ വീമ്പിളക്കിക്കൊണ്ടിരിക്കുകയല്ലേ.
ജൂലൈ മാസത്തിൽ തന്നെ കോവിഡിനു മുമ്പുള്ള കാലത്തേക്കാൾ വൈദ്യുതി ഡിമാന്റ് 205 ലക്ഷം മെഗാവാട്ടായി ഉയർന്നു. കൽക്കരിയുടെ ഡിമാന്റ് കൂടുമെന്നതിനെക്കുറിച്ച് എന്താണു സംശയം? എന്നിട്ടും ഖനനം ഊർജ്ജിതപ്പെടുത്താൻ നടപടി സ്വീകരിച്ചില്ല. മഴയെയാണു പഴി പറയുന്നത്. ആദ്യമായല്ല മൺസൂൺ കാലത്തു മഴ പെയ്യുന്നത്.
യഥാർത്ഥ പ്രശ്നം ആരും ശ്രദ്ധിച്ചില്ലായെന്നുള്ളതാണ്.

4

കൽക്കരിയുമായി ബന്ധപ്പെട്ട് വൈദ്യുതി - റെയിൽവേ - കൽക്കരി മന്ത്രാലയം ഇവ ചേർന്നുള്ള ഹൈപവർ കമ്മിറ്റിയുണ്ട്. ഇതിന്റെ യോഗം ഈ കാലയളവിൽ ചേർന്നിട്ടേയില്ല. നടപ്പുവർഷത്തിൽ 73 കോടി ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ആറുമാസംകൊണ്ട് 23 കോടി ടണ്ണാണ് ഉൽപ്പാദിപ്പിച്ചത്. നാട്ടിലെ കൽക്കരി ഉൽപ്പാദനം അതേപടി തുടർന്നു. ഇറക്കുമതിയും കുറച്ചു. അന്തർദേശീയ മാർക്കറ്റിൽ കൽക്കരി, എണ്ണ തുടങ്ങിയ ഊർജ്ജവസ്തുക്കൾക്കൊക്കെ വില ഉയർന്നതാണു കാരണം. എണ്ണയ്ക്കു വില കൂടിയതുകൊണ്ട് ഇറക്കുമതി കുറച്ചില്ലല്ലോ. പിന്നെ എന്തേ കൽക്കരിയോടു മാത്രം ഇങ്ങനെയൊരു സമീപനം?

cmsvideo
  Power crisis in India; CMs write letter to Centre
  5

  പവർക്കട്ട് ഏർപ്പെടുത്തേണ്ടി വന്നാൽ രാജ്യത്തുണ്ടാകുന്ന ദേശീയ വരുമാന നഷ്ടം കണക്കാക്കിയിരുന്നെങ്കിൽ ഇങ്ങനെയൊരു ഉദാസീന സമീപനം കൈക്കൊള്ളില്ലായിരുന്നു. കോവിഡാനന്തര സാമ്പത്തിക വീണ്ടെടുപ്പിനെ തുരങ്കം വയ്ക്കുന്ന ഒരു നടപടിയായി ഇതു മാറിയിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യയിലെ വൈദ്യുതി വില ഉയരുന്നതു വിലക്കയറ്റത്തിനും ആക്കംകൂട്ടും.നോട്ടു നിരോധനം, ജി.എസ്.ടിയുടെ നടത്തിപ്പ്, കോർപ്പറേറ്റുകൾക്കുള്ള നികുതി ഇളവുകൾ, കാർഷിക നിയമഭേദഗതികൾ തുടങ്ങി മോഡി സർക്കാർ ഒന്നിനു പുറകേ ഒന്നായി സ്വീകരിച്ചുവരുന്ന സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇന്നത്തെ കൽക്കരി പ്രതിസന്ധിയിലും പ്രതിഫലിക്കുന്നത്.

  കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

  English summary
  Thomas isaac slams central government over coal crisis in india
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X