വിടി ബൽറാമും ശബരീനാഥും പടിക്ക് പുറത്ത്; ഡിസിസി അധ്യക്ഷ പദവിയ്ക്ക് പുതിയ ഫോർമുല..സാധ്യത പട്ടിക
തിരുവനന്തപുരം; പുതിയ ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകൾ കെപിസിസി ആസ്ഥാനത്ത് സജീവമായിരിക്കുകയാണ്. അവസാന ഘട്ട ചർച്ച പൂർത്തിയാക്കി ഇനല്ലെ കെപിസിസി അധ്യക്ഷൻ ദില്ലിക്ക് തിരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ചർച്ചയിൽ സമയവായമാകാതായതോടെ ദില്ലി യാത്ര സുധാകരന് മാറ്റിവെച്ചുവെന്നാണ് റിപ്പോർട്ട്. അതിനിടെ ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച് പുതിയ ഫോർമുല നടപ്പാക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

കഴിഞ്ഞ ദിവസം ഗ്രൂപ്പ് നേതാക്കൾ അടക്കമുള്ള മുതിർന്ന നേതാക്കളുമായി കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. നേരത്തേ രാഷ്ട്രീയ കാര്യ സമിതിയിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇത് കൂടാത എംഎൽഎമാരുമായും എംപിമാരുമായും പ്രത്യേകം കണ്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുതിർന്ന നേതാക്കളെ കണ്ടത്.

ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റുമാരെ എല്ലാവരേയും മാറ്റാനാണ് നേതൃത്വത്തിന്റെ തിരുമാനം. അധ്യക്ഷൻമാരുടെ കാര്യത്തിൽ ഗ്രൂപ്പ് താത്പര്യങ്ങളല്ല മറിച്ച് നേതാക്കളുടെ കാര്യശേഷി മാത്രമാകും പരിഗണിക്കുകയെന്നായിരുന്നു കെ സുധാകരൻ വ്യക്തമാക്കിയത്. ഹൈക്കമാന്റും ഇതേ നിലപാടാണ് മുന്നോട്ട് വെച്ചത്. എന്നാൽ അവസാന ഘട്ട ചർച്ചയിലേക്ക് കടന്നതോടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് ഗ്രൂപ്പുകൾ പിടിമുറുക്കുന്നതാണ് കാഴ്ച. തങ്ങളുടെ നോമിനികളുടെ പട്ടികയാണ് എ,ഐ ഗ്രൂപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് ഐ ഗ്രൂപ്പിന് 9 ജില്ലകളും എ ഗ്രൂപ്പിന് 5 ജില്ലകളുമാണ് ഉള്ളത്. ഇത്തവണയും ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ച് ഇതേ നിലയിൽ തന്നെ വീതം വെയ്പ്പിനാണ് നേതാക്കൾ ചരടുവലിക്കുന്നത്. ഇത് പ്രകരാം 9 ജില്ലകളിലേയും അധ്യക്ഷൻമാരെ സംബന്ധിച്ചുള്ള പട്ടിക മുതിർന്ന നേതാവ് രമേശ് ചെന്നിത്തല കൈമാറും. കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഐ ഗ്രൂപ്പ് ഭരിക്കുന്നത്.

അതേസമയം ഐ ഗ്രൂപ്പ് നേതാവായ കെ സുധാകരൻ കണ്ണൂരിനായി പിടിവലി നടത്തിയേക്കുമെന്നാണ് സൂചന. നിലവിലെ അധ്യക്ഷനായ സതീശൻ പാച്ചേനിയെ മാറ്റിയാൽ തന്റെ വിശ്വസ്തനെ തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ കെ സുധാകരന് നടത്തുന്നുണ്ട്. ഒപ്പം കെസി വേണുഗോപാലും കണ്ണൂരിനായി രംഗത്തെുണ്ട്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും കെസി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കൂടാതെ എറണാകുളത്ത് വിഡി സതീശനും പിടിമുറുക്കുന്നുണ്ട്. ഇതിനോടകം തന്നെ ചില പേരുകളും സതീശൻ നിർദ്ദേശിച്ചതായുള്ള സൂചനകൾ ഉണ്ട്. അതേസമയം ഇത്തരത്തിൽ ചർച്ച പുരോഗമിച്ചാൽ ഐ ഗ്രൂപ്പിന് കനത്ത നഷ്ടം സംഭവിച്ചേക്കും. ഇത് മറികടക്കാനായി എ ഗ്രൂപ്പുകളുടെ സീറ്റിനായി അവകാശവാദം ഉയർത്തിയാൽ നിയമനം കൂടുതൽ സങ്കീർണമാകും.

അഞ്ച് ജില്ലകൾ കൈയ്യിലുള്ള എ ഗ്രൂപ്പ് ഇത്തവണ കൂടുതൽ ജില്ലകൾ കൈപ്പിടിയിൽ ആക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പത്തനംത്തിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോഡ് ഡിസിസികളാണ് എ ഗ്രൂപ്പിന് ഉള്ളത്. ഇവിടങ്ങളിലെ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള സാധ്യത പട്ടിക എ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണ നാല് ജില്ലകളിൽ കൂടി തങ്ങളുടെ നോമിനികളെ നൽകാനാണ് എ ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്. ഇത് കെപിസിസി നേതൃത്വത്തിന് കടുത്ത തലവേദനയാകുമെന്ന കാര്യത്തിൽ തർക്കമില്ല.

അതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന നിർദ്ദേശമാണ് ഇപ്പോൾ ഉയരുന്നത്. നേരത്തേ ഇക്കാര്യങ്ങൾ മാനദണ്ഡമാക്കില്ലെന്നായിരുന്നു ചർച്ചകൾ. എന്നാൽ ഹൈക്കമാന്റ് ഇത് സംബന്ധിച്ച് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇതോടെ
യുവനേതാക്കളായ വിടി ബൽറാം, കെ എസ് ശബരീനാഥൻ എന്നിവരെല്ലാം തഴയപ്പെട്ടേക്കും. നേരത്തേ ബൽറാമിനെ പാലക്കാടേക്കും ശബരീനാഥനെ തിരുവനന്തപുരത്തേക്കും പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ മത്സരിച്ച നിയമസഭ മണ്ഡലങ്ങളിൽ തന്നെ ശക്തമായ പ്രവർത്തിക്കാണ് പരാജയപ്പെട്ടവരോടുള്ള ഹൈക്കമാന്റ് നിർദ്ദേശം. മണ്ഡലത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചാൽ മാത്രമേ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിക്കൂവെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പുതിയ നിർദ്ദേശത്തോടെ ആരൊക്കെയാകും പട്ടികയിൽ ഉൾപ്പെടുകയെന്ന ആകാംഷയും ശക്തമായി.

തിരുവനന്തപുരത്ത് മുൻ മന്ത്രി വി എസ് ശിവകുമാർ, പാലോട് രവി, ടി ശരത്‌ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. കൊല്ലത്ത് 3 പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഷാനവാസ് ഖാൻ, എ എം നസീർ എന്നിവർക്കാണ് പ്രഥമ പരിഗണന. പത്തനംതിട്ടയിൽ അനീഷ് വരിക്കണ്ണാമല, സതീഷ് കൊച്ചുപറമ്പിൽ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

ആലപ്പുഴയിൽ ബാബുപ്രസാദ്, കോശി എം കോശി എന്നിവരുമാണ് സാധ്യതാ പട്ടികയിൽ ഉള്ളത്. നേരത്തേ വനിതാ പ്രാതിനിധ്യം എന്ന നിലയിൽ ഷാനിമോൾ ഉസ്മാന്റെ പേര് പരിഗണിക്കുന്നതായി ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ പരിഗണന ലഭിച്ചേക്കില്ല. ഇത്തവണ അരൂർ മണ്ഡലത്തിൽ നിന്നായിരുന്നു ഷാനിമോൾ പരാജയം രുചിച്ചത്.

എറണാകുളത്ത് മുഹമ്മദ് ഷിയാസിന്റെ പേരാണ് വിഡി സതീശൻ നിർദ്ദേശിച്ചത്. ഐ ഗ്രൂപ്പിന്റെ സീറ്റാണ് എറണാകുളം. എന്നാൽ മാറിയ ഗ്രൂപ്പ് സമവാക്യത്തിൽ ചെന്നിത്തല പക്ഷം ഇത് അംഗീകരിക്കുമോയെന്ന് കണ്ടറിയേണ്ടി വരും. തൃശൂരിൽ ടി വി ചന്ദ്രമോഹനന്റെ പേരിനാണ് മുൻതൂക്കം. പദ്മജയുടെ പേരും നേരത്തേ ചർച്ചയായിരുന്നു. എന്നാൽ ജില്ലയിൽ അവർക്ക് പിന്തുണയില്ല. മാത്രമല്ല കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെടുകയും ചെയ്തിരുന്നു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. കണ്ണൂര് മാർട്ടിനാണ് മേൽക്കൈ. ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിൽ പട്ടിക തർക്കത്തിലാണെന്നാണ് റിപ്പോർട്ട്.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു












Click it and Unblock the Notifications