Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം പൊതു ഇടങ്ങളില്‍ തള്ളുന്നവരെ പൂട്ടും: കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ 'മാലിന്യമുക്തം നവകേരളം' ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണം പൗരധർമമായി ഏറ്റെടുക്കുന്ന സംസ്‌കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മാലിന്യമുക്തം നവകേരളം' ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വകുപ്പു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാലിന്യ സംസ്‌കരണത്തിൽ പുലർത്തേണ്ട ശ്രദ്ധയും പ്രാധാന്യവും കാണിക്കുന്ന ചൂണ്ടുപലകയാണു ബ്രഹ്‌മപുരത്തുണ്ടായ സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യം ഉറവിടത്തിൽ തരംതിരിക്കാതെ കൂട്ടിക്കലർത്തി നിക്ഷേപിച്ചതാണു ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ കാരണം. ഒരുസ്ഥലത്തും ഇത് ആവർത്തിക്കാൻ പാടില്ല. ഉറവിടത്തിൽത്തന്നെ ജൈവമാലിന്യവും അജൈവ മാലിന്യവും വേർതിരിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കപ്പെടണം.

 pinarayi-vijayan

ഇതിനു സൗകര്യമില്ലാത്തവർക്കായി പൊതുസംവിധാനം ഒരുക്കണം. അജൈവമാലിന്യം യൂസർഫീ നൽകി ഹരിതകർമ സേനയ്ക്കു കൈമാറണം. മുഴുവൻ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇവ ശേഖരിക്കുന്നതിനു ഹരിതകർമസേനയെ നിയോഗിക്കണം. സർക്കാർ അംഗീകരിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള കലണ്ടർ അനുസരിച്ച് അജൈവമാലിന്യങ്ങൾ കൈമാറുന്നുവെന്നും ഹരിതകർമസേന അതു ശേഖരിക്കുന്നുവെന്നും ഉറപ്പാക്കണം.

'ഹരിതമിത്രം' ആപ്പ് ഇതിനായി ഉപയോഗിക്കണം. 400 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്പ് ഉപയോഗിച്ച് മാലിന്യ ശേഖരണവും സംസ്‌കരണവും നടക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും 'ഹരിതമിത്രം' ഉപയോഗിച്ച് മാലിന്യ ശേഖരണം നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുന്ന ജൂൺ അഞ്ചിനു മുൻപ് 100 ശതമാനം മാലിന്യവും ഉറവിടത്തിൽത്തന്നെ തരംതിരിക്കാൻ കഴിയണം. 100 ശതമാനം അജൈവ മാലിന്യത്തിന്റെയും വാതിൽപ്പടി ശേഖരണം നടത്തണം. ജൈവമാലിന്യം ഉറവിടത്തിലോ സാമൂഹ്യതല സംവിധാനത്തിലോ പൂർണമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കണം. പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള മാലിന്യം സമ്പൂർണമായി നീക്കംചെയ്യണം.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തൊഴിലാളി സംഘടനകൾ, സർവീസ് സംഘടനകൾ, സന്നദ്ധ - സാംസ്‌കാരിക സംഘടനകൾ, യുവജന സംഘടനകൾ, വിദ്യാർഥി സംഘടനകൾ, കർഷകത്തൊഴിലാളി സംഘടനകൾ, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി എല്ലാ തലങ്ങളിലും ഇതിനായി ജനങ്ങളെ സംഘടിപ്പിക്കണം. ഓരോ വാർഡിലെയും നിശ്ചിത പ്രദേശങ്ങളുടെ ചുമതലകൊടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം. പൊതു ഇടങ്ങൾ വൃത്തിയാക്കണം.

ഇത് വിജയകരമായ നടപ്പാക്കി ജൂൺ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വലിച്ചെറിയൽ മുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ച് ഹരിത സഭകൾ സംഘടിപ്പിക്കണം. ഈ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് ജനകീയ പരിശോധനയ്ക്കു സമർപ്പിക്കണം. ഒന്നുരണ്ട് ആഴ്ചകൾക്കുള്ളിൽത്തന്നെ അതുവരെ നടന്ന പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റ് നടത്താൻ കഴിയണം. ഈ ജനകീയ പരിശോധനയിൽ കണ്ടെത്തുന്ന കുറവുകൾ പരിഹരിക്കാനുള്ള നടപടികൾ തുടർന്നുള്ള മാസങ്ങളിൽ നടക്കണം.

2024 മാർച്ച് 30നുള്ളിൽ പൂർണമായും ഡിജിറ്റൽ ട്രാക്കിങ് സംവിധാനത്തോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണം. നിലവിലുള്ള വലുതും ചെറുതുമായ എല്ലാ മാലിന്യക്കൂനകളും വൃത്തിയാക്കി മാലിന്യമുക്തം എന്ന പ്രഖ്യാപനം നടത്തണം. ഈ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് എല്ലാ വകുപ്പുകളും പിന്തുണയും സഹായവും നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്.

എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മാതൃകയാകണം. മുഴുവൻ ഓഫിസുകളും മാലിന്യമുക്തമായ ഹരിത ഓഫിസുകളാക്കി മാറ്റാൻ വകുപ്പ് മേധാവികൾ മുതൽ ഉദ്യോഗസ്ഥർവരെ ശ്രദ്ധിക്കണം. സ്ഥാപനങ്ങളുടെ സംസ്ഥാനതലം മുതൽ സൂക്ഷ്മതലം വരെയുള്ള ഓഫീസ് സംവിധാനം മാലന്യമുക്തമാക്കണം. വകുപ്പിന്റെ സേവനത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്വാഭാവിക ചുമതലകളും ഇതിനൊപ്പം നിർവഹിക്കണം.

പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യൂ വകുപ്പ്, ഫയർ ആൻഡ് റസ്ക്യൂ, ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയവർക്ക് നിയമപരമായ ഇടപെടലുകളിലൂടെ മാലിന്യ സംസ്‌കരണം ഉറപ്പാക്കാൻ കഴിയണം. മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പ്, കുടംബശ്രീ, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, കായിക, സാംസ്‌കാരിക, വനിതാ ശിശുവികസന, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പുകൾ ബോധവത്കരണം നടത്തണം. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ നിർമാർജനത്തിനുവേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ഈ ക്യാംപെയിനിന്റെ ഭാഗമാകാൻ കഴിയുന്ന രീതിയിൽ പൊതുമരാമത്ത്, ടൂറിസം, ദേവസ്വം, പട്ടികജാതി പട്ടികവർഗ, തൊഴിൽ, വൈദ്യുതി, ആസൂത്രണ വകുപ്പുകൾ പ്രവർത്തിക്കണം.

വ്യവസായ, എക്സൈസ്, മൃഗസംരക്ഷണ, കൃഷി, ഗതാഗതം, സാമൂഹ്യനീതി വകുപ്പുകൾ വലിയതോതിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണം. ഒരു വകുപ്പിനും ഇതിൽനിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല. എല്ലാ വകുപ്പുകളും അവരുടേതായ പങ്കു വഹിക്കണം. മേയ് 15നു മുൻപ് എല്ലാ ഓഫീസുകളും ഹരിതചട്ടം അനുസരിച്ചു പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഇതിനായി ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും അധികാര പരിധിയിൽ വരുന്ന മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടേയും ചുമതലക്കാരെ വിളിച്ചുചേർക്കണം. എല്ലാ സ്ഥാപന മേധാവികളും ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ മാർഗനിർദേശങ്ങൾ പാലിക്കണം. മാലിന്യ സംസ്‌കരണ മേഖലയിലെ തൊഴിൽ സംരംഭക, തൊഴിലവസര സാധ്യതകളും പരിശോധിക്കപ്പെടണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ഇതിനൊപ്പം അടിയന്തര സ്വഭാവത്തോടെ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+