രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രം
ദില്ലി; 54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നടപടി. നേരത്തെ നിരോധിച്ചതും പിന്നീട് പുതിയ രൂപത്തിൽ തിരിച്ചെത്തിയ ആപ്പുകളാണ് ഇപ്പോൾ നിരോധിക്കപ്പെട്ടവയിൽ കൂടുതലുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ, സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, സെയിൽസ്ഫോഴ്‌സ് എന്റിനുള്ള കാംകാർഡ്, ഐസലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് സേവിയർ, ഓൺമിയോജി ചെസ്സ്, ഓൺമിയോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് എന്നിവയാണ് നിരോധിച്ച ആപ്പുകൾ. ഇവ ഇന്ത്യക്കാരുടെ വിവരങ്ങൾ ചൈനീസ് സെർവറിലേക്ക് കൈമാറ്റം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

2020 ജൂണിൽ ടിക്ക്‌ടോക്ക്, ഷെയറിറ്റ്,വീചാറ്റ്,ഹെലോ,ലൈക്കീ,യുസി ന്യൂസ്, ബിഗോ ലൈവ് യുസി ബ്രൗസർ,ഇ എസ് ഫൈൽ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ഏകദേശം224 ചൈനീസ് ആപ്പുകൾ സർക്കാർ ആദ്യ റൗണ്ടിൽ നിരോധിച്ചിരുന്നു.
ഇക്കൂട്ടത്തിൽ ചിലത് പുതിയ പേരിൽ വീണ്ടും തിരിച്ചെത്തിയിരുന്നു. പരിശോധനയിൽ തിരിച്ചറിഞ്ഞതോടെയാണ് ഇവ വീണ്ടും നിരോധിച്ചത്. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന് ശേഷമായിരുന്നു നടപടി. പ്ലേസ്റ്റോറിൽ നിന്നും ആപ്പുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.












Click it and Unblock the Notifications