മുഖ്യമന്ത്രി പ്രചാരണം നയിച്ചിട്ടില്ല; ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല- സിപിഎം
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ലീഡ് നിലയില്‍ വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തില്‍ നേരത്തെയുള്ള വാദങ്ങളെല്ലാം വിഴുങ്ങി സിപിഎം. ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ തോല്‍വി സമ്മതിക്കുന്ന തരത്തില്‍ പ്രതികരിച്ചെങ്കിലും മുഖ്യമന്ത്രി നയിച്ച തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്നും സിഎന്‍ മോഹനന്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം തന്നെയാണ്. ജനവിധി അംഗീകരിക്കുന്നു. കഴിഞ്ഞ ഒരു മാസമായി നടത്തിയ പ്രവര്‍ത്തനം വച്ച് ഇങ്ങനെ ഒരു ഫലമല്ല പ്രതീക്ഷിച്ചത്. സംസ്ഥാന-ദേശീയ രാഷ്്ട്രീയവും തൃക്കാക്കരയിലെ സാഹചര്യങ്ങളും ഞങ്ങള്‍ ജനങ്ങളുമായി സംവദിച്ചിരുന്നു. വിശദാംശങ്ങള്‍ പരിശോധിക്കും. മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. 4000 വോട്ടിന് ഇടതുപക്ഷ സ്ഥാനാര്‍ഥി ജോ ജോസഫ് ജയിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സിഎന്‍ മോഹനന്‍ പറഞ്ഞിരുന്നത്.
സ്ഥാനാര്‍ഥി വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. നയിച്ചത് ഞങ്ങളാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിപാടി ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടാണ് വച്ചത്. രാഷ്ട്രീയ പരിശോധനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ആണിത്. സംസ്ഥാനതല തിരഞ്ഞെടുപ്പല്ല. 99 സീറ്റുള്ള സര്‍ക്കാരാണ്. നൂറാക്കാന്‍ ശ്രമിച്ചു എന്നതും ശരിയാണ്. എന്നാല്‍ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിട്ടില്ല. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും ജനഹിതം ഞങ്ങള്‍ക്കെതിരായി. ഇക്കാര്യം പരിശോധിക്കും. ഇത്രയും വോട്ടിന് പരാജയപ്പെടുമെന്ന് ഊഹിക്കുക പോലും ചെയ്തിട്ടില്ലായിരുന്നുവെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.












Click it and Unblock the Notifications