നടിയുടെ കേസ് ഇത്രയും ചര്‍ച്ചയായ തിരഞ്ഞെടുപ്പ് ആദ്യം; പിടിയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം
കൊച്ചി: പിടി തോമസിന്റെ വിയോഗമാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. പിടിയുടെ ഭാര്യ ഉമ തോമസ് സ്ഥാനാര്‍ഥിയാകുമെന്ന് കോണ്‍ഗ്രസ് സംശയത്തിന് ഇട നല്‍കാത്ത വിധം തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചു. സഹതാപ തരംഗമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നായിരുന്നു വിമര്‍ശനം. പക്ഷേ, ഉമ വോട്ട് ചോദിച്ചത് പിടിയുടെ പേരിലായിരുന്നു. പിടിയുടെ നിലപാടുകള്‍ അവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വച്ചു. മാത്രമല്ല, പിടി തുടങ്ങിവച്ച പദ്ധതികളുടെ തുടര്‍ നടത്തിപ്പും അവര്‍ ഉയര്‍ത്തിക്കാട്ടി.
പരിസ്ഥിതി വിഷയത്തില്‍ കൂടെ നില്‍ക്കുന്നവര്‍ പോലും അവഗണിച്ച ഘട്ടത്തിലും പിടി തോമസിന്റെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് തൃക്കാക്കരക്കാര്‍. ഒറ്റയാനായി പോരാടിയിട്ടുണ്ട്, വിജയം വരിച്ചിട്ടുണ്ട്. ഉമ തോമസിന് അതെല്ലാമാകാണം ആത്മധൈര്യം നല്‍കിയത്. പിടിയുടെ വിജയമാണെന്ന് ഉമ തോമസ് പറയുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് നടി ആക്രമിക്കപ്പെട്ട കേസ്. പിടിയുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ 2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ആരുമറിയാതെ തേഞ്ഞുമാഞ്ഞു പോകുമായിരുന്നുവെന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്.

സംവിധായകന്റെ വീട്ടിലേക്കാണ് നടി സംഭവ ശേഷം ആദ്യമെത്തിയത്. പിന്നീടാണ് വിവരം പിടി തോമസ് അറിയുന്നത്. പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചത് പിടിയായിരുന്നു. കേസുമായി മുന്നോട്ട് പോകണമെന്ന് നടിക്ക് എപ്പോഴും ധൈര്യം പകര്‍ന്നവരില്‍ പ്രമുഖനും പിടിയായിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയായത് സ്വാഭാവികം. നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയായത് സംബന്ധിച്ച് സംവിധായകന്‍ ലാല്‍ വോട്ടെടുപ്പ് ദിനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ സമാനമായ ചോദ്യത്തിന് നടി ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടോ എന്നായിരുന്നു നടന്‍ സിദ്ധിഖിന്റെ മറുചോദ്യം.
അന്വേഷണത്തെ സംഘത്തലവനെ മാറ്റിയതും നടപടികള്‍ മന്ദഗതിയിലായതും നടിയുടെ പുതിയ ഹര്‍ജിക്ക് കാരണമായിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപത്തിന് ഇടയാക്കിയ ഘട്ടത്തിലായിരുന്നു നടിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതലയേറ്റെടുത്ത ശേഷം അട്ടിമറി ശ്രമം നടക്കുന്നുവെന്ന് യുഡിഎഫ് ക്യാമ്പ് പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിന് തിടുക്കത്തില്‍ എല്‍ഡിഎഫ് ഇടപെട്ടു. നടിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ആവര്‍ത്തിച്ചു. അന്വേഷണം വേഗം അവസാനിപ്പിക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. കോടതിയിലും സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചു. കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവച്ചു, വീടുകള്‍ കയറി കെ റെയില്‍ സംബന്ധിച്ച് വിശദീകരണം നടത്തി. മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം നടത്തി, മന്ത്രിമാരും മുതിര്‍ന്ന സിപിഎം നേതാക്കളും പ്രചാരണത്തിന് എത്തി.
100 സീറ്റ് തികയ്ക്കുമെന്ന പ്രഖ്യാപനം ഇടതുക്യാമ്പില്‍ നിന്ന് ഉയരുകയും ചെയ്തു. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി തന്നെ പറഞ്ഞപ്പോള്‍ ആത്മവിശ്വാസം അത്രയും വളര്‍ന്നുവെന്ന് വ്യക്തം. എന്നാല്‍ ഇടതുപക്ഷം നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും തൃക്കാക്കരക്കാര്‍ക്ക് പിടി തോമസ് എന്ന അവരുടെ ഇഷ്ട നേതാവിന്റെ നിലപാടുകള്‍ക്ക് പകരമായില്ല. ബെന്നി ബെഹന്നാനെയും പിടി തോമസിനെയും ജയിച്ചപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ആവേശത്തില്‍ തൃക്കാക്കരക്കാര്‍ ഉമ തോമസിനെ നെഞ്ചിലേറ്റി. 25000 കടന്ന് ഭൂരിപക്ഷം റെക്കോഡിടുകയും ചെയ്തു.












Click it and Unblock the Notifications