തൃക്കാക്കരയിൽ സിപിഎം സ്ഥാനാർത്ഥി ആര്? ജില്ലാ കമ്മറ്റി യോഗം ഇന്ന്; ബിജെപി സ്ഥാനാർഥിയും പിന്നാലെ
കൊച്ചി: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിലേക്കുള്ള സി പി എം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മൂന്നു പേരുകളാണ് സി പി എം പരിഗണിക്കുന്നത്. കൊച്ചി മേയർ എം അനിൽകുമാർ, ജില്ല കമ്മിറ്റിയംഗം കെ എസ് അരുൺ കുമാർ, കൊളേജ് അധ്യാപിക കൊച്ചു റാണി ജോസഫ് എന്നിവരെയാണ് സി പി എം പരിഗണിക്കുക.
അതേസമയം, ഇന്നോ നാളെയോ ബി ജെ പിയും സ്ഥാനാർഥിയെ തീരുമാനിച്ചേക്കും. എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുളളവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ തീരുമാനിച്ച സാഹചര്യത്തിൽ ഇരു പാർട്ടികളിലും ശക്തമായ സ്ഥാനാർത്ഥി ചർച്ചകളാണ് നടക്കുന്നത്. തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഉമാ തോമസ് ആണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക. കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. മുൻ കെ എസ് യു നേതാവാണ് ഉമ. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രം ആണ് പരിഗണിച്ചത്.
എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കാൻ ഇടതുപക്ഷം ലക്ഷ്യമിടുകയാണ്. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്‌ലൈനാണ് സി പി എം പ്രചാരണത്തിന്റെ മുഖ്യ വാചകം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു.
തെരഞ്ഞെടുപ്പിലെ പ്രചരണങ്ങളിൽ സജീവമായി പ്രവർത്തിക്കണം എന്ന് നേതാക്കൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. യു ഡി എഫിന്റെ സിറ്റിങ് സീറ്റാണ് തൃക്കാക്കര. ഇത് തിരിച്ചു പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ ഡി എഫ് ജയിക്കേണ്ട മണ്ഡലമെന്ന തരത്തിലായിരിക്കണം പ്രചരണം നടക്കേണ്ടത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തൃക്കാക്കരയിൽ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ഉന്നത നേതാക്കളുമായി ഫോണിലൂടെയാണ് തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്തത്. സി പി എമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും എൽ ഡി എഫ് കൺവീനറും ആയ ഇ പി ജയരാജൻ ആണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രവർത്തനങ്ങളുടെ എല്ലാ ചുമതലകളും നൽകിയിരിക്കുന്നത്. ഇതിന് പുറമേ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
അതേസമയം, മെയ് 31 നാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിന് തന്നെ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കും എന്നാണ് വിവരം. ഈ മാസം 11 നാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പത്രിക പിൻവലിക്കാൻ അനുവദിക്കുക മെയ് 16 വരെ ആണ്. അധികാരം ലക്ഷ്യമിട്ട് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾ നേടിയ ആയിരുന്നു പി ടി തോമസ് ഇവിടെ വിജയിച്ചത്.












Click it and Unblock the Notifications