• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിന്തുണ എൽഡിഎഫിന്? കെവി തോമസ് ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങുമെന്ന് പിസി ചാക്കോ

 • By Desk
Google Oneindia Malayalam News

കൊച്ചി; കെവി തോമസ് എൽ ഡി എഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് എന്‌ സി പി അധ്യക്ഷൻ പി സി ചാക്കോ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ വി തോമസിന്റെ പിന്തുണ ആർക്കെന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ ഫേസ്ബുക്കിലൂടെയാണ് പിസി ചാക്കോയുടെ പ്രതികരണം. തൃക്കാക്കരയിൽ ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാകാത്ത സാഹചര്യമാണെന്നും പി സി ചാക്കോ ഫേസ്ബുക്കിൽ കുറിച്ചു.

'തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എൽ ഡി എഫിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയിൽ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് മേൽകൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം', എന്നായിരുന്നു പിസി ചാക്കോയുടെ പോസ്റ്റ്. അതേസമയം ഇടതുപക്ഷത്തിനൊപ്പമാണോ എന്ന കാര്യത്തിൽ കെ വി തോമസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസ് എൽ ഡി എഫുമായി തിരഞ്ഞെടുപ്പിൽ സഹകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കെ വി തോമസ് രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളോട് അഭിപ്രായം തേടാതെയാണ് ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതെന്നായിരുന്നു കെ വി തോമസിന്റെ വിമർശനം. സഹതാപമല്ല രാഷ്ട്രീയ പോരാട്ടമാണ് തൃക്കാക്കരയിൽ ആവശ്യം. ഇത്തരത്തിലാണോ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കേണ്ടതെന്ന് നേതൃത്വം ആലോചിക്കണമെന്നും തോമസ് വിമർശിച്ചിരുന്നു.

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് തന്നെയാണ് കെ വി തോമസ് ആവർത്തിക്കുന്നത്. യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമ തോമസുമായി തനിക്ക് ഏറ്റവും അടുത്ത ബന്ധമാണുള്ളതെന്നും എന്നാൽ രാഷ്ട്രീയവും വ്യക്തി ബന്ധവും രണ്ടാണെന്നും ഇന്ന് രാവിലെ കെ വി തോമസ് പ്രതികരിച്ചിരുന്നു. ഉമയെ നേരിട്ട് കാണാമെന്ന് പറഞ്ഞിട്ടുണ്ട്. അതിനർത്ഥം പ്രചരണത്തിനിറങ്ങും എന്നല്ലെന്നും സ്ഥാനാർഥി ചിത്രം തെളിഞ്ഞ ശേഷമായിരിക്കും ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കുകയെന്നും കെ വി തോമസ് ഇന്ന് പ്രതികരിച്ചു. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്നും കെ വി തോമസ് വ്യക്തമാക്കി.

അതേസമയം തൃക്കാക്കരയിൽ ആരാകും എൽ ഡി എഫ് സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. മുൻ ഡിവൈഎഫ്ഐ നേതാവ് കൂടിയായ അഡ്വ എസ് അരുൺകുമാറാകും സ്ഥാനാർത്ഥിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നേതൃത്വം അത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. നിലവിൽ അരുൺ കുമാർ , മുൻ ധനമന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക് തുടങ്ങിയവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് അരുൺ കുമാർ എന്നതാണ് അദ്ദേഹത്തിനുള്ള മുൻതൂക്കം. സംസ്ഥാനത്താകെ അറിയപ്പെടുന്ന മുതിർന്ന നേതാവെന്ന നിലയിലാണ് തോമസ് ഐസകിനെ പരിഗണിക്കുന്നത്. എന്തായാലും ഇന്ന് വൈകൂട്ട് ചേരുന്ന എൽ ഡി എഫ് യോഗത്തിന് ശേഷമാകും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

cmsvideo
  നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

  അതേസമയം പതിവിന് വിപരീതമായി സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം തന്നെ പൂർത്തിയാക്കിയ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് കഴിഞ്ഞു. മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് നേതൃത്വം. 100 തികയ്ക്കാമെന്ന എൽ ഡി എഫ് മോഹം നടത്തില്ലെന്നും 99 ൽ തന്നെ മുന്നണിയെ ഒതുക്കുമെന്നുമായിരുന്നു സ്ഥാനാർത്ഥിയായ ഉമ തോമസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

  English summary
  Thrikkakara; PC Chacko says KV Thomas will campaign for the LDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X