തൃക്കാകരയില്‍ ആര് നേടും; നിലനിർത്തിയാല്‍ യുഡിഎഫിന് ആശ്വാസം, പിടിച്ചെടുത്താല്‍ ഇടതിന് ആത്മവിശ്വാസം
കൊച്ചി: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ നിയമസഭ ഉപതിരഞ്ഞെടുപ്പിനായി തൃക്കാക്കര മണ്ഡലം ഒരുങ്ങുകയാണ്. സിറ്റിങ് എംഎല്‍എയായിരുന്ന പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികള്‍.
അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി ചർച്ചകള്‍ക്ക് പ്രധാനപ്പെട്ട മൂന്ന് മുന്നണികളും ഇതിനോടകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉദ്ദേശത്തോടെ കോണ്‍ഗ്രസാണ് ചർച്ചകളില്‍ തുടക്കത്തില്‍ ഏറെ മുന്നോട്ട് പോയിരുന്നത്.

2011 ല്‍ നിയമസഭാ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിഞ്ഞ മണ്ഡലാണ് തൃക്കാക്കര. ആദ്യ തവണ ബെന്നി ബഹനാനും 2011 ലും 2016 ലും പിടി തോമസും വിജയിച്ച് കയറിയതോടെ പല പരീക്ഷണങ്ങളും നടത്തിയ ഇടത് ക്യാമ്പ് മൂന്ന് തവണയും നിരാശപ്പെടുകയായിരുന്നു.

2016 ഉം 2021 ഉം ഇടതുമുന്നണിയെ സംബന്ധിച്ച് സംസ്ഥാന തലത്തില്‍ കാര്യങ്ങള്‍ ഏറേക്കുറെ അനുകൂലമായിരുന്നെങ്കിലും പിടി തോമസിന്റെ ജനപ്രീതിയായിരുന്നു തൃക്കാക്കരയിലെ യുഡിഎഫിന്റെ കരുത്ത്. പിടി തോമസിന്റെ അഭാവത്തില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പില്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതും ആ ജനപ്രീതിയുടെ അഭാവം തന്നെയാണ്.

അതുകൊണ്ട് തന്നെയാണ് സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ പിടി തോമസിന്റെ ഭാര്യയിലേക്ക് കോണ്‍ഗ്രസിന്റെ പേര് എത്തിയത്. കോണ്‍ഗ്രസിന്റെ ചർച്ചകളില്‍ മറ്റ് പല പേരുകളും ഉയർന്ന് വരുന്നുണ്ടെങ്കിലും ആദ്യ പേരുകാരി പിടി തോമസിന്റെ ഭാര്യ ഉമാ തോമസാണ്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കഴിഞ്ഞ ദിവസം തൃക്കാക്കരയിലെത്തി ഉമാ തോമസുമായി ചർച്ച നടത്തുകയും ചെയ്തു.

മറുവശത്ത് ഇടത് ക്യാമ്പിനെ സംബന്ധിച്ച് തൃക്കാക്കര പിടിച്ചെടുക്കല്‍ അത്ര എളുപ്പമുള്ള കാര്യമാവില്ല. എന്നിരുന്നാലും പിടി തോമസിന്റെ അഭാവത്തില്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇടതുക്യാമ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലംപിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അത് സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്നതിനാല്‍ സംസ്ഥാന നേതൃത്വം നേരിട്ട് തന്നെയാവും ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുക.

മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുമെന്നും അതിനൊത്ത കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്ര പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ക്ക് അപ്പുറം മണ്ഡലത്തിലെ ബി ജെ പിയുടെ സ്വാധീനം വളരെ കുറവാണെന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021 ല്‍ ബി ജെ പി നേടിയ ആകെ വോട്ടുകളും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷവും ഏറെക്കുറെ അടുത്ത് നില്‍ക്കുന്ന സംഖ്യകളായിരുന്നു.












Click it and Unblock the Notifications