ബസ്സില്‍ ശല്യം ചെയ്ത യുവാവ് കരാട്ടെക്കാരിയുടെ കരുത്തറിഞ്ഞു
തൃശൂര്‍: പൊതുസ്ഥലത്ത് വെച്ച് മോശമായി പെരുമാറിയ യുവാക്കളെ പെണ്‍കുട്ടികള്‍ തന്നെ കൈകാര്യം ചെയ്ത വാര്‍ത്ത കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്നെ ബസ്സില്‍വെച്ച് ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയും നാട്ടില്‍ താരമായിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രി തൃശൂര്‍ ചെന്ത്രാപ്പിന്നി റൂട്ടിലോടുന്ന ബസ്സിലായിരുന്നു സംഭവം. തൃപ്രയാറില്‍നിന്നു കരാട്ടെ പഠനവും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു കീര്‍ത്തി എന്ന പെണ്‍കുട്ടി. രാത്രിയായതോടെ ബസ്സില്‍ യാത്രക്കാരും കുറവായിരുന്നു. സ്ത്രീയായി കീര്‍ത്തി മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളു. ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ച ഇരുപത്തിനാലുകാരനായ പ്രവീണ്‍ ആണ് ഒടുവില്‍ നാണം കെട്ടത്.

യാത്രയുടെ തുടക്കം മുതല്‍ കീര്‍ത്തിയെ പ്രവീണ്‍ പലവിധത്തിലും ശല്യം ചെയ്തുകൊണ്ടിരുന്നു. അശ്ലീല ചുവയുള്ള കമന്റുകള്‍ പറഞ്ഞ് പ്രകോപിപ്പിക്കുകയും ചെയ്തു. മദ്യലഹരിയിലാണെന്നു കണ്ടതോടെ പ്രവീണിനെ മറ്റു യാത്രക്കാര്‍ ശാസിച്ചെങ്കിലും അയാള്‍ ശല്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതോടെ പെണ്‍കുട്ടി തന്റെ കൈക്കരുത്ത് പ്രവീണിനെ അറിയിക്കുകയായിരുന്നു.
ബസ്സില്‍ ബഹളമായതോടെ ഡ്രൈവര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് ബസ് തിരിച്ചുവിട്ടു. കീര്‍ത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ര്ക്ഷിതാക്കളും കരാട്ടേ അദ്ധ്യാപകരും സ്റ്റേഷനിലെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോയമ്പത്തൂരില്‍ അടുത്ത ദിവസം നടക്കുന്ന അഖിലേന്ത്യാ കരാട്ടേ പരീശീനത്തിന്റെ അവസാന ഒരുക്കത്തിലായിരുന്നു കീര്‍ത്തി.












Click it and Unblock the Notifications