'തൃശൂർ എടുത്തിരിക്കും, എടുക്കാൻ തന്നെയാണ് ഇത്തവണ വന്നത്,ജൂൺ 4 ന് ഉയർപ്പായിരിക്കും'; സുരേഷ് ഗോപി
തൃശൂർ: ഇത്തവണ തൃശൂർ എടുത്തിരിക്കുമെന്ന് ആവർത്തിച്ച് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടിയാണ് താൻ വന്നത്. ജൂൺ നാലിന് തൃശൂരിൽ ഉയിർപ്പായിരിക്കും സംഭവിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുടയിൽ എൻ ഡി എ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
'തൃശൂർ ലോക്സഭ മണ്ഡലം നിങ്ങൾ ഭാരതീയ ജനതാപാർട്ടിയെ ഏൽപ്പിക്കുകയാണെങ്കിൽ തൃശൂർ എടുത്തിരിക്കും, എടുക്കാൻ തന്നെയാണ് ഇത്തവണ വന്നിരിക്കുന്നത്. പ്രാർത്ഥനയോടെ പറയുന്നു എടുത്തിരിക്കും. ലീഡറും ഇന്ദിരാഗാന്ധിയുമൊന്നും കേരളത്തിന് നൽകിയ ഒരു കാര്യങ്ങളും ഞാൻ തള്ളിപ്പറയുന്നില്ല. പക്ഷേ അതിന് ശേഷം കുരിശിലേറ്റപ്പെട്ട തൃശൂർ 2024 ജൂൺ നാലിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്.

ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് നൽകിയ പരാതിയിൽ സുരേഷ് ഗോപിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നേടി. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നും മതസ്പർധ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് എൽഡിഎഫ് ആണ് പരാതി നൽകിയത്. നേരത്തേ കളക്ടർക്ക് നൽകിയ പരാതിയിലും അന്വേഷണം നടക്കുകയാണ്.
സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി മാര്‍ച്ച് 27 ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ചത് 1914 പരാതികള്‍. ഇതില്‍ 1906 പരാതികള്‍ പരിഹരിച്ചു. പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. ശരാശരി 43 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും.












Click it and Unblock the Notifications