ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു; മാധ്യമ പ്രവർത്തനം തുടരും... തത്കാലം ടിവി ജേർണലിസത്തിലേക്കില്ല
കൊച്ചി: കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. 24 ന്യൂസിന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു ഹര്‍ഷന്‍.
24 ന്യൂസ് ചാനലില്‍ നിന്ന് രാജി വച്ചെങ്കിലും മാധ്യമ പ്രവര്‍ത്തന മേഖലയില്‍ തുടരുമെന്ന് ഹര്‍ഷന്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. തത്കാലം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ പിന്നീട് വിശദീകരിക്കാം എന്നാണ് ടിഎം ഹർഷൻ വൺഇന്ത്യയോട് പറഞ്ഞത്. വിശദാംശങ്ങള്‍...

രണ്ട് പതിറ്റാണ്ട്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ടിഎം ഹര്‍ഷന്‍. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ എന്നിവടങ്ങളില്‍ ജോലി ചെയ്തതിന് ശേഷം ആയിരുന്നു അദ്ദേഹം 24 ന്യൂസില്‍ എത്തുന്നത്. കേരളത്തിലെ മികച്ച വാര്‍ത്താ അവതാരകരില്‍ ഒരാള്‍ എന്ന് പേരെടുത്ത മാധ്യമ പ്രവര്‍ത്തകനാണ് ടിഎം ഹര്‍ഷന്‍.

മീഡിയ വണില്‍ നിന്ന്
2018 ജൂലായില്‍ ആയിരുന്നു ഹര്‍ഷന്‍ മീഡിയ വണില്‍ നിന്ന് രാജിവയ്ക്കുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മീഡിയ വണ്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹര്‍ഷന്‍ മീഡിയ വണ്‍ വിടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്ത.

മാതൃഭൂമി
മാതൃഭൂമി ന്യൂസില്‍ നിന്ന് ഹര്‍ഷന്‍ രാജിവച്ചപ്പോഴും അത് മാധ്യമ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. 2017 മാര്‍ച്ചില്‍ ആയിരുന്നു അത്. മാതൃഭൂമി ചാനല്‍ സംഘപരിവാര്‍ സ്വാധീനത്തില്‍ പെടുന്നു എന്ന് കടുത്ത ആക്ഷേപമുയര്‍ന്ന ഒരു കാലം കൂടിയായിരുന്നു അത്.

സാമൂഹ്യ മാധ്യമങ്ങളില്‍
സാമൂഹ്യ മാധ്യമങ്ങളില്‍ കൃത്യമായ നിലപാട് പറയുന്ന വ്യക്തിയാണ് ഹര്‍ഷന്‍. ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡി. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുമുഖങ്ങളില്‍ ഒന്ന് കൂടിയാണ് ഹര്‍ഷന്‍.

മാധ്യമ പ്രവര്‍ത്തനം തുടരും
ട്വന്റി ഫോര്‍ ന്യൂസില്‍ നിന്ന് രാജിവച്ചെങ്കിലും മാധ്യമ പ്രവര്‍ത്തനം തുടരും എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തത്കാലം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രാജി സംബന്ധിച്ച കാര്യങ്ങൾ പിന്നീട് വിശദമാക്കുമെന്നും ഹർഷൻ പറഞ്ഞു.












Click it and Unblock the Notifications