ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി; ശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: ആര്‍ എം പി ഐ നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. വിചാരണ കോടതിയുടെ ശിക്ഷ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.
കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധിയാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. രണ്ട് പേരെ വെറുതെ വിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്തു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടത് ഹൈക്കോടതി ശരി വെക്കുകയും ചെയ്തു.

കേസില്‍ പി മോഹനന്‍ ഉള്‍പ്പെടെ 22 പേരെയാണ് വിചാരണ കോടതി വെറുതെവിട്ടത്. ഈ ഉത്തരവ് കോടതി ശരിവയ്ക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതികള്‍, സര്‍ക്കാര്‍, ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ജയശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസിലെ പത്താം പ്രതിയാണ് കെ കെ കൃഷ്ണന്‍.
ടി പിയുടെ തല തെങ്ങിന്‍പൂക്കുല പോലെ ചിതറുമെന്ന് കൃഷ്ണന്‍ പ്രസംഗിച്ചിരുന്നു എന്ന് കോടതി പറഞ്ഞു. ജ്യോതി ബാബുവിന് എതിരെ ഗൂഢാലോചനാകുറ്റം ചുമത്താനാണു കോടതി നിര്‍ദേശം. 2014 ലാണ് കേസിലെ 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. 2012 മേയ് നാലിനാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ഒഞ്ചിയത്തെ പ്രധാന സി പി എം നേതാവായിരുന്നു ടി പി ചന്ദ്രശേഖരന്‍.
പാര്‍ട്ടിയുടെ നയവ്യതിയാനം ചൂണ്ടിക്കാട്ടി സി പി എം വിട്ട ടി പി ചന്ദ്രശേഖരന്‍ ആര്‍ എം പി രൂപീകരിക്കുകയായിരുന്നു. ആര്‍ എം പിയുടെ രൂപീകരണം സി പി എം അടിത്തറയ്ക്ക് അന്ന് വിള്ളലേല്‍പ്പിച്ചിരുന്നു. ഇതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായിരുന്നു കൊലപാതകം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ പ്രതികളില്‍ പലരും സി പി എം പ്രവര്‍ത്തകനും നേതാക്കളും ആയിരുന്നു.
കൊടി സുനി, കിര്‍മാണി മനോജ്, സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെയാണ് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയില്‍ശിക്ഷ അനുഭവിക്കവെ 2020 ജൂണില്‍ കുഞ്ഞനന്തന്‍ മരിച്ചിരുന്നു.












Click it and Unblock the Notifications