ടിപി വധക്കേസ്; പ്രതികൾക്ക് ശിക്ഷാ ഇളവുമായി സർക്കാർ, മൂന്ന് പേരെ വിട്ടയക്കാൻ നീക്കം, പ്രതികരിച്ച് കെകെ രമ
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകാൻ നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതികളിൽ മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ് തീരുമാനം. ഇതിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
ആദ്യപടിയായി ഇവരുടെ പോലീസ് റിപ്പോർട്ട് തേടി കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിന് കത്ത് നൽകിയത്. ഹൈക്കോടതി വിധി മറികടന്ന് പ്രതികളെ വിട്ടയക്കാനാണ് ഇപ്പോൾ സർക്കാർ ഒരുങ്ങുന്നത്. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചത്. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു കോടതിയുടെ വിധി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്. മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള ആലോചന ഉണ്ടെന്നും അതിനാൽ ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.
ആകെ 59 പ്രതികളെയാണ് വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതിൽ മൂന്ന് പേർ ടിപി കേസിൽ ഉൾപ്പെട്ടവരാണ്. അതേസമയം, 20 വർഷം വരെ പ്രതികൾക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. അതിനിടെ കേസിലെ അഞ്ചോളം പ്രതികൾക്ക് ഈ മാസം പരോൾ അനുവദിക്കുകയും ചെയ്‌തിരുന്നു. മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്കാണ് പരോൾ അനുവദിച്ചത്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനവുമായി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെകെ രമ രംഗത്ത് വന്നു. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ പ്രതിരോധിക്കുമെന്നും അവർ പറഞ്ഞു.
സർക്കാർ പ്രതികൾക്ക് ഒപ്പമാണെന്നും രമ ആരോപിച്ചു. പ്രതികൾക്കു വഴിവിട്ട് പരോൾ നൽകാനും ജയിലിൽ ഫോൺ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നൽകാനും സർക്കാർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സർക്കാരെന്ന് വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്; കെകെ രമ തന്റെ ആരോപണം ശക്തമാക്കി.












Click it and Unblock the Notifications