'അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നു'; വെളിപ്പെടുത്തലിൽ വാസ്‌തവമില്ലെന്ന് ജസ്‌നയുടെ പിതാവ് ജെയിംസ്
കൊച്ചി: ജസ്‌ന തിരോധനക്കേസിൽ മുണ്ടക്കയത്തെ ലോഡ്‌ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി ജസ്‌നയുടെ പിതാവ് ജെയിംസ്. അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രതികരണം എന്നായിരുന്നു ജെയിംസ് പറഞ്ഞത്. നിലവിൽ സിബിഐ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും ജെയിംസ് പറഞ്ഞു. അന്ന് തന്നെ ജെസ്‌നയല്ല ആ പെൺകുട്ടിയെന്ന് കണ്ടുപിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
'അവര്‍ പറഞ്ഞതിന് യാതൊരു സാധ്യതയുമില്ല. അന്ന് സിസിടിവിയില്‍ കണ്ടത് ജസ്‌ന അല്ലെന്ന് അന്നേ കണ്ടുപിടിച്ച കാര്യമാണ്. ഈ സ്ത്രീ പറയുന്നതില്‍ ഒരു വാസ്‌തവവുമില്ല. ഈ സ്ത്രീയാണോ അവരുടെ സുഹൃത്താണോ എന്നറിയല്ല, ഒരുമാസം മുന്‍പ് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. എന്റെ സുഹൃത്തുക്കൾ അന്വേഷിച്ച് അതിൽ കാര്യമില്ലെന്ന് കണ്ടെത്തിയതാണ്' ജസ്‌നയുടെ പിതാവ് പറഞ്ഞു.

ഇതിന് പിന്നാലെ ലോഡ്‌ജ് ഉടമയും മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി രംഗത്ത് വന്നിരുന്നു. ജെസ്‌നയോ അവരുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്‌ജില്‍ വന്നിട്ടില്ലെന്നാണ് ഉടമയുടെ പ്രതികരണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'നേരത്തെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ച കാര്യമാണത്. അഞ്ച് ലക്ഷവും വീടും കൊടുത്തില്ലെങ്കില്‍ എന്നെ തീര്‍ക്കുമെന്നാണ് ആ സ്ത്രീ പറഞ്ഞിരുന്നത്. ലോഡ്‌ജില്‍ നിന്നും ഇറക്കിവിട്ടതിനാണ് എനിക്കെതിരെ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല, അതുകൊണ്ടാണ് പറഞ്ഞുവിട്ടത്' ലോഡ്‌ജ് ഉടമ പ്രതികരിച്ചു.
ജാതിപ്പേര് വിളിച്ചെന്നും പറഞ്ഞ് തനിക്കെതിരെ അവര്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. 'ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നില്‍. ഞാന്‍ കൊലക്കേസ് പ്രതിയാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചിരുന്നു. ജസ്‌ന എന്നു പറഞ്ഞയാള്‍ ഇവിടെ വന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ഉണ്ടായിട്ടില്ല' ലോഡ്‌ജ് ഉടമ വ്യക്തമാക്കി.
മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22ന് ജസ്‌ന വീട്ടിൽ നിന്നിറങ്ങിയത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരുന്നു ജസ്‌ന. ആദ്യഘട്ടം മുതൽ തന്നെ അന്വേഷണ ഏജൻസികളെ വലച്ച കേസിൽ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വീട്ടിൽ നിന്നിറങ്ങിയ ശേഷം ജസ്‌ന എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ പിന്നീട് ആരും ജസ്‌നയെ കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്‌ന മൊബൈൽ ഫോൺ എടുത്തിരുന്നില്ല. അതുകൊണ്ടാണ് മൊബൈൽ ലൊക്കേഷൻ പരിശോധിക്കുന്നതിന് ഉൾപ്പെടെ പരിമിതികൾ വന്നത്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയെങ്കിലും അതിലും കാര്യമായ വിവരങ്ങളൊന്നും ഉണ്ടാക്കാനായില്ല.












Click it and Unblock the Notifications