തുഷാര്‍ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലറടക്കം അഞ്ച് പേര്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞുവെച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ബി ജെ പി നഗരസഭാ കൗണ്‍സിലര്‍ മഹേഷ് ഉള്‍പ്പെടെ അഞ്ച് പേരെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്. മഹേഷിനെ കൂടാതെ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരായ കൃഷ്ണ കുമാര്‍, ഹരി കുമാര്‍, സൂരജ്, അനൂപ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയതായിരുന്നു തുഷാര്‍ ഗാന്ധി.

ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യത്തെ ബാധിച്ച കാന്‍സറാണ് ആര്‍എസ്എസ് എന്ന് തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നും തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇത് ആര്‍ എസ് എസിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അതേസമയം തന്നെ തടഞ്ഞവര്‍ക്കെതിരെ നിയമനടപടിക്കില്ലെന്നും തുഷാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധമായിരുന്നു.
തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്നാണഅ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടേത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും. അതേസമയം തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. തുഷാര്‍ ഗാന്ധി ഇനിയും കേരളത്തിലേക്ക് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തലച്ചോറും നാവും അര്‍ബന്‍ നക്‌സലുകള്‍ക്കും രാജ്യദ്രോഹികള്‍ക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ ശ്രമം രാജ്യത്തെ താഴ്ത്തി കെട്ടാനാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പറഞ്ഞത്.












Click it and Unblock the Notifications