തുവ്വൂർ കൊലപാതകം: വിഡി സതീശന്റെ തല പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍
കോഴിക്കോട്: തുവ്വൂരിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രധാന പ്രതിയായ കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ നേതാക്കള്‍. തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ രക്ഷപ്പെടുത്താനും അന്വേഷണം വഴി തിരിച്ചു വിടാനും വേണ്ടി പ്രതി മുൻ ഡി വൈ എഫ് ഐ നേതാവാണെന്ന് പ്രസ്താവിച്ച പ്രതിപക്ഷ നേതാവ് വി ഡിസതീശന്റെ തല പരിശോധിക്കണണെന്നാണ് ഡി വൈ എഫ് ഐ നേതാക്കള്‍ വ്യക്തമാക്കിയത്.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ പത്രസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു. വി ഡി സതീശന്റെ ഈ പ്രസ്താവന നിയമ വ്യവസ്ഥയോടും സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ഒരു കൊലപാതകം നടത്തി അത് ദിവസങ്ങളോളം മറച്ചുവയ്ക്കാനും ആ കൊലപാതകത്തിന്റെ അന്വേഷണത്തിൽ അലംഭാവം ആരോപിച്ചു പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ തീരുമാനിക്കുകയും ആ കൊലക്കേസ് പ്രതിയെ തന്നെ സ്വാഗത പ്രസംഗികനായി നിശ്ചയിക്കുകയും ചെയ്ത സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കണം.

ഉന്നത കോൺഗ്രസ് നേതൃത്വത്തിന്റെ ഗൂഢാലോചന ഇതിന് പിറകിലുണ്ടെന്ന സംശയം സതീശന്റെ പ്രസ്താവനയോടെ വർദ്ധിക്കുകയാണ്. ഉന്നത കോൺഗ്രസ് നേതൃത്വവുമായി പ്രതിക്ക് ബന്ധം ഉള്ളതും ഈ സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ പച്ചക്കള്ളം വിളിച്ചു പറയുന്ന വി ഡി സതീശന്റെ തല പരിശോധിക്കണം. ഈ കേസിന്റെ ഗൂഢാലോചനയിൽ സതീശന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യമാണ് സതീശൻ വ്യക്തമാക്കേണ്ടതാണെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ വ്യക്തമാക്കി.
ഇത്രയും നിഷ്ഠൂരമായ കൊലപാതകം നടന്നിട്ട് പ്രതിയുടെ രാഷ്ട്രീയ ബന്ധം മറച്ചു വെക്കാനും വാർത്തകൾ പുറത്ത് വരാതിരിക്കാനും വേണ്ടി ചില മാധ്യമങ്ങൾ ശ്രമിക്കുന്നത് അവരുടെ കാപട്യം തുറന്നു കാണിക്കുന്നതാണെന്നും വികെ സനോജും വസീഫും കൂട്ടിച്ചേർത്തു.
അതേസമയം, പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ തുവ്വൂരില്‍ സംഘർഷമുണ്ടായി. കൊല്ലപ്പെട്ട സുജിതയുടെ വീട്ടിലും സ്വര്‍ണം വിറ്റ കടകളിലും പ്രതി വിഷ്ണുവിനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിനിടെ പ്രതി വിഷ്ണുവിനെ മര്‍ദിക്കാന്‍ ജനം ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രതിയെ കയ്യേറ്റത്തില്‍ നിന്ന് രക്ഷിച്ചത്.












Click it and Unblock the Notifications