കൊലപാതകിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 'കുളിപ്പിച്ചെടുക്കാനുള്ള" ശ്രമമാണ് മാധ്യമങ്ങളില്‍: എം സ്വരാജ്
മലപ്പുറം തുവ്വൂരില്‍ നടന്ന ദാരുണമായ കൊലപാതകത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയം മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എം സ്വരാജ്. 'യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ "താൽക്കാലികജീവനക്കാരൻ വിഷ്ണു " വാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നത്' എം സ്വരാജ് കുറിച്ചു.
തുവ്വൂർ സ്വദേശിയായ സുജിതയുടെ കൊലപാകത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതവ് വിഷ്ണു ഉള്‍പ്പെടേയുള്ളവരെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 11 മുതല്‍ കാണാതായ സുജിതയുടെ വിവരങ്ങള്‍ തേടിയുള്ള നോട്ടീസ് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്ത് വ്യക്തിയാണ് വിഷ്ണു.

എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കൃഷിഭവൻ ജീവനക്കാരിയായ സുജിത എന്ന സ്ത്രീയെ മലപ്പുറം ജില്ലയിലെ തുവ്വൂരിൽ നിഷ്ഠൂരമായി കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നിട്ട് ഒരു ദിവസമായി. ഉറ്റവരും ഉടയവരും പോലീസും സുജിതയെ തേടി അലയുമ്പോൾ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിക്കുന്നു.
അവിശ്രമം പ്രവർത്തിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു എന്ന ക്രിമിനലിന്റെ വീട്ടുവളപ്പിൽ കൊന്നുകുഴിച്ചുമൂടിയ നിലയിൽ സുജിതയുടെ മൃതദേഹം കണ്ടെടുക്കുന്നു. അതെ, ഒരു സ്ത്രീയെ ക്രൂരമായികൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പോലീസിനും സർക്കാരിനുമെതിരെ പ്രക്ഷോഭം നയിക്കുക.
ഒരു സിനിമാ കഥയല്ല. ഇന്നലെ തുവ്വൂരിൽ നടന്നതാണ്. രാധയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന സ്ഥലമാണ് തുവ്വൂർ. ഇത് സംബന്ധിച്ച് പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ വന്ന വാർത്തകളിൽ എത്ര സമർത്ഥമായാണ് യൂത്ത് കോൺസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് മാധ്യമ വിദ്യാർത്ഥികളെങ്കിലും കണ്ടു പഠിയ്ക്കേണ്ടതാണ്.
ഒരു മണ്ഡലം സെക്രട്ടറി വിഷ്ണുവിനെ "താൽക്കാലികജീവനക്കാരൻ വിഷ്ണു " വാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും എത്ര മാത്രമാണ് ജാഗ്രത പാലിക്കുന്നത്. ഇന്ന് ഈ വിഷയം എത്ര ചാനലുകളിൽ രാത്രി ചർച്ചയ്ക്ക് വിഷയമാവുമെന്ന് നോക്കാം. മണ്ഡലം സെക്രട്ടറിക്കൊക്കെ ചാനലുകൾ വല്ല വിലയും കൊടുക്കുന്നുണ്ടോ എന്ന് ഒന്നറിയണമല്ലോ.












Click it and Unblock the Notifications