മോദിയുടെ ക്ലാസില്‍ പിണറായി വിജയന് ട്യൂഷന്‍ !! നദിയും മാവോയിസ്‌റ്റെന്ന് പൊലീസ്; മൂന്നാമത്തെ യുഎപിഎ?
പിണറായി ഭരണത്തിന് കീഴിലെ മൂന്നാമത്തെ യുഎപിഎ ഇരയായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീര്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് : എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഏതൊരു ഭരണകൂടത്തിന്റെയും ആയുധം എന്നും പൊലീസ് ആണെന്നിരിക്കെ പിണറായിയുടെ പൊലീസും ഒട്ടും മോശമാക്കുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെയാണ് നിലവില്‍ പിണറായി പൊലീസിന്റെ കണ്ണില്‍ രാജ്യദ്രോഹികള്‍. പരാതിക്കാര്‍ സംഘികള്‍ ആണെങ്കില്‍ നടപടിക്ക് വീറും വേഗവും കൂടും.
യുഎപിഎ ആയുധമാക്കി പിണറായി പൊലീസിന്റെ പൊലീസ് രാജ് തുടരുകയാണ്. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ നദിക്കെതിരെ പൊലീസ് യുഎപിഎ ചുമത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. നദി മാവോയിസ്റ്റ് അനുഭാവി ആണെന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ വാദം. ആറളത്തെ ആദിവാസികള്‍ നദിയെ തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.
എന്നാൽ പിന്നീട് നദിയെ വിട്ടയക്കുകയായിരുന്നു. നദിക്കെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസ് പിന്നീട് വിലയിരുത്തിയത്.

ഇന്നലെ വൈകിട്ടോടെയാണ് നദിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ആറളത്തെ ആദിവാസി കോളനിയില്‍ ആളുകളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂല പ്രസിദ്ധീകരണമായ കാട്ടുതീ വിതരണം ചെയ്തുവെന്നായിരുന്നു നദിക്കെതിരെയുള്ള കേസ്. 9 മാസം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നത് തന്നെ നിരവധി സംശയങ്ങളുണർത്തിയിരുന്നു

ആറളത്തെ ആദിവാസികള്‍ നദിയുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ നദിക്കെതിരെ പൊലീസിന്റേത് പ്രതികാര നടപടിയാണെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ യുഎപിഎ ചുമത്തി കമല്‍സി ചവറയെ അറസ്റ്റ് ചെയ്ത ദിവസം നദിയും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അന്നത്തെ ദിവസം കമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനോട് തര്‍ക്കിച്ചതിന്റെ പ്രതികാരം തീര്‍ത്തതാണ് എന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു

അന്ന് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന കമലിന്റെ മറ്റൊരു സുഹൃത്തായ ഷെഫീക്കിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു. തന്നെ സഹായിച്ച സുഹൃത്തുക്കള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേഷിച്ച് കമല്‍സി ചവറ നിരാഹാര സമരത്തിലാണ്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് നദിയെ കസ്റ്റഡിയിലെടുത്തത്. ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ യുഎപിഎ ചുമത്തപ്പെട്ട കമല്‍സി ചവറയ്‌ക്കൊപ്പം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു നദി. ഇവിടെ നിന്നാണ് നദിയെ പൊലീസ് ' അതിസാഹസി 'കമായി മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്ത് പിടികൂടുന്നത്.

ഇന്നലെ വൈകുന്നേരം വരെ അടച്ചിട്ട പൊലീസ് സ്റ്റേഷനില്‍ നദിയെ ചോദ്യം ചെയ്തു. വൈകിട്ടോടെ ആറളം പൊലീസ് എത്തി കണ്ണൂരിലേക്ക് നദിയെ കൊണ്ടുപോയി. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം നദി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

മാവോയിസത്തെ ഭരണകൂടം രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ മാവോയിസത്തെ എതിര്‍ത്തര്‍ കൂടി മാവോയിസ്റ്റ് ആക്കപ്പെടുന്നു. മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവമില്ലാത്തയാളായിരുന്നു നദീര്‍. ഫേസ്ബുക്കില്‍ മാവോയിസത്തെ എതിര്‍ത്തുകൊണ്ട് നദി പോസ്റ്റ് ഇട്ടിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് നദിയുടെ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇത് മൂന്നാമത്തെ യുഎപിഎ അറസ്റ്റാണ് നദിയുടേത്.. പി ജയരാജനെതിരെ യുഎപിഎ ചുമത്തപ്പെട്ടപ്പോള്‍ ഈ കരിനിയമത്തിനെതിരെ ഘോര ഘോരം പ്രസംഗിച്ച അണികള്‍ക്കൊന്നും ഇതെക്കുറിച്ച് മിണ്ടാട്ടമില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ന്യായീകരണത്തൊഴിലാളികളുടെ വഴുക്കന്‍ ന്യായീകരണങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications