ഗണേഷ് കുമാറിനെതിരെ യുഡിഎഫ് നിയമനടപടി സ്വീകരിച്ചേക്കും, 19ന് പ്രത്യക്ഷ സമരം
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയില്‍ കെബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് യുഡിഎഫ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഗണേഷിനെതിരെ രാഷ്ട്രീയമായ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് 19ന് മാര്‍ച്ച് നടത്തും.
ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. നിയമനടപടികള്‍ സാധ്യമാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതേസമയം കൊട്ടാരക്കര കോടതിയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസുകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിയമോപദേശം അടക്കം തേടി മുന്നോട്ട് പോകാന്‍ തീരുമാനം.

കെബി ഗണേഷ് കുമാര്‍ മന്ത്രിയാകാന്‍ പോകുന്നു എന്നറിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം യുഡിഎഫ് എടുത്തിരിക്കുന്നത്. സോളാര് കേസില്‍ കോണ്‍ഗ്രസിനുള്ളിലെ പോരാണ് ഉമ്മന്‍ ചാണ്ടിയെ കേസില്‍ അകപ്പെടുത്തിയതെന്ന ഭരണപക്ഷത്തിന്റെ വാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ പ്രതിഷേധം.
ഗണേഷ് കുമാര്‍, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയതെന്നാണ് സിബിഐ പറയുന്നത്.പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്.
തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നത്. ഇനി നിയമനടപടിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി നല്‍കിയ മൂന്ന് അപകീര്‍ത്തി കേസുകള്‍ ഇപ്പോഴുമുണ്ട്. തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചതോടെയാണ് ഗൂഢാലോചന വിഷയം ഉയര്‍ന്ന് വന്നത്.
അതേസമയം വിഷയത്തില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാമെന്ന നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസിലും യുഡിഎഫിലും അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. നിലവില്‍ സിബിഐ അന്വേഷണത്തില്‍ തുടര്‍ നടപടിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications