ഏക സിവില്‍ കോഡ്; സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനമെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഏക സിവില്‍ കോഡ് മുസ്ലീം വിഷയമല്ലെന്നും ബഹുസ്വരതയുടെ വിഷയമാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.മുസ്ലിം ലീഗ് ബഹുസ്വരതയ്ക്ക് എന്നും വലിയ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ സെമിനാറുകളോ സമ്മേളനങ്ങളോ അല്ല പ്രധാനം. പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ എതിര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്. യുഡിഎഫ് ബഹുസ്വരതാ കാമ്പയിനില്‍ മുസ്ലിംലീഗ് സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി ഇതൊരു ബഹുസ്വരതയുടെ വിഷയമാണെന്ന് ആദ്യം നിലപാട് വ്യക്തമാക്കിയത് മുസ്ലിം ലീഗാണ്. പാര്‍ട്ടി ബഹുസ്വരതക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന്റെ തെളിവാണ് നേതാക്കളുടെ മണിപ്പൂര്‍ സന്ദര്‍ശനം. അവിടെ നടത്തിയ സമാധാന സമ്മേളനത്തിലും ജാഥയിലും മുസ്്‌ലിംലീഗ് പങ്കെടുത്തത് രാജ്യം കണ്ടു.
മുസ്ലിംലീഗ് ബഹുസ്വരതയെയും മതേതരത്വത്തെയും ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് കേരളമടക്കമുള്ള സ്ഥലങ്ങളില്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏക സിവില്‍ കോഡ് വിഷയത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാര്യ കാരണസഹിതം ചൂണ്ടികാണിച്ച് മുസ്ലിംലീഗ് ലോ കമ്മീഷനെ ലീഗ് സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ മീറ്റിങ്ങില്‍ ലീഗ് വിഷയം അവതരിപ്പിക്കും. പാര്‍ലിമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കേരളത്തിലെ സെമിനാറുകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും പാര്‍ലമെന്റിലാണ് പോരാട്ടം നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. മാധ്യമ സ്വാതന്ത്രത്തിന്റെ പേരില്‍ ചിലര്‍ പച്ച വര്‍ഗീയത പറയുന്നുണ്ടെന്നും അതിനെ ആര് അനുകൂലിച്ചാലും മുസ്ലിംലീഗ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗ്ഗീയത പറയാന്‍ അവകാശമുണ്ടെന്ന് ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലബാറിലെ ഉപരിപഠന പ്രതിസന്ധി
സര്‍ക്കാര്‍ നിസംഗത വെടിയണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലബാറിലെ ഉപരിപഠന പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിസ്സംഗത വെടിഞ്ഞ് അടിയന്തരമായി ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫ് പ്ലസ് വണ്‍ സീറ്റ് പ്രശ്നത്തില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. എം.എസ്.എഫ് നടത്തിയ സമരങ്ങളുടെ പരമ്പര കേരളം കണ്ടതാണ്. ഇതിന്റെ പേരില്‍ ഇപ്പോഴും നിരവധി പ്രവര്‍ത്തകര്‍ ജയിലറക്കുള്ളിലാണ്. എന്നാല്‍ ഗവണ്‍മെന്റ് ഇപ്പോഴും ഇക്കാര്യത്തില്‍ നിസ്സംഗത തുടരുകയാണ്. പാര്‍ട്ടി മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കിയിട്ടുണ്ട്. പ്രതികരണം അനുകൂലമായിരുന്നു. എന്നാല്‍ തുടര്‍നടപടികളുടെ സമയം കഴിഞ്ഞിരിക്കുന്നു. താമസിയാതെ ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണം.
ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് പോലും തുടര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കാത്തത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണ്. പോസിറ്റിവായ ഒരു തീരുമാനം സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്ന് ഈ ഘട്ടത്തിലും പ്രതീക്ഷിക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications