ഏക സിവില്‍കോഡ്: യോജിച്ച പ്രക്ഷോഭത്തിന് സമസ്ത, സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ പ്രതികരണമുണ്ടാവും
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ യോജിച്ച നീക്കം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍കോഡ് ഇതിനെതിരാണ്. മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതക്കാരെയും ഇത് ബാധിക്കും. ഏക സിവില്‍കോഡിനെതിരെ ബഹുജന മുന്നേറ്റമുണ്ടാകണം. അതിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന അവരുടെ നിലപാട് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അതേ നിലപാട് തന്നെയാണ്. ഈ നിലപാടുകളെയെല്ലാം സമസ്ത സ്വാഗതം ചെയ്യുന്നത്. ഏകസിവില്‍ കോഡിനെ എതിർക്കുന്ന കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, കമ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ എല്ലാവരുമായും യോജിച്ച് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിഎഎ വിഷയത്തില്‍ ചെയ്തതുപോലെ എല്ലാ പാര്‍ട്ടികളുമായും യോജിച്ച് ഏക സിവില്‍കോഡിനെതിരെ പോരാടും. ഈ ചിന്താഗതി ഉള്ള രാഷ്ട്രീയക്കാര്‍ മറ്റു മതസ്ഥര്‍ പൊതുജനങ്ങള്‍ എല്ലാവരേയും കൂട്ടി ഇതിനെതിരെ ഒരു ബഹുജന പ്രതിഷേധം മുന്നേറ്റം ഉണ്ടാക്കേണ്ടി വരും. അതേക്കുറിച്ച് സമസ്ത ആലോചിച്ചു കൊണ്ടിരിക്കുകയാണ്. സമസ്ത അതിന് മുന്‍കൈ എടുക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ, സുന്നി ഐക്യവുമായി സമസ്തക്ക് യോജിപ്പാണെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി. ഐക്യത്തില്‍ കോടാലി വെക്കുക എന്ന പ്രവണത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കില്ല. ഐക്യത്തിനു വേണ്ടി ചെറിയ വിട്ടു വീഴ്ചകള്‍ ചെയ്യാം. അങ്ങിനെയാണ് ഐക്യമുണ്ടാവുക. എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പ്രസ്താവനയെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അത് ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നത് കൂടിയാലോചിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഏക സിവില്‍ കോഡ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ മുസ്ലിം സംഘടനകളില്‍ എതിർപ്പ് ശക്തമാവുന്നുണ്ട്. വിഷയം ചർച്ച ചെയ്യാനായി ഈ മാസം എട്ടിന് കോഴിക്കോട് പ്രത്യേക യോഗം ചേരും. ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടില്‍ വ്യക്തയില്ലെന്നതാണ് പ്രധാന വിമർശനം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മതേതര നിലപാട് ഒട്ടും ശക്തമല്ലെന്ന പ്രചരണം സജീവമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്.












Click it and Unblock the Notifications