കേന്ദ്ര ബജറ്റ്: ട്രോളുകളില്‍ നിറഞ്ഞ് കടലാമ; എയിംസിന് പകരം കടലാമ; സുരേഷ് ഗോപിക്കും പരിഹാസം
കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിലിപ്പോള്‍ ഒരു അപ്രതീക്ഷിത സെലിബ്രിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഉണ്ടായത്. സമൂഹ മാധ്യമങ്ങളില്‍ നിറയെ ഈ കുഞ്ഞന്‍ സെലിബ്രിറ്റിയാണ് നിറഞ്ഞുനില്‍ക്കുന്നത്. കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കാതെ കേരളത്തിന് കിട്ടിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന് കടലാമ സംരക്ഷണ പദ്ധതിയാണ്. ഇതോടെയാണ് കടലാമ്മ സെലിബ്രിറ്റിയായി മാറിയത്.
അതിവേഗ റെയില്‍ ഇടനാഴിയും എയിംസും പ്രത്യേക സാമ്പത്തിക പാക്കേജുമൊക്കെ പ്രതീക്ഷിച്ചിരുന്ന കേരളത്തിന് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇല്ല. സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റ്. എന്നാല്‍ കനത്ത നിരാശയ്ക്കിടയിലും സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തി നിറഞ്ഞുനില്‍ക്കുന്ന ട്രോളുകളില്‍ എല്ലാം കടലാമയാണ് താരം. കോണ്‍ഗ്രസ്, സിപിഎം നേതാക്കളും സോഷ്യല്‍ മീഡിയ എഴുത്തുകാരുമൊക്കെ കടലാമയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേന്ദ്രത്തെ വിമര്‍ശിക്കുന്നത്. കേരളം ആവശ്യപ്പെടാതെ തന്നെ കേന്ദ്രം തന്ന പദ്ധതിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്.

ബജറ്റിനെ പരിഹസിച്ച് നിരവധി ട്രോളുകളും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കസവു കരയുള്ള മുണ്ട് അണിഞ്ഞ കടലാമയുടെ ചിത്രം പങ്കുവെച്ച് 'തേങ്സ്' എന്നാണ് ശ്രീജിത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബിനീഷ് കോടിയേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
കടലാമ ഉജ്ജ്വല്‍ പരിവാര്‍ യോജന: കേരളത്തെ ഉള്‍പ്പെടുത്തിയ രാജീവ് ചന്ദ്രശേഖര്‍ജിക്ക് അഭിനന്ദനങ്ങള്‍!
കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വീണ്ടും 'അംഗീകാരം'. എയിംസ് ഇല്ല, സില്‍വര്‍ ലൈന്‍ ഇല്ല, എന്തിന് കേരളം ചോദിക്കുന്ന അര്‍ഹമായ സാമ്പത്തിക വിഹിതം പോലുമില്ല. 100 രൂപ നികുതിയായി കേന്ദ്രത്തിന് നല്‍കുമ്പോള്‍ വെറും 23 രൂപ മാത്രം തിരികെ നല്‍കുന്ന 'നീതി'ക്കിടയില്‍, ഇതാ പുത്തന്‍ സമ്മാനം-'കടലാമ സംരക്ഷണം!
കേരളത്തിന്റെ തീരദേശ വികസനവും റെയില്‍വേ പശ്ചാത്തല സൗകര്യങ്ങളും കാത്തിരുന്ന മലയാളികള്‍ക്ക്, കടലാമകളെ പരിപാലിക്കാനുള്ള ഈ ബൃഹദ് പദ്ധതി വഴിത്തിരിവാകുമെന്നതില്‍ സംശയമില്ല. ഈ പദ്ധതിയിലേക്ക് കേരളത്തെ കൂടി ഉള്‍പ്പെടുത്താന്‍ മുന്‍കൈ എടുത്ത രാജീവ് ചന്ദ്രശേഖര്‍ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
സുരേഷ് ഗോപിക്കും വിമര്‍ശനം
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാതിരുന്നതോടെ സുരേഷ് ഗോപി എംപിക്കെതിരേയും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തിലെ ഏതെങ്കിലും ജില്ലകളില്‍ ഒന്നില്‍ എയിംസ് വരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാഗ്ദാനം. തന്നെ വിമര്‍ശിച്ചവരെ 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ' എന്നു പറഞ്ഞ് സുരേഷ് ഗോപി പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വാക്കുകള്‍ കുത്തിപ്പൊക്കി വലിയ വിമര്‍ശനമാണ് സുരേഷ് ഗോപിക്കെതിരേ നടക്കുന്നത്.
പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കടലാമ സംരക്ഷകര്‍
എന്നാല്‍ കടലാമ പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗമുണ്ട് കേരളത്തില്‍. വര്‍ഷങ്ങളായി കടലാമ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളും വ്യക്തികളും ആണ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നത്. നിലവില്‍ വനം വകുപ്പ് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. തൃശൂരിലെയും വടക്കന്‍ ജില്ലകളിലെയും ചില തീരദേശ മേഖലകളില്‍ മാത്രമാണ് ഇവയുടെ സാന്നിധ്യം കാര്യമായുള്ളത്.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാണ് ഇത്തരം സന്നദ്ധ സംഘടനകള്‍ കടലാമ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സാമ്പത്തികമായി യാതൊരു നേട്ടവും ഇല്ലാത്തതിനാല്‍ സംഘടനകളിലെ അംഗങ്ങള്‍ മറ്റു തൊഴിലുകള്‍ തേടി പോകുന്നതും പതിവാണ്. ബജറ്റിലെ പ്രഖ്യാപനം ഇത്തരം സംഘടനകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നേക്കും.
തീരദേശ മേഖലകളില്‍ കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. കടലാമയ്ക്ക് മുട്ടയിടാനും മുട്ട വിരിയിക്കാനുമുള്ള ആവാസ വ്യവസ്ഥ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒലീവ് റിഡ്‌ലി എന്നാല്‍ ഇനത്തിലുള്ള, വംശനാശഭീഷണി നേരിടുന്ന കടലാമകളാണ് കേരളത്തില്‍ കാര്യമായി കാണപ്പെടുന്നത്. തീരത്തെത്തി മുട്ടയിട്ട് തിരിച്ചു പോകുന്ന ഇവ മടങ്ങിയെത്താറില്ല.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായുള്ള തീരദേശ ശോഷണവും അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണവും മറ്റു ജീവികളുടെ ആക്രമണവും ഒക്കെയാണ് ഇവയെ വംശനാശ ഭീഷണിയിലേക്ക് തള്ളിവിടുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ഈ കടലാമകളുടെ മുട്ടയിടല്‍ സീസണ്‍. കടലില്‍ നിന്ന് കരയിലെത്തി കുഴി കുഴിച്ച് 80 മുതല്‍ 100 മുട്ടകള്‍ വരെ കടലാമ ഇടും. തുടര്‍ന്ന് കടലിലേക്ക് മടങ്ങുകയും ചെയ്യും. പിന്നീട് ഈ സന്നദ്ധ സംഘടനകളാണ് ഈ മുട്ടകളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.












Click it and Unblock the Notifications