ബജറ്റ് കുത്തകകള്‍ക്ക് രാജ്യത്തെ വില്‍പ്പനയ്ക്കു വെച്ചെന്ന പരസ്യ പ്രഖ്യാപനം, തുറന്നടിച്ച് ചാമക്കാല
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കുത്തകകൾക്കായി രാജ്യത്തെ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ് എന്നും സമരം ചെയ്യുന്ന കർഷകരെ കൂടുതൽ ദുരന്തത്തിലേക്ക് കേന്ദ്രം തളളി വിടുകയാണ് എന്നും ചാമക്കാല കുറ്റപ്പെടുത്തി.
ചാമക്കാലയുടെ പ്രതികരണം: ''കരയുക ഭാരതധരേ! ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് കുത്തകകള്‍ക്ക് രാജ്യത്തെ വില്‍പ്പനയ്ക്കു വെച്ചെന്ന പരസ്യ പ്രഖ്യാപനമാണ്. മഹാമാരിയുടെ കെടുതിയില്‍ അകപ്പെട്ട ഒരു ജനതയെ കൂടുതല്‍ വറുതിയിലേക്ക് തള്ളിവിടുകയും പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരായ കുത്തക മുതലാളിമാര്‍ക്ക് രാജ്യത്തെ ചൂഷണം ചെയ്യാന്‍ പൂര്‍വാധികം അവസരം ഒരുക്കി കൊടുക്കുകയുമാണ് ബജറ്റ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നട്ടുനനച്ച് വളര്‍ത്തിയ മിക്കവാറും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വില്‍പ്പനയ്ക്ക് വെച്ചിരിക്കയാണ് ധനമന്ത്രി! അന്നദാതാക്കളായ, സമരം ചെയ്യുന്ന കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയുകയാണ് ബജറ്റ്. മെച്ചപ്പെട്ട താങ്ങുവില പ്രഖ്യാപിക്കാനോ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാറിന് സാധിക്കുന്നില്ല. കാര്‍ഷിക മേഖലയുടെ നട്ടെല്ല് ഒടിച്ച് അവിടേക്ക് കോര്‍പ്പറേറ്റ് ഭീമന്മാരുടെ കടന്നുകയറ്റത്തിന് ചുവന്ന് പരവതാനി വിരിക്കുകയാണ് മോദി സര്‍ക്കാര്‍.
ഇന്ധന വില അടിക്കടി കുതിച്ചുകയറുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് നിര്‍മ്മലാ സീതാരാമന്‍ ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂുഡോയില്‍ വില 55.61 ഡോളറായി കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും വില കുതിക്കുന്നത് വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ്. അടിസ്ഥാന വിലയുടെ മൂന്നിരട്ടിയോളം വിലയിട്ട് ജനങ്ങളെ അധിക നികുതിയുടെ പേരില്‍ ഒരുപോലെ പിഴിയുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. കേന്ദ്രം ദ്രോഹിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറും നികുതി കുറയ്ക്കാതെ പിഴിഞ്ഞെടുക്കുകയാണെന്ന് ഓര്‍ക്കണം. ഇക്കാര്യത്തിലെങ്കിലും രാജസ്ഥാനെ മാതൃകയാക്കി കേരളത്തിന് ആശ്വാസം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണം.
പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും പണക്കാര്‍ കൂടുതല്‍ ധനവാന്മാരുമാകുന്ന രാഷ്ട്രീയ രസതന്ത്രമാണ് ബജറ്റില്‍ ഒളിച്ചുവെച്ചത്. കോവിഡ് വാക്‌സിന്‍ പോലും പൂര്‍ണമായും സൗജന്യമാണോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. ശബരിപാത, കേരളത്തിന്റെ ചിരകാല ആവശ്യമായ എയിംസ് എന്നിവ ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വേ, വിമാനത്താവള, തുറമുഖ വികസന വിഷയങ്ങളില്‍ ചിറ്റമ്മനയം തുടരുകയാണ്. എന്തൊരു വിധിയാണ് രാജ്യത്തിന്റേത്?''












Click it and Unblock the Notifications