ചെന്നിത്തലയുടെ സമ്മർദ്ദതന്ത്രം ഫലിച്ചില്ല; ഉമ്മന്‍ ചാണ്ടിയുടെ എതിര്‍പ്പിനും പുല്ലുവില, അപമാനിതൻ
ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവിയെ തന്നെ മാറ്റിമറിച്ചേക്കാവുന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ എത്രത്തോളം ഗുണപരമാകും എന്ന ആശങ്ക കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്.
എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്നിട്ടും ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രമേശ് ചെന്നിത്തല നാണം കെട്ട് മാറിനില്‍ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. തലമുറമാറ്റം എന്ന ന്യായം പറഞ്ഞാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. വിശദാംശങ്ങള്‍...
ദല്‍ഹി ലോക്ക്ഡണ്‍ ചിത്രങ്ങള്‍ (22-05-2021)

മാറാന്‍ തയ്യാറാകാതെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണം എന്നതായിരുന്നു തെന്നിത്തല സ്വീകരിച്ച നിലപാട്. അതിന് രാഷ്ട്രീയപരമായും വ്യക്തപരമായും രമേശ് ചെന്നിത്തലയ്ക്ക് കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍, ആ നിലപാട് ഇപ്പോള്‍ അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയും കൂടെ നിന്നു
ഇത്തരമൊരു ഘട്ടത്തില്‍ എ ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിന്നു. തലമുറം മാറ്റത്തിന്റെ പേരില്‍ രമേശ് ചെന്നിത്തലയെ മാറ്റുന്നത് ഗുണകരമാവില്ലെന്ന് ഹൈക്കമാന്‍ഡിനെ അദ്ദേഹം അറിയിച്ചിരുന്നു.

ഹൈക്കമാന്‍ഡിന് മുന്നില്‍
എന്നാല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് കിട്ടിയത് മറ്റൊരു സന്ദേശം ആയിരുന്നു. തലമുറമാറ്റം വേണമെന്നും യുവാക്കളെ കൂടെ നിര്‍ത്താനും പ്രവര്‍ത്തന സജ്ജമാക്കാനും ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ലെന്നും ഇനിയും കഴിയില്ലെന്നും ആയിരുന്നു അത്. വിഡി സതീശന്റെ പേരായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്.

അവസാനം വരെ ശ്രമം
ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ശ്രമം തുടര്‍ന്നിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തനിക്ക് കൂടുതല്‍ പിന്തുണയുണ്ട് എന്നതായിരുന്നു ചെന്നിത്തലയുടെ വാദം. ഇതിനൊപ്പം ഉമ്മന്‍ ചാണ്ടിയും ശക്തമായി പിന്തുണച്ചു. അവസാനം വരെ ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി വാദിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

വെല്ലുവിളിച്ചോ?
പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് മുന്നില്‍ സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ചു എന്നും ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു പ്രതിപക്ഷ നേതാവാക്കുന്നില്ലെങ്കില്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും എന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായും വാര്‍ത്തകള്‍ പുറത്ത് വന്നു.

ദേശീയ നേതൃത്വത്തിലേക്ക്
രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്ന കാര്യവും കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പദവിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വവും അദ്ദേഹത്തിന് നല്‍കാന്‍ നേരത്തേ വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

അപമാനിതനായി
ഏറ്റവും ഒടുവില്‍ അപമാനിതനായിട്ടാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് താഴെയിറങ്ങുന്നത്. ഇനി പ്രത്യേക പദവികള്‍ ഒന്നുമില്ലാതെ ഒരു എംഎല്‍എ ആയി അദ്ദേഹം തുടരേണ്ടി വരും. പാര്‍ട്ടിയില്‍ മറ്റെന്തെങ്കിലും പദവികള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ചെന്നിത്തല മാത്രമല്ല, ഈ വിഷയത്തിൽ ഉമ്മൻ ചാണ്ടിയും അപമാനിതനായിരിക്കുകയാണ്.

ഉമ്മന്‍ ചാണ്ടിയുടെ സ്ഥിതിയല്ല
2016 ലെ തോല്‍വിയെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തല ആ പദവിയിലേക്ക് എത്തിയത്. അന്ന് ഉമ്മന്‍ ചാണ്ടി സ്വയം ഒഴിഞ്ഞപ്പോള്‍, ഇന്ന് രമേശ് ചെന്നിത്തലെ ഹൈക്കമാന്‍ഡ് ഇടപെട്ട് മാറ്റിനിര്‍ത്തി എന്നതും ശ്രദ്ധേയമാണ്. അന്ന് ഉമ്മന്‍ ചാണ്ടിയ്ക്ക് പാര്‍ട്ടിയ്ക്കുള്ളില്‍ സ്വീകാര്യതയാണ് ലഭിച്ചതെങ്കില്‍, ഇന്ന് ചെന്നിത്തല നേരിടേണ്ടി വരിക അപമാനമാണ്.












Click it and Unblock the Notifications