എസ്പിക്ക് ഇത്തവണയും പിഴച്ചത് യാദവബെല്‍റ്റില്‍: വഴങ്ങാതെ പഴയ ശക്തി കേന്ദ്രം,ലഭിച്ചത് 12 സീറ്റ് മാത്രം
കാണ്‍പൂർ: 2017 ലേതിനേക്കാള്‍ സീറ്റുകള്‍ ഉയർത്തിയെങ്കിലും യുപി പിടിക്കാമെന്ന എസ്പിയുടെ മോഹം ബി ജെ പിയുടെ മികച്ച പ്രകടനത്തിന് സഫലമാവാതെ പോവുന്നതാണ് ഇത്തവണയുപിയില്‍ കണ്ടത്. അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എസ്പിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ കഴിയാതെ പോയതിന്റെ കാരണങ്ങളായി രാഷ്ട്രീയ നിരീക്ഷകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ബി ജെ പി തന്ത്രപൂർവ്വം പൊളിച്ച യാദവ ബെല്‍റ്റിനെ വീണ്ടെടുക്കാന്‍ അഖിലേഷ് യാദവിന് കഴിയാതെ പോയതാണ്.
ബദൗൺ മുതൽ കനൗജ് വരെയുള്ള യാദവ് ബെല്‍റ്റായിരുന്നു ഒരുകാലത്ത് യുപിയില്‍ എസ്പിയുടെ ശക്തമായ അടിത്തറ. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പോടെ ബി ജെ പിയും ഇവിടെ മികച്ച പ്രകടനം നടത്തുകയായിരുന്നു.

സംസ്ഥാനത്ത് എസ്പിയുടെ മൊത്തത്തിലുള്ള ശക്തിയെ പ്രതിനിധീകരിക്കുന്ന ഈ 35 സീറ്റുകളിൽ, ഇത്തവണയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെന്നതാണ് സീറ്റ് നില കാണിക്കുന്നത്. 2012ൽ ഉത്തർപ്രദേശിൽ 224 സീറ്റുകളോടെ അധികാരത്തിലെത്തിയപ്പോൾ എസ്പി ഈ 35ൽ 29 സീറ്റും നേടിയിരുന്നു. അന്ന് ബി ജെ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍

2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രചരണത്തിലൂടെ ബി ജെ പി 325 സീറ്റുകളുമായി അധികാരത്തില്‍ വന്നപ്പോള്‍ അക്ഷരാർത്ഥത്തില്‍ യാദവ ബെല്‍റ്റില്‍ നിന്നു എസ് പിയെ തൂത്തെറിയുകയായിരുന്നു. 2017 ലെ 29 ല്‍ നിന്നും ആറ് സീറ്റിലേക്ക് എസ്പി ഒതുങ്ങിയപ്പോള്‍ ബി ജെ പിയുടേത് നേർ വിപരീതമായി 29 ആയി ഉയർന്നു.

ഇത്തവണയും 23 സീറ്റുകൾ നേടി ബി ജെ പിക്ക് മേഖലയില്‍ സ്വാധീനം നിലനിർത്താൻ സാധിച്ചു, അതേസമയം എസ് പി. ക്ക് 12 സീറ്റുകൾ മാത്രമാണ് നേടാനായത്. ‘യാദവ് ബെൽറ്റിൽ' മുഴുവൻ എസ്പിയെ വീണ്ടും വിജയത്തിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അഖിലേഷ് യാദവ് തന്നെ മെയിൻപുരിയിലെ കർഹാൽ സീറ്റിൽ മത്സരിച്ചത്. പാർട്ടി അധ്യക്ഷന്‍ കർഹാലിൽ നിന്ന് വിജയിച്ചു, പക്ഷേ മെയിൻപുരിയിലെ നാലിൽ രണ്ട് സീറ്റുകളും നേടിയത് ബി ജെ പിയായിരുന്നു. 2017 ല്‍ ഒരു സീറ്റ് മാത്രമായിരുന്നു ഇവിടെ അവർക്ക് ലഭിച്ചത്.

അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവ്‌പാൽ സിംഗ് യാദവ്, ഇറ്റാവ ജില്ലയിലെ ജസ്വന്ത്‌നഗർ സീറ്റിൽ നിന്നായിരുന്നു വീണ്ടും മത്സരിച്ചത്. എസ്പിയുടെ രണ്ട് മുൻനിര നേതാക്കൾ 'യാദവ് ബെൽറ്റിൽ' അടുത്ത സീറ്റുകളിൽ നിന്ന് പോരാടിയതോടെ തന്നെ എസ്പി യാദവ ബെല്‍റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന കാര്യം വ്യക്തമായിരുന്നു. മത്സരത്തില്‍ ശിവ്പാല്‍ സിങ് യാദവ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു

യാദവ ബെല്‍റ്റില്‍ എസ്പിക്കുള്ള പിന്തുണ വലിയ തോതില്‍ നഷ്ടമായെന്നാണ് പ്രാദേശിക തലത്തില്‍ നിന്നുള്ള റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട ക്രമസമാധാന നില കാരണം ബിജെപി പല മേഖലകളിലും തങ്ങളുടെ പിടി നിലനിർത്തുന്നത് തുടരുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഉരുളക്കിഴങ്ങിന്റെ എംഎസ്പി സംഭരണം ആരംഭിക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2022-ലെ ഫലം പുറത്ത് വന്നപ്പോള്‍ കനൗജ് ജില്ലയിലെ മൂന്ന് സീറ്റുകളും ഇറ്റാ ജില്ലയിലെ നാല് സീറ്റുകളും ഫറൂക്കഹാബാദ് ജില്ലയിലെ നാല് സീറ്റുകളും ബിജെപി തൂത്തുവാരി - ഈ സീറ്റുകളെല്ലാം 2012ൽ എസ്പിയായിരുന്നു നേടിയത്. എസ്പി ഒരുതരത്തിലുള്ള തിരിച്ചുവരവ് നടത്തിയ ഏക ‘യാദവ് ബെൽറ്റ്' ജില്ല ബദൗൺ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അവിടെ അവർ ഇത്തവണ ഏഴ് സീറ്റുകളിൽ നാലെണ്ണം നേടി, 2017 ൽ ഒരു സീറ്റും 2012 ൽ അഞ്ച് സീറ്റുകളും മാത്രമായിരുന്നു ഇവിടെ ഇവർക്ക് ലഭിച്ചിരുന്നത്.












Click it and Unblock the Notifications