കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്ലർ വിവാദം; സർക്കാരിനോട് 7 ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; സ്പ്രിങ്ക്ളർ വിവാദത്തിൽ സർക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കരാറിനെക്കുറിച്ചും നടപടികളെക്കുറിച്ചും നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് നടപടികൾ പരിശോധിക്കാൻ രണ്ടംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചതെന്ന് മുരളീധരൻ ചോദിച്ചു.
ഏതൊരു സാധാരണ പൗരനും തോന്നുന്ന സാമാന്യയുക്തിക്കും സംശയങ്ങൾക്കും കൂടി മറുപടി പറയാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ചോദ്യങ്ങൾ വായിക്കാം

 v-muraleedha

1. ഏപ്രിൽ 2 ന് ഒപ്പിട്ട സ്പ്രിങ്ക്ളറുമായുളള കരാറനുസരിച്ച് , മാർച്ച് 25 മുതൽ മുൻകാല പ്രാബല്യത്തോടെ ഡേറ്റയുടെ പൂർണ നിയന്ത്രണവും ഉടമസ്ഥാവകാശവും ഉറപ്പാക്കിയിട്ടുണ്ടെന്നാണല്ലോ സർക്കാർ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽപ്പിന്നെ എന്തിനാണ് ആരോപണം ഉയർന്നശേഷം ഏപ്രിൽ 11നും 12നുമായി ഐ ടി സെക്രട്ടറി സ്പ്രിങ്ക്ളറുമായി കത്തിടപാട് നടത്തിയത്? വേണ്ടത്ര അവധാനതയോടെയല്ല കരാർ ഒപ്പിട്ടതെന്നും അതിനായി വേണ്ടത്ര ഗൃഹപാഠം നടത്തിയില്ല എന്നുമല്ലേ ഇതിൽ നിന്ന് വ്യക്തമാകുന്നത് ?

2. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ യുദ്ധസമാന സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു എന്നാണല്ലോ മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എത്രയും വേഗം ഡേറ്റ ശേഖരിച്ച് അപഗ്രഥിച്ച് സമീപ ഭാവിയിലേക്കായി ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെയാണ് കാബിനറ്റിനെപ്പോലും അറിയിക്കാതെ ഇറങ്ങിപ്പുറപ്പെട്ടതെന്നും പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ നാളിതുവരെ ശേഖരിച്ച ഡേറ്റ ഇതുവരെ എന്തുചെയ്തു?

3. ഉദ്യോഗസ്ഥതലത്തിൽ ഐടി വകുപ്പുണ്ടാക്കുന്ന കരാർ മറ്റു വകുപ്പുകൾ അറിയണമെന്നില്ല എന്ന സർക്കാർ വാദം മുഖവിലക്കെടുത്താൽപ്പോലും കരാറിന്റെ പ്രയോജനം അനുബന്ധ വകുപ്പുകൾക്ക് കിട്ടിയോ എന്നത് പ്രസക്തമല്ലേ? അതായത് കൊവിഡിനെ നേരിടാൻ യുദ്ധ സമാന സാഹചര്യത്തിൽ ഡേറ്റാ ശേഖരണം തുടങ്ങിയിട്ട് അതാവശ്യമുളള ആരോഗ്യവകുപ്പിന് നാളിതുവരെ എന്തൊക്കെ വിവരങ്ങൾ അപഗ്രഥിച്ചു നൽകി? ഒന്നും നൽകിയിട്ടില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളളയാവുകയാണ്.

4. കൊവിഡ് പശ്ചാത്തലത്തിൽ ആശാ വർക്കർമാർ വഴി സർക്കാ‍ർ ശേഖരിച്ച പൗരൻമാരുടെ ആരോഗ്യവിവരങ്ങളിൽ അതീവ പ്രാധാന്യമുളളതൊന്നുമില്ല എന്നായിരുന്നല്ലോ അഡീഷണൽ എ ജി ഹൈക്കോടതിയിൽ വാക്കാൽ നിലപാടെടുത്തത്. അത്ര സെൻസിറ്റീവ് അല്ല എന്ന സർക്കാർ നിലപാടിനെ അപകടകരം എന്ന മറുപടി കൊണ്ട് കോടതി തന്നെ പ്രതിരോധിച്ചതും അതുകൊണ്ടാണ്. സർക്കാർ തയാറാക്കിയ ചോദ്യാവലിയിലെ പതിനൊന്നാമത്തെ ചോദ്യത്തിലാണ് സെൻസിറ്റീവ് എന്ന വിമർശനം ഉയർന്നിരിക്കുന്നത്. നിലവിൽ എന്തൊക്കെ അസുഖങ്ങളുണ്ടെന്ന വിവര ശേഖരണമാണല്ലോ ആരോപണത്തിന് ആധാരം. ഈ വിവരങ്ങൾ രാജ്യാന്തര മരുന്നുകമ്പനികൾക്കോ ഇൻഷ്വറൻസ് കമ്പനികൾക്കോ ചോരില്ലെന്ന് സർ‍ക്കാരിന് എന്തുറപ്പാണുളളത്?

5. സെപ്റ്റംബർ 24 ന് അവസാനിക്കുന്ന കരാർ കാലാവധിക്കുശേഷം ഡേറ്റയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തമായ എന്ത് വ്യവസ്ഥയാണ് സർക്കാരിന് കാട്ടിത്തരാനുളളത്? കരാറുണ്ടാക്കിയശേഷം ആരോപണമുയർന്നപ്പോൾ പഴുതടയ്ക്കാൻ നടത്തിയ കത്തിടപാടുകൾ മാത്രമല്ലേ നിലവിൽ സർക്കാരിന്റെ ഊന്നുവടി?

6. പൗരന്റെ സ്വകാര്യത മൗലികാവകാശമാണെന്ന പുട്ടസ്വാമി കേസ് വിധി സർക്കാരിന് അറിയാമോ? ഭരണഘടനയിലെ 14,19,21 വകുപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഇതനുസരിച്ചാണെങ്കിൽ കൊവിഡുമായി നേരിട്ട് ബന്ധമില്ലാത്ത പൗരന്റെ പൊതു ആരോഗ്യവിവരങ്ങൾ നിർബന്ധപൂർവം ശേഖരിക്കുന്നത് അവന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നു കൂടി വ്യാഖ്യാനിക്കേണ്ടിവരില്ലേ?കൊവിഡ് പോലുളള മഹാമാരികൾ തടയാൻ പുതിയ എപ്പിഡമിക് നിയമം അനുസരിച്ചാണ് വിവരശേഖരണം എന്നാണ് വ്യാഖ്യാനിക്കുന്നതെങ്കിൽ ഭരണഘടന നൽകുന്ന മൗലികാവകാശത്തിനുമേൽ മറ്റൊന്നുമില്ല എന്നുകൂടി സർക്കാർ ഓർക്കണം. ഏതൊരു പൗരന്റെയും മൗലികാവകാശം സംരക്ഷിക്കാനുളള ബാധ്യത ഭരണകൂടത്തിനുണ്ട്. കേരളത്തിലെ പൗരൻമാരുടെ ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സംരക്ഷിക്കാനുളള ബാധ്യതയും സർക്കാരിനുണ്ട്. അക്കാര്യത്തിൽ എന്ത് വ്യക്തതയാണ് സ്പ്രിങ്ക്ളറുമായുളള കരാറിൽ സർക്കാർ ഉണ്ടാക്കിയിട്ടുളളത് ? വിവരശേഖരണം എന്തിനെന്നും ആരു വഴി പ്രോസസ് ചെയ്യുന്നെന്നും എന്തിന് വേണ്ടിയെന്നും അറിയിക്കാതെ വ്യക്തികളുടെ ഡേറ്റ കൈമാറിയത് സ്വകാര്യതയുടെ ലംഘനമാണ് എന്ന് ചുരുക്കം.

7.കരാറിനെക്കുറിച്ചും നടപടികളെക്കുറിച്ചും നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് നടപടികൾ പരിശോധിക്കാൻ രണ്ടംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്? സർക്കാരിനുതന്നെ നടപടികളിൽ സംശയമുണ്ടെന്നല്ലേ ഇതിലൂടെ വെളിവാകുന്നത്?

സ്പ്രിങ്ക്ളറിനെക്കുറിച്ച് സംശയംചോദിച്ചാലുടനേ ലാവലിനേയും മാധ്യമ സിൻഡിക്കേറ്റിനേയും കമല ഇന്റർനാഷണലിനേയും പഴിചാരി തടിതപ്പാറുളള മുഖ്യമന്ത്രി പൊതു ജനത്തിന്റെ സാമാന്യ സംശയങ്ങൾക്കുകൂടി പരിഹാരം ഉണ്ടാക്കട്ടെ. ന്യായീകരണപോസ്റ്റുകളുമായി ഇറങ്ങിയവർക്കും ബാധകം! യുക്തിഭദ്രമായ മറുപടി സാധാരണക്കാരനു മനസിലാകുന്ന രീതിയിൽ പറഞ്ഞിട്ടാകാം പാർട്ടി ക്ലാസ് മോഡൽ പ്രബോധനം!!

English summary
V muraleedharan against Pinarayi govt on Sprinkler issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X