മഹാമാരിയില്‍ ജനം മുണ്ടുമുറുക്കിയുടുക്കുമ്പോള്‍ ഈ ധൂര്‍ത്ത് ശരിയാണോ? സർക്കാരിനെതിരെ മുരളീധരൻ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ട് തന്നെ നീങ്ങുകയാണ്. സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കിയതിന് പിന്നാലെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍.
വി മുരളീധരന്റെ കുറിപ്പ്: '' കേന്ദ്ര അന്വേഷണ ഏജന്‍സികളെ പൂട്ടാന്‍ കേരള സര്‍ക്കാര്‍ ഒരു അന്വേഷണകമ്മിഷനെ നിയമിച്ചതായി അറിയുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയില്‍ സിപിഎം വീണ്ടും അതിരുകടക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ലഹരിയിലാണ് ഈ പോക്കെങ്കില്‍ കാര്യങ്ങള്‍ സുഖകരമാവില്ല എന്നുമാത്രം പറയാം. ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വന്തം കൊള്ളരുതായ്മകള്‍ മറച്ചുവയ്ക്കാനുള്ള പതിവ് നീക്കത്തിന്‍റെ ഭാഗമാണ് ഈ അന്വേഷണകമ്മിഷന്‍റെ നിയമനവും. കോടികള്‍ പാഴാക്കിയ ശേഷം എങ്ങുമെത്താത്ത കമ്മിഷനുകള്‍ നിരവധി നാം കണ്ടതാണ്. മഹാമാരിയില്‍ ജനം മുണ്ടുമുറുക്കിയുടുക്കുമ്പോള്‍ ഈ ധൂര്‍ത്ത് ശരിയാണോ എന്ന് കേരളസര്‍ക്കാര്‍ ചിന്തിക്കണം.

Commission of Inquiry Act 1952, Section 3 പ്രകാരം, Appropriate Government ന് മാത്രമേ അന്വേഷണ കമ്മിഷനേ നിയമിക്കാൻ അധികാരമുള്ളുവെന്നിരിക്കെ, യൂണിയൻ ലിസ്റ്റിൽ പെട്ട ഏജൻസികളുടെ പ്രവർത്തനത്തെ പറ്റി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഈ ഉത്തരവ്, കോടതി വരാന്തയിൽ വെച്ച് തന്നെ തള്ളി പോകും എന്നതിൽ സംശയമില്ല. നിലവിൽ വിചാരണ കൊണ്ടിരിക്കുന്ന ഒരു കേസിന്റെ നടത്തിപ്പിനെ പറ്റി പരാതി ഉണ്ടായാൽ, ബന്ധപ്പെട്ട കോടതിയെ സമീപിക്കുക എന്ന പ്രാഥമികമായ നടപടി ഒഴിവാക്കി, അതിനെ പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മിഷനെ വെച്ച നടപടിയെക്കുറിച്ച് എന്തു പറയാൻ !
മുഖ്യമന്ത്രിയേയും, മറ്റു ക്യാബിനറ്റ് മന്ത്രിമാരെയും പറ്റിയുള്ള ആരോപണം ഉൾപ്പെടുന്ന കേസിനെ പറ്റി അന്വേഷിക്കാൻ, ഇതേ ആരോപണ വിധേയർ ഒരു മേശക്ക് ചുറ്റുമിരുന്ന് ഒരു കമ്മിഷനെ നിയമിച്ചതും തമാശ. Conflict of Interest എന്നതിനെ പറ്റി വല്ല ധാരണയുമുണ്ടോ സഖാവേ ? ഏതായാലും കമ്മിഷനെ നിയമിച്ച് ഉത്തരവിറക്കിയ സ്ഥിതിക്ക് ഈ തമാശയിൽ ഞാനും പങ്കു ചേരുന്നു. ബഹു.കമ്മിഷന്‍റെ അന്വേഷണപരിധിയില്‍ വരേണ്ട മറ്റു ചില കാര്യങ്ങള്‍ക്കൂടി താഴെ ചേര്‍ക്കുന്നു...
1.തിരുവനന്തപുരം വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് കീഴിലെ പ്രധാന ഉദ്യോഗസ്ഥ ( പത്താം ക്ലാസ്) എന്തിന് സംസ്ഥാനം വിട്ടു.?
2.ഈ ഉദ്യോഗസ്ഥയെ സംസ്ഥാനം വിടാന്‍ അന്ന് സഹായിച്ചതാര്? ഏതു തലം വരെ അതിനുള്ള ഗൂഢാലോചന നടന്നു?
3.മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ തന്നെ വകുപ്പായ ഐടിയുടെ സെക്രട്ടറിയുമായ എം.ശിവശങ്കരന്‍ എങ്ങനെ ഇപ്പോഴും കള്ളക്കടത്ത് കേസില്‍ പ്രതിയായി തുടരുന്നു?. കോടതികളൊന്നും എന്തുകൊണ്ട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല.?
4.കേരളസര്‍ക്കാരിന്‍റെ അഭിമാനപദ്ധതിയായ ലൈഫ് മിഷനില്‍ എങ്ങനെ കള്ളക്കടത്തുസംഘം ഇടപെട്ടു.?
5.മുഖ്യമന്ത്രിയടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ കൈക്കൂലി വാങ്ങിയതിന് അദ്ദേഹത്തിന്‍റെ തന്നെ വിജിലന്‍സ് റജിസ്ടര്‍ ചെയ്ത കേസില്‍ എം.ശിവശങ്കര്‍ എങ്ങനെ പ്രതിയായി.?
6. ലൈഫ് മിഷനില്‍ കൈക്കൂലി നല്‍കിയെന്ന് നല്‍കിയയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ഐ ഫോണ്‍ എങ്ങനെ സിപിഎം സെക്രട്ടറിയുടെ ഭാര്യയുടെ കയ്യില്‍ വന്നു ?
7. ഇതേ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്തുകൊണ്ട് ലഹരികടത്തുകേസില്‍ ജാമ്യം കിട്ടാതെ ഇപ്പോഴും ജയിലില്‍ കിടക്കുന്നു ?
8. സര്‍ക്കാരിന്‍റെ ഔദ്യോഗിക വാഹനത്തില്‍ മതഗ്രന്ഥം വിതരണം ചെയ്യാന്‍ ഒരു മന്ത്രിക്ക് അനുവാദം നല്‍കിയത് ആരാണ് ?
9. ഇഡിക്കെതിരെ പുതിയ ക്രൈംബ്രാഞ്ച് കേസ് റജിസ്ടര്‍ ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഡിജിപി അവസാന നിമിഷം പിന്‍മാറിയതെന്ത് ?
10. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്ടര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കിയതെന്ത് ?
NB : കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. അവലംബം: ജോണ്‍ ബ്രിട്ടാസിന്‍റെ രാജ്യസഭാ നാമനിര്‍ദേശ പത്രിക.












Click it and Unblock the Notifications