പൃഥ്വിരാജ് പിന്മാറിയതല്ല; വാരിയംകുന്നന്‍ സിനിമ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി ആഷിക് അബു
കൊച്ചി: അടുത്ത കാലത്ത് വലിയ ചര്‍ച്ചയായ സിനിമയായിരുന്നു വാരിയംകുന്നന്‍. ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ ആയിരുന്നു നായകനായി നിശ്ചയിച്ചത്. പൃഥ്വിരാജും ആഷിക് അബുവും അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ സിനിമയുടെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
ഈ പ്രഖ്യാപനം വന്ന പിന്നാലെയാണ് വാരിയംകുന്നന്‍ ഏറെ ചര്‍ച്ചയായത്. സംഘപരിവാര്‍ നേതാക്കള്‍ സിനിമക്കെതിരെ രംഗത്തുവന്നു. സിനിമയില്‍ അഭിനയിക്കരുത് എന്ന് പൃഥ്വിരാജിനോട് സോഷ്യല്‍ മീഡിയ വഴിയും മറ്റും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ആ ഘട്ടത്തില്‍ മൗനം പാലിച്ചെങ്കിലും സിനിമ ഒഴിവാക്കി എന്ന വിവരമാണ് പിന്നീട് വന്നത്.

എന്താണ് സിനിമ ഒഴിവാക്കാന്‍ കാരണം എന്ന ചോദ്യം പിന്നീട് ഉയര്‍ന്നു. സംഘപരിവാര്‍ ഭീഷണി കാരണം വിവാദങ്ങള്‍ ഭയന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറി എന്നായിരുന്നു ഒരു പ്രചാരണം. എന്നാല്‍ മറ്റു ചില കാരണങ്ങളാണ് സിനിമ വേണ്ടെന്ന് വച്ചതെന്നും വാര്‍ത്തകള്‍ വന്നു. ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആഷിക് അബു ഇപ്പോള്‍ സത്യം തുറന്നുപറഞ്ഞു.
ഞാന്‍ ഏറ്റെടുത്ത കാര്യം നടക്കാതിരുന്നതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ ആലോചിച്ച സിനിമകളുടെ 50 ശതമാനം മാത്രമേ എന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയുള്ളൂ. വാരിയംകുന്നന്‍ ഉപേക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, നിര്‍ബന്ധിതനായി. വേറെ ആരുടെയും കുറ്റമല്ലെന്നും ആഷിക് അബു മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പണമായിരുന്നു പ്രശ്‌നം. ആ സിനിമ തയ്യാറാക്കാനുള്ള പണമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പൃഥ്വിരാജ് പിന്മാറിയ സംഭവമൊന്നുമുണ്ടായിട്ടില്ല. ബിസിനസ് ആസ്പക്ട്‌സില്‍ മാത്രമാണ് നിലച്ചത്. പൃഥ്വിരാജും ഞാനുമെല്ലാം വാരിയംകുന്നന്‍ ഏറ്റെടുക്കുന്ന വേളയില്‍ അത്രയും വലിയ സിനിമയായി കാണിക്കുകയായിരുന്നു ലക്ഷ്യം. അത്തരം കാര്യങ്ങളില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത ചില ഡീലിങ്‌സ് ഉണ്ടായി...
സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അതിനോട് യോജിക്കാനാകുമായിരുന്നില്ല. അപ്പോഴാണ് പിന്മാറിയത്. ഇത്രയും വലിയ പ്രൊജക്ട്, എനിക്ക് ഇടയില്‍ നിന്നുപോകാന്‍ പറ്റണമെങ്കില്‍ ഏറ്റെടുക്കാന്‍ സാധിക്കുന്ന സൈസ് ആയിരിക്കണമല്ലോ അത്. അതായിരുന്നില്ല. മറ്റു കാര്യങ്ങളൊന്നും സിനിമയില്‍ നിന്ന് പിന്മാറാനുണ്ടായിരുന്നില്ല. പണം മാത്രമായിരുന്നു വിഷയം എന്നും ആഷിക് അബു വിശദീകരിച്ചു.
പൃഥ്വിരാജ് ആയിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കാന്‍ തീരുമാനിച്ചത്. 1920കളില്‍ മലബാറിലെ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണയക പങ്കുവഹിച്ച നേതാവാണ് ഹാജി. ഇദ്ദേഹത്തിനെതിരെ സംഘപരിവാര്‍ നേതാക്കള്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മതംമാറ്റം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
വാരിയംകുന്നന്‍ സിനിമ വിവാദമായ പശ്ചാത്തലത്തില്‍ വാരിയംകുന്നന്റെ ഒരു കത്ത് ചര്‍ച്ചയായിരുന്നു. ഹിന്ദു പത്രത്തിന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അന്ന് നടന്നിരുന്ന പ്രചാരണങ്ങളെ കുറിച്ച് വിശദീകരിച്ച് എഴുതിയ കത്തായിരുന്നു അത്. ജന്മിമാരും ബ്രിട്ടീഷുകാരും ഇല്ലാക്കഥകള്‍ മെനയുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications