Vadakara Election Result: ടിപിയുടെ ഓർമ്മ ദിനത്തിൽ കെകെ രമയ്ക്ക് തുടർച്ച; വടകരയിൽ വീണ്ടും ഇടതിന് തോൽവി
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎഫ് തിരിച്ചടി നേടുമ്പോൾ ഇക്കുറി പിടിച്ചെടുക്കുമെന്ന് കരുതിയ വടകര മണ്ഡലത്തിൽ ഒരിക്കൽ കൂടി കെകെ രമയുടെ മുന്നേറ്റമുണ്ടായിരിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ തന്നെ യുഡിഎഫിന് മുന്നേറ്റം പ്രകടമായിരുന്നു. പതിവിലും വൈകിയാണ് ഇക്കുറി വടകരയിൽ വോട്ടെണ്ണൽ സൂചനകൾ വന്നു തുടങ്ങിയത്. 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇക്കുറി രമയുടെ ജയം.
വടകരയിൽ എംഎൽഎയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു എൽഡിഎഫ് ഇവിടെ പ്രചാരണം നടത്തിയിരുന്നത്. കിഫ്‌ബി ഫണ്ട് ഉൾപ്പെടെയുള്ളവ കൃത്യമായി വിനിയോഗിക്കാതെയാണ് എംഎൽഎ ഇവിടെ ഭരിച്ചതെന്നായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം കാറ്റി പറത്തി കൊണ്ടാണ് യുഡിഎഫ് മുന്നേറിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ 7491 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രമ വിജയിച്ചത്. ഇത് വ്യക്തമായ ഭൂരിപക്ഷമായിരുന്നു. ഇതിനുമുമ്പ്, 2016ൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി അവർ മത്സരിച്ചിരുന്നു. അന്ന് പതിനഞ്ച് ശതമാനത്തിലധികം വോട്ട് വിഹിതത്തോടെ 20,000-ൽ അധികം വോട്ടുകൾ നേടാൻ രമയ്ക്ക് കഴിഞ്ഞു.
ചന്ദ്രശേഖരന്റെ ഓർമ്മദിനം
നിലവിലെ ഈ മത്സരം വ്യക്തിപരമായ രാഷ്ട്രീയ ചരിത്രവും ഉൾക്കൊള്ളുന്നുണ്ട്. കെകെ രമ, ആർഎംപി സ്ഥാപകൻ ടിപി ചന്ദ്രശേഖരന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ കൊലപാതകം പ്രദേശത്തെ രാഷ്ട്രീയ സംഘർഷങ്ങൾ വർധിപ്പിച്ചിരുന്നു. രമയുടെ രാഷ്ട്രീയ വളർച്ച ആ കാലഘട്ടത്തോടുള്ള പ്രതികരണമായാണ് പല നിരീക്ഷകരും കാണുന്നത്. അതുകൊണ്ട് തന്നെ മെയ് നാലാം തീയതി, ചന്ദ്രശേഖരന്റെ ഓർമ്മദിനത്തിൽ രമയുടെ മുന്നേറ്റം ഒരു സൂചനയായാണ് വിലയിരുത്തുന്നത്.
ജയിച്ചാൽ കെകെ രമ മന്ത്രിയാവുമോ എന്നാണ് മണ്ഡലത്തിലെ വോട്ടർമാർ ചോദിക്കുന്ന പ്രധാന ചോദ്യം. യുഡിഎഫ് പിന്തുണയോടെയാണ് മണ്ഡലത്തിൽ രമ മത്സരിച്ചത്. നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ വരുമെന്ന് ഉറപ്പായതോടെ രമയും ആർഎംപിയും മുന്നണിയുടെ ഭാഗമാവുകയും സർക്കാരിൽ സ്ഥാനം സ്വീകരിക്കുമോ എന്നുമാണ് ചോദ്യം.
അതിനിടെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി കെകെ രമ എത്തിയിരിക്കുകയാണ്. പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്‌തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ; കെകെ രമ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു.












Click it and Unblock the Notifications