വടകര ദേശീയപാത പ്രശ്നം; നിതിൻ ഗഡ്ഗരിയെ കണ്ട് ഷാഫി പറമ്പിൽ.. 'ഇനിയെങ്കിലും അവഗണിക്കരുത്'
വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ നേരിൽകണ്ട് അറിയിച്ചതായി എംപി ഷാഫി പറമ്പിൽ. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും സഹിതമാണ് മന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയിൽ അദാനി ഗ്രൂപ്പ് പ്രതിനിധിയും പങ്കെടുത്തു. ഉപകരാർ നൽകിയിട്ടുള്ള വഗാട് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാതിരിക്കുകയും കുറവുകൾ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിർമ്മാണ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്പനി പ്രതിനിധികളെ അറിയിച്ചതായും ഷാഫി പറമ്പിൽ പറഞ്ഞു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

' വടകരയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിധിൻ ഗഡ്കരിയെ നേരിൽകണ്ട് അറിയിച്ചു. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും മന്ത്രിയെ രാവിലെ പാർലമെന്റിൽ വച്ച് നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയപ്പോൾ വൈകുന്നേരം അഞ്ചുമണിക്ക് ശേഷം വസതിയിൽ ഇതിനെ സംബന്ധിച്ച് ഒരു ചർച്ച വയ്ക്കാം എന്നും അവിടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം മന്ത്രിയെ വീണ്ടും നേരിൽ പോയി കണ്ടു,നിർമ്മാണത്തിന്റെ ആദ്യ കരാർ ലഭിച്ച അദാനി കമ്പനിയുടെ പ്രതിനിധികളോട് അവിടെ വരാൻ ആവശ്യപ്പെട്ടിരുന്നു.
നിർമ്മാണവുമായി ബന്ധപ്പെട്ട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രദേശത്ത് ജനങ്ങൾ അനുഭവിക്കപ്പെടുന്ന ബുദ്ധിമുട്ടുകൾ പ്രതിനിധികളെ അറിയിച്ചു.മന്ത്രി വിഷയങ്ങൾ ശരി വെക്കുകയും ചെയ്തു. ഉപകരാർ നൽകിയിട്ടുള്ള വഗാട് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാതിരിക്കുകയും കുറവുകൾ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിർമ്മാണ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്പനി പ്രതിനിധികളെ അറിയിച്ചു.
തകർന്നു കിടക്കുന്ന സർവീസ് റോഡുകൾ, നിരന്തരമായി പരാജയപ്പെടുന്ന സോയിൽ നെയ്ലിംഗ്,നിത്യ ദുരിതമായ ട്രാഫിക് ബ്ലോക്കുകൾ, മഴക്കാല മുന്നൊരുക്കങ്ങൾ നടത്താതിരുന്നത്, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കാതിരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ബോധ്യപ്പെടുത്താനായി.സോയൽ നെയ്ലിംഗ് ടെക്നോളജി പരാജയം ആണെന്നും പരാജയപ്പെട്ട ഇടങ്ങളിൽ ബഫർ സോണായി കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടി വരും എന്നും കമ്പനി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു
നിരവധി തവണ മുൻപും ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഇനിയെങ്കിലും അവഗണിക്കപ്പെടില്ലെന്ന് കരുതുന്നു', പോസ്റ്റിൽ എംപി പറഞ്ഞു.
സിമന്റിട്ട് വാരിപ്പൊത്തുകയല്ല വേണ്ടത്,കോൺക്രീറ്റ് ഇട്ട് പുനഃനിർമ്മിക്കണം; വിടി ബൽറാം
കേരളത്തിലെ ദേശീയപാതയിൽ സോയിൽ നെയിലിംഗ് ചെയ്ത മുഴുവൻ ഭാഗങ്ങളും നല്ല നിലവാരത്തിലുള്ള കോൺക്രീറ്റ് മതിലുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കണമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം.. ചെമ്മൺതിട്ടകളും ചെറുകുന്നുകളും കുത്തനെ മണ്ണ് വെട്ടിയിറക്കി അവിടെ സോയിൽ നെയിലിംഗ് എന്ന പേരിൽ സിമന്റ് വാരിപ്പൊത്തുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. വർഷത്തിൽ ആറ് മാസത്തോളം മഴ പെയ്യുന്ന, അതിന്റേതായ ഉറവകളും നീരൊഴുക്കുമുള്ള കേരളത്തിൽ ഈ രീതി സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ മതിയായ കനത്തിൽ കോൺക്രീറ്റ് മതിലുകൾ നിർമ്മിക്കുക, അല്ലെങ്കിൽ ഇരുവശങ്ങളിലും മതിയായ സ്ലോപ് ഉറപ്പുവരുത്തി മണ്ണ് തിട്ടകളായി വെട്ടിയിറക്കി വേണ്ടവിധം ബലപ്പെടുത്തുക. അടിയന്തരമായി ഇത് ചെയ്തില്ലെങ്കിൽ അപകടങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനായി ഇരുവശങ്ങളിലും ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കണം. ദേശീയപാതാ അതോറിറ്റിയേക്കൊണ്ടും കേന്ദ്ര സർക്കാരിനേക്കൊണ്ടും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുപ്പിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്നും ബൽറാം ആവശ്യപ്പെട്ടു.












Click it and Unblock the Notifications