വൈറലായ അസഭ്യ കമന്‍റുകള്‍ ആരുടേത്?; വിശദീകരണവുമായി വിഡി സതീശന്‍ എംഎല്‍എ
കൊച്ചി: വിഡി സതീശന്‍ എംഎല്‍എയുടേതെന്ന പേരില്‍ പ്രചരിക്കുന്ന അസഭ്യ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് സമുഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അസഭ്യം നിറഞ്ഞ രണ്ട് കമന്‍റുകളായിരുന്നു ആദ്യം പുറത്തുവന്നത്. പിന്നീട് സമാനമായ രീതിയിലുള്ള മറ്റ് ചില കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടും പ്രചരിക്കാന്‍ തുടങ്ങി. കമന്‍റ് എംഎല്‍എയുടെ അക്കൗണ്ടില്‍ നിന്ന് തന്നെ പുറത്ത് വന്നതാണെന്നും അതല്ല, രാഷ്ട്രീയ എതിരാളികളുടെ ഫോട്ടോഷോപ്പാണെന്നും വാദമുണ്ട്. ഏതായാലും സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഈ സംഭവം.

അവകാശപ്പെടുന്നത്
എംഎല്‍എയുടെ അക്കൗണ്ട് മാനേജര്‍ക്ക് പറ്റിയ അബന്ധമായിരിക്കാമെന്നാണ് ചിലര്‍ സംശയിക്കുന്നത്. എന്നാല്‍ ഈ കമന്‍റുകള്‍ തന്റേതല്ലെന്നും സൈബർ സഖാക്കളുടെ വ്യാജപ്രചാരണമാണെന്നുമാണ് വിഡി സതീശൻ എംഎൽഎയും അവകാശപ്പെടുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം സിനിമയിലെ ഒരു രംഗം കൂടി ഓര്‍മിപ്പിച്ചു കൊണ്ടാണ് വിഡി സതീശന്‍റെ ഫേസ്ബുക്ക് കുറിപ്പ്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തനിസ്വഭാവം
ഐഎന്‍എസ്പിയില്‍ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സി.പി.എമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു.

എഴുതി വച്ചിരിക്കുന്നത്
ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്. ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്.

സൈബർ മേഖലയിലെ അക്രമം
നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്.

മര്യാദ വിട്ടില്ല
എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്.

കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക
അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കും.- വിഡി സതീശന്‍ എംഎല്‍എ കുറിപ്പ് അവസാനിപ്പിക്കുന്നു.

പരിഹാസം
വിശദീകരണവുമായി എംഎല്‍യിട്ട കുറിപ്പിന്‍റെ കമന്‍റ് ബോക്സിലും എതിരാളികള്‍ പരിഹാസവുമായി എത്തിയിട്ടുണ്ട്. സ്വന്തം അക്കൗണ്ടില്‍ നിന്നല്ല ഇത്തരമൊരു കമന്‍റ് പോയതെന്ന് എംഎല്‍എയ്ക്ക് ഉറപ്പാണെങ്കില്‍ പോലീസില്‍ നല്‍കുമെന്ന് പറഞ്ഞ പരാതി ഉടന്‍ തന്നെ നല്‍കി സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആളുകളുടെ ആവശ്യം.

ഷാഫി പറമ്പിലിന്‍റെ പേരില്‍
കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ പാസില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ ഇടപെട്ട ഷാഫി പറമ്പില്‍ എംഎല്‍എയുടേതെന്ന പേരില്‍ പ്രചരിച്ച ഒരു സക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തരമൊരു പോസറ്റ് താന്‍ പങ്കുവെച്ചിട്ടില്ലെന്നായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രതികരണം.
നേതാക്കള്‍ വാളയാറിൽ പോയതിനെ വിമര്‍ശിക്കുന്നവരോട്; ആ ജനപ്രതിനിധികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു
ചൗഹാന് അടിമുടി പ്രശ്നങ്ങള്‍, എട്ടിന്റെ പണിയുമായി സിന്ധ്യ, കമല്‍നാഥിനെ പൂട്ടാന്‍ നീക്കം, ത്രില്ലര്‍!