'മുനമ്പം സമരക്കാർക്ക് ആദ്യം പിന്തുണ കൊടുത്തത് ഞങ്ങൾ, അവർക്കൊപ്പമുണ്ടാവും'; വിഡി സതീശൻ
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതിഷേധക്കാർക്ക് റവന്യൂ അവകാശങ്ങൾ നേടി കൊടുക്കുന്നത് വരെ അവർക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂവിഷയത്തിൽ സമരക്കാർക്ക് ആദ്യമായി പിന്തുണ നൽകിയത് തങ്ങളാണെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വിഷയത്തിൽ കഴിഞ്ഞ ദിവസവും പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സർക്കാരും വഖഫ് ബോർഡും വിചാരിച്ചാൽ പത്ത് മിനിറ്റുകൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംഘ പരിവാറിന്റെ അജണ്ടയ്ക്ക് സർക്കാർ കുടപിടിക്കുകയാണെന്നും സതീശൻ ആരോപിച്ചിരുന്നു.

വിഷയം പരിഹരിക്കാതെ പരമാവധി വൈകിപ്പിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘ പരിവാര്‍ അജണ്ട തന്നെയാണ് സിപി എമ്മും കേരളത്തില്‍ നടപ്പാക്കുന്നത് എന്ന് പറഞ്ഞ സതീശൻ ലീഗിന്റെ ഇടപെടൽ എടുത്തുപറയുകയും ചെയ്‌തു.
അതേസമയം, വയനാട്ടിലെ കേന്ദ്ര നിലപാടിനെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്ന കാര്യത്തിൽ മൂന്ന് വട്ടം ആലോചിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ഇന്ന് പറഞ്ഞത്. യുഡിഎഫാണ് കേന്ദ്ര അവഗണനയ്‌ക്കെതിരെ ആദ്യം സംസാരിച്ചത് യുഡിഎഫാണ്. മുഖ്യമന്ത്രി പറയുന്നതിന് മുൻപ് ഞങ്ങൾ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഒറ്റയ്ക്ക് സമരം ചെയ്യാൻ ത്രാണിയുണ്ട്; സതീശൻ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഭരണകക്ഷി അധ്യാപക സംഘടനയിലെ ആളുകളാണ് ചോദ്യപേപ്പർ ചോർത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതുകൊണ്ടാണ് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ തട്ടിയെടുക്കുന്നതായി പുറത്ത് വന്നിട്ട് അവരുടെ പേര് വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. പേര് പറഞ്ഞാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ വലിയ നിര തന്നെ ഇതിലുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. പിവി അൻവറിനെ മുന്നണിയിലേക്ക് എടുക്കുന്ന കാര്യം ചർച്ച ചെയ്‌തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications