കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാപ്തനല്ലെന്ന് തെളിയിച്ച വനം മന്ത്രിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം: വിഡി സതീശന്‍

Google Oneindia Malayalam News

കോട്ടയം : ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം വകുപ്പ് മന്ത്രിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കക്ഷി നേതാവായതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണം. പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത് .

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്. സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീം കോടതി വിധി വന്ന ജൂണ്‍ മൂന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷയം പഠിക്കാതെ വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജനതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു .

vd

ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29-ന് ലഭിച്ചതാണ്. അപൂര്‍ണ റിപ്പോര്‍ട്ടാണെന്ന് അറിയാമായിരുന്നിട്ടും മൂന്നര മാസത്തോളും ഒളിപ്പിച്ച് വച്ചു. വീടുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ദേവാലയങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ശേഖരിച്ച് 15 ദിവസം കൊണ്ട് മാനുവല്‍ സര്‍വേ നടത്താമായിരുന്നു. എന്നിട്ടും ബഫര്‍ സോണില്‍ അപകടകരമായ സ്ഥിതിയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റാത്ത വനം മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നത് ?

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വന്തം ഭൂമിയില്‍ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചാല്‍ അത് അംഗീകരിക്കുമോ? രക്തഹാരം അണിയിച്ച് ഭൂമി ഏറ്റെടുക്കാന്‍ വരുന്നവരെ സല്യൂട്ട് ചെയ്യുമോ? 74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യും? ആ പാവങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും യു ഡി എഫും ഉണ്ടാകും. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ത് കിലോമീറ്റര്‍ ബഫര്‍ സോണില്‍ അഭിപ്രായം അറിയിക്കാനാണ് സുപ്രീം കോടതി ആദ്യം ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ തദ്ദേശ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന റോഷി അഗസ്റ്റിനും ഹൈറേഞ്ച് സംരക്ഷണ സമിതി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതല്ലാതെ മറ്റേതെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ മന്ത്രി അത് കാണിക്കട്ടേ . 2019- ല്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചതില്‍ നിന്നും രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്.

യുവ സംവിധായിക നയന സൂര്യന്റെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് വി ഡി സതീശന്‍ പറഞ്ഞു .

English summary
VD Satheesan Says forest minister who has proved incompetent should be removed from his post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X