സതീശന്‍ കളി തുടങ്ങുന്നു; പുതിയ ഘടകകക്ഷി ഉടന്‍ യുഡിഎഫിലേക്ക് വരും, മുന്നണി കൂടുതല്‍ ശക്തമാവും
തിരുവനന്തപുരം: കോണ്‍ഗ്രസിനേയും യുഡിഎഫിനേയും പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിനേയും മികച്ച രീതിയില്‍ സംസ്ഥാനത്ത് തിരികെ കൊണ്ടുവരുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ തന്നെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ മുന്നണിയെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയുള്ള ശ്രദ്ധേയമായ ചില നടപടികളും ഉണ്ടാവുമെന്ന സൂചന നല്‍കുകയാണ് വിഡി സതീശന്‍. കൂടുതല്‍ പേര്‍ യുഡിഎഫ് മുന്നണിയിലേക്ക് വരുമെന്നാണ് വിഡി സതീശന്‍ അവകാശപ്പെടുന്നത്.

പുതിയ കക്ഷി വരും
യുഡിഎഫ് മുന്നണിയില്‍ നിന്നും ഇനിയൊരു ഘടകക്ഷിയും കൊഴിഞ്ഞ് പോകില്ല. മാത്രവുമള്ള അടുത്ത കാലത്ത് തന്നെ കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് കടന്ന് വരുമെന്നുമാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിഡി സതീശന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് കക്ഷിയാണ് യുഡിഎഫിലേക്ക് വരുന്നതെന്ന കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് തോല്‍വി
മുന്നണിയെ ശക്തിപ്പെടുത്താന്‍, ഘടകകക്ഷികള്‍ക്ക് കൂടി സ്വീകാര്യമായ ഏത് തീരുമാനവും ഞങ്ങള്‍ സ്വീകരിക്കും. മുന്നണിയെ ശക്തിപ്പെടുത്താന‍് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുവെന്നത് അടുത്ത ദിവസം തന്നെ പൊതു സമൂഹത്തിന് കാണാന്‍ കഴിയും. മുന്നണിയുടെ തിരഞ്ഞെടുപ്പ് തോല്‍വി പ്രധാന കക്ഷിയെ മാത്രം ബാധിക്കുന്നതല്ല. അത് മുന്നണിയിലെ എല്ലാ പാര്‍ട്ടിയേയും ബാധിക്കും. മുസ്ലി ലീഗിനേയും ആര്‍എസ്പിയേയുമെല്ലാം തോല്‍വി ബാധിച്ചിട്ടുണ്ട്.

മുസ്ലീം ലീഗ്
അത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അതുകൊണ്ട് അവര്‍ മുന്നണി വിട്ടുപോകും എന്ന പ്രചരണത്തിലോ മുന്നണി ദുര്‍ബലമാകും എന്ന് പറയുന്നതിലോ അര്‍ത്ഥമൊന്നുമില്ലെന്നും അഭിപ്രായപ്പെടുന്ന വിഡി സതീശന്‍ മുസ്ലീം ലീഗ് ഒരു വര്‍ഗീയ കക്ഷിയാണെന്ന പ്രചരണത്തിനോട് യോജിപ്പില്ലെന്നും വ്യക്തമാക്കുന്നു.

ലീഗിന്‍റെ പ്രത്യേകത
യഥാര്‍ത്ഥത്തില്‍ വര്‍ഗീയതയേയും തീവ്രവാദത്തെയും കേരളത്തില്‍ തടുത്തുനിര്‍ത്തിയൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. എല്ലാ കാര്യത്തിലും മിതമായ സമീപനം സ്വീകരിക്കുന്നുവെന്നാണ് ലീഗിന്‍റെ പ്രത്യേകത. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു എന്നതുകൊണ്ട് മാത്രമാണ് അവരെ വര്‍ഗീയ പാര്‍ട്ടിയായി ചിലര്‍ മുദ്രകുത്തുന്നത്.

സിപിഎമ്മിന്‍റെ കൂടെ ആയിരുന്നെങ്കില്‍
മുസ്ലിം ലീഗ് ഇപ്പോള്‍ സിപിഎമ്മിന്‍റെ കൂടെ ആയിരുന്നെങ്കില്‍ ഇത്തരത്തിലൊരു ചോദ്യം ഉയരുക പോലും ഇല്ലായിരുന്നു. ഒരു കാലത്തില്‍ സിപിഎമ്മിനൊപ്പ നിന്ന ചരിത്രവും മുസ്ലിം ലീഗിനുണ്ട്. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും കഴഞ്ഞ അഞ്ച് തവണയും തനിക്കെതിരായ നിലപാടാണ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടി
അപ്പോഴെല്ലാം അവര്‍ സിപിഎമ്മിന്‍റെ കൂടെയായിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്നത്. വര്‍ഗീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫിന് ബന്ധമെന്ന പ്രചാരണമായിരുന്നു ഇതിന് പിന്നാലെ സിപിഎം നേതാക്കള്‍ നടത്തിയത്.

എകെജി സെന്ററിലിരിക്കുമ്പോള്‍
കഴിഞ്ഞ 25 കൊല്ലത്തോളമായി അവര്‍ എകെ സെന്‍ററിലായിരുന്നു.എകെജി സെന്ററിലിരിക്കുമ്പോള്‍ അവര്‍ മതേതര വാദികളും, അവിടെ നിന്നും പുറത്തുവന്ന് കോണ്‍ഗ്രസുമായി കൂട്ടുകൂടുമ്പോള്‍ അവര്‍ വര്‍ഗ്ഗീയവാദികളുമായി മാറുകയുമാണുണ്ടായത്. അതുപോലെയായിരുന്നു ലീഗ് എല്‍ഡിഎഫിനൊപ്പമായിരുന്ന കാലത്തെ അവസ്ഥയും.

ഗ്രൂപ്പ് രാഷ്ട്രീയം
അതേസമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. പ്രതിപക്ഷ നേതാവായ ഉടന്‍ ഇനി കോണ്‍ഗ്രസില്‍ ഗ്രൂപ്പെന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അതിലൊരു അനൗചിത്യമുണ്ട്. ഗ്രൂപ്പിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഞങ്ങളില്‍ പലരും. അതുകൊണ്ട് ഒരു സുപ്രഭാതത്തില്‍ അതിനെ തള്ളിപ്പറയുന്നതില്‍ ഔചിത്യക്കുറവുണ്ട്.

പാര്‍ട്ടിയാണ് വലുത്
ഗ്രൂപ്പുകളൊക്കെ ആവാം. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിലുണ്ടാകും. എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുകളുണ്ട്. അതൊക്കെ അവിടെ നിന്നോട്ടെ. പക്ഷെ പാര്‍ട്ടിയേക്കാള്‍ വലുതല്ല ഗ്രൂപ്പുകള്‍ എന്ന ചിന്ത എല്ലാവര്‍ക്കും വേണം. പാര്‍ട്ടി ഒന്നാമതും ഗ്രൂപ്പ് രണ്ടാമതുമാണ്. ഈ ബോധം ഇപ്പോള്‍ പാര്‍ട്ടിയിലെ നേതാക്കളിലും പ്രവര്‍ത്തകരിലും വന്നിട്ടുണ്ട്.
Recommended Video

മുന്നോട്ട് പോവും
ഗ്രൂപ്പ് രാഷ്ട്രീയത്തിനും മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് കേരളത്തിലേക്ക് തിരിച്ച് വരാന്‍ ബുദ്ധിമുട്ടാണ്. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കൊണ്ട് വീട് തകര്‍ന്ന് പോകരുത്. അതിനുള്ള വലിയ താക്കീത് ജനങ്ങള്‍ തന്നുകഴിഞ്ഞു. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കണമെന്നാണ് ജനങ്ങള്‍ പറഞ്ഞിരിക്കുന്നത്. മുന്നിലുള്ള തടസ്സങ്ങളെല്ലാം മറികടന്ന് ഞങ്ങള്‍ മുന്നോട്ട് പോവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications