'രാജീവ് മന്ത്രിയായ ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും തുടങ്ങിയത്?'; വിഡി സതീശൻ
തിരുവനന്തപുരം: ഇന്‍വെസ്‌റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും വ്യവസായ മന്ത്രി പി രാജീവിനെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നത് അപഹാസ്യമാണെന്നും വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമാകരുതെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും കടുപ്പിക്കുകയാണ്. മൂന്ന് വര്‍ഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക പുറത്തു വിടണമെന്നാണ് ഇന്നും വിഡി സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. സിപിഐഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരം മുട്ടിയപ്പോള്‍ പ്രതിപക്ഷം വികസന വിരോധികളെന്ന വ്യാഖ്യാനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചത് സിപിഎമ്മിന്റെ തന്‍ പോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളുമാണെന്നതിന് തെളിവുണ്ടെന്നും സതീശൻ പറയുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയും പി രാജീവ് വ്യവസായ മന്ത്രിയും ആയതിന് ശേഷമാണോ കേരളത്തില്‍ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാര്‍ബര്‍ ഷോപ്പും ഐസ്‌ക്രീം പാര്‍ലറും ജിമ്മുമൊക്കെ തുടങ്ങിയത്? എന്നായിരുന്നു വിഡി സതീശന്റെ ചോദ്യം. കോവിഡ് കാലത്ത് കബളിപ്പിച്ചതു പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്ന് സർക്കാർ കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വിഡി സതീശൻ നടത്തിയ ആരോപണങ്ങളോട് മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു. വ്യവസായ നിക്ഷേപത്തിന് കേരളം മികച്ചതാണെന്നും കേരളീയരും കേരള വിരുദ്ധരും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും മന്ത്രി മറുപടി നൽകിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ആകാം, കേരളത്തിന്റെ പ്രതിപക്ഷം ആവരുതെന്നും രാജീവ് എടുത്തുപറഞ്ഞിരുന്നു.
കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വ്യവസായ മന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ മറുപടി ഞങ്ങള്‍ക്ക് ഉള്ളതല്ല, അത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അത് അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്‌ത് അവസാനിപ്പിക്കണം. അതിന്റെ പേരില്‍ കേരളത്തെ കരുവാക്കരുതെന്നും ശശി തരൂർ വിവാദം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications