സൗജന്യ കോവിഡാനന്തര ചികിത്സ പുനസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: കോവിഡാനന്തര സൗജന്യ ചികിത്സയില്‍ നിന്നും എ പി എല്‍ കാര്‍ഡ് ഉടമകളെ ഒഴിവാക്കിയതിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. പുതിയ തീരുമാന പ്രകാരം ഇനിമുതല്‍ കാസപ് ചികിത്സ കാർഡ് ഉള്ളവർക്കും, ബി പി എൽ കാർഡുകാർക്കും മാത്രമായിരിക്കും സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ കോവിഡാനന്തര ചികിത്സ. എ പി എൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതിയുണ്ട്.
എന്നാല്‍ സർക്കാർ ആശുപത്രികളിൽ എ പി എൽ. വിഭാഗത്തിൽ പെട്ടവർക്ക് പോസ്റ്റ് കോവിഡ് സൗജന്യ ചികിത്സ നിർത്തലാക്കുവാനുള്ള സർക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുകയും ആസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകർത്തിരിക്കുകയാണ്.

വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിന് ആൾക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എ പി എല്ലും, ബി പി എല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങൾ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്.എത്രയും വേഗം ഈ തീരുമാനം സർക്കാർ പിൻവലിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications