സഫിയ ബീവിയ്ക്ക് ആശ്വാസം; മകന് സൗജന്യ ഭക്ഷണവും മരുന്നും കിട്ടും; ചികിത്സ മുടങ്ങില്ലെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സഫിയ ബീവിയ്ക്ക് ആശ്വാസമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മകന് ഇനി സൗജന്യ ഭക്ഷണവും മരുന്നും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശിയാണ് സഫിയ ബീവി. തന്റെ മകന്റെ ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു സഫിയ ബീവി.
സൗജന്യ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങില്ലെന്ന് വീണാ ജോര്‍ജ് അറിയിച്ചു. സ്‌ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എസ്.ബി. ഐ.സി.യുവില്‍ ചികിത്സയിൽ കഴിയുകയാണ് മകന്‍ നവാസ്. 47 വയസ്സുണ്ട് ഇയാൾക്ക്.

അതേസമയം, കരൾ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ അഭി സംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തിയത്. പരിപാടി കഴിഞ്ഞ് പോകാനായി വന്നപ്പോഴാണ് ഒന്നാം നിലയിലെ എംഐസിയുവിന്റെ മുമ്പില്‍ രോഗികളെ കണ്ടത്.
രോഗികളുമായി സംസാരിക്കുമ്പോള്‍ മറ്റ് കൂട്ടിരിപ്പുകാരാണ് സഫിയ ബീവിയുടെ കാര്യം മന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. റേഷന്‍കാര്‍ഡ് ഇല്ലാതെ മരുന്നിനും ഭക്ഷണത്തിനുമായി ബുദ്ധിമുട്ടുന്നതായി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഉടന്‍ തന്നെ മന്ത്രി അവരുമായും കൂടെയുള്ള കൊച്ചു മകനുമായും സംസാരിച്ചു. ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കാന്‍ തീരുമാനിച്ചു.
അതേസമയം, ഇതേ സ്ഥലത്ത് തന്നെ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലത്തിരിക്കുന്നതായി മന്ത്രി കണ്ടു. മതിയായ കസേരകൾ ഒരുക്കുവാൻ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. നിലവില്‍, നാല് സീറ്റുകള്‍ വീതമുള്ള 4 എയര്‍പോര്‍ട്ട് ചെയറുകളാണ് ഉള്ളത്. ഇതുപോലെ നാലെണ്ണം കൂടി ഉടന്‍ അവിടെ എത്തിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24,614 ബൂത്തുകള്‍ വഴിയായിരുന്നു വിതരണം. അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യം ഇട്ടിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയരേയും 2,183 സൂപ്പര്‍വൈസര്‍മാരേയും സജ്ജമാക്കിയിരുന്നു. തിരുവനന്തപുരം 1,99,618, കൊല്ലം 1,50,797, പത്തനംതിട്ട 60,340, ആലപ്പുഴ 1,20,195, കോട്ടയം 99,497, ഇടുക്കി 66,513, എറണാകുളം 1,83,217, തൃശൂര്‍ 1,83,120, പാലക്കാട് 1,77,390, മലപ്പുറം 3,07,163, കോഴിക്കോട് 2,01,151, വയനാട് 53,779, കണ്ണൂര്‍ 1,57,072, കാസര്‍ഗോഡ് 96,579 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണ നിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രത്യേക ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗ വൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാല്‍ തന്നെ അഞ്ചു വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications