37 ലക്ഷം ശമ്പളം വാങ്ങുന്നതായി അറിഞ്ഞു, സമരക്കാരുടെ അടുത്തേക്ക് ചെല്ലൂ, ചിന്തയ്ക്ക് വീണയുടെ തുറന്ന കത്ത്
തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് തുറന്ന കത്തെഴുതി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് തുറന്ന കത്ത്.
വീണ എസ് നായരുടെ കത്തിന്റെ പൂര്‍ണരൂപം: യുവജന കമ്മീഷൻ ചെയർ പേഴ്സൺ സഖാവ് ചിന്ത ജെറോമിന് തുറന്ന കത്ത് , സഖാവെ, കേരളത്തിലെ യുവജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നിൽ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റിൽ കയറിയവരാണ് അവർ. അവരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് അവർക്ക് അർഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടർന്നാണ് അവർ സമരം ചെയ്യുന്നത്. 5% പോലും നീയമനങ്ങൾ റാങ്ക് ലിസ്റ്റിൽ നിന്ന് നടക്കുന്നില്ല.
താൽക്കാലിക , പിൻവാതിൽ നീയമ നക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സർക്കാർ. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ്റെ നീയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18,084 പേരാണ് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രൊഫഷണൽ എംപ്ലോയ്മെൻ്റ് എക്സ് ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതിൽ തന്നെ 11,445 പേർ മെഡിക്കൽ ബിരുദധാരികളും 52, 473 പേർ എഞ്ചിനിയറിംഗ് ബിരുദധാരികളും ആണ്.
വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എൽ.ഡി.എഫ് സർക്കാർ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ നീയമിച്ചത് ഞാൻ ഓർമിപ്പിക്കുന്നു. ഇതു പോലുള്ള പിൻവാതിൽ നീയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷൻ ശ്രദ്ധിക്കേണ്ടത്. യുവജനങ്ങളുടെ പേരിൽ 37 ലക്ഷത്തോളം രൂപ ശമ്പളമായി സർക്കാർ ഖജനാവിൽ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ നിന്ന് അറിയാൻ കഴിഞ്ഞു.
സഖാവ് ആ ഓഫിസിൽ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേൾക്കണം , പരാതി പരിഹരിക്കാൻ മുൻ കൈയെടുക്കണം . ഇതൊക്കെ ചെയ്യാൻ വേണ്ടിയാണ് യുവജന കമ്മീഷൻ ചെയർ പേഴ്സൺ പോസ്റ്റ് . സ്ഥാനങ്ങൾ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.
അഡ്വ വീണ എസ് നായർ
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി