വേങ്ങരയില്‍ ആര് മല്‍സരിക്കും? മുസ്ലിം ലീഗില്‍ തര്‍ക്കം രൂക്ഷം, തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ലീഗ്

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതിനെ ചൊല്ലി മുസ്ലീം ലീഗില്‍ തര്‍ക്കം. ഈ സാഹചര്യത്തില്‍ വിശദമായ ചര്‍ച്ച പാര്‍ട്ടിയുടെ അകത്തളങ്ങില്‍ നടക്കുന്നുണ്ട്. വേഗത്തില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പര്യാപ്തമായ അവസ്ഥയിലല്ല പാര്‍ട്ടി ഇപ്പോള്‍.

പാര്‍ട്ടി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച ചെയ്ത മൂന്ന് പേര്‍ക്ക് പുറമെ മറ്റു ചിലരുടെ പേര് കൂടി ഉയര്‍ന്നുവന്നതോടെയാണ് അന്തിമ തീരുമാനം വൈകുന്നത്. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാണ് ഇപ്പോള്‍ മുസ്ലിം ലീഗിന്റെ ആവശ്യം. എന്നാല്‍ ഇതിന് കാരണം പറയുന്നത് കുടിവെള്ള പ്രശ്‌നവും റംസാനുമൊക്കെയാണ്.

രണ്ടത്താണിയും മജീദും ഖാദറും

താനൂരില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജില്ലാ നേതാവ് കെഎന്‍എ ഖാദര്‍ എന്നിവരുടെ പേരാണ് ആദ്യഘത്തില്‍ പരിഗണിച്ചിരുന്നത്.

പികെ ഫിറോസിന്റെ പേരും

എന്നാല്‍ യൂത്ത് ലീഗിന് വേങ്ങര സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഘടകം തന്നെ നേതാക്കളെ കണ്ടിട്ടുണ്ട്. മറ്റു പല പാര്‍ട്ടികളും യുവാക്കള്‍ക്ക് പ്രധാന്യം നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് അവരുടെ ആവശ്യം. പികെ ഫിറോസിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

വോട്ടെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടു

ഇതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ വൈകുന്നത്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് നീട്ടണമെന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

കുടിവെള്ള പ്രശ്‌നവും റംസാനും

പക്ഷേ, തിരഞ്ഞെടുപ്പ് കമ്മീഷനോട് വോട്ടെടുപ്പ് നീട്ടണമെന്ന ആവശ്യപ്പെടാന്‍ കാരണം മറ്റു ചിലതാണെന്നാണ് നേതാക്കള്‍ പരസ്യപ്പെടുത്തുന്നത്. വേനല്‍ കടുത്തതോടെ കുടിവെള്ള പ്രശ്‌നവും മെയ് അവസാനത്തില്‍ ആരംഭിക്കുന്ന റംസാന്‍ വ്രതാരംഭവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കമ്മീഷനെ സമീപിച്ചത്.

അപ്പോള്‍ തിരഞ്ഞെടുപ്പ് ജൂലൈയിലോ

എന്നാല്‍ തിരഞ്ഞെടുപ്പ് നീട്ടുന്നതിന് കമ്മീഷന്‍ അനുമതി നല്‍കാന്‍ സാധ്യത കുറവാണ്. കാരണം ചെറിയ പെരുന്നാള്‍ ജൂണ്‍ അവസാനത്തിലാണ് വരിക. അതിന് ശേഷം തിരഞ്ഞെടുപ്പ് മതിയെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം.

രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് തടസം

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ലമെന്റിലും നിയമസഭകളിലുമുള്ള മുഴുവന്‍ സീറ്റുകളും ഒഴിവ് നികത്തേണ്ടതുണ്ട്. ജൂലൈ 25നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുക. ഈ സാഹചര്യത്തില്‍ ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രയാസം സൃഷ്ടിക്കും.

കുടിവെള്ള ക്ഷാമത്തില്‍ വേങ്ങര

വേങ്ങര മേഖലയില്‍ വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്നത് പ്രയാസകരം തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നതും ലീഗിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

റംസാനില്‍ വോട്ടെടുപ്പ് വരുമോ?

മണ്ഡലത്തിലെ പല ഭാഗങ്ങളിലും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ, ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ റംസാനിലായിരിക്കും വോട്ടെടുപ്പ് വരാന്‍ സാധ്യത. അത് പോളിങ് ശതമാനവും ഭൂരിപക്ഷവും കുറയ്ക്കാന്‍ ഇടയാക്കുമെന്ന് ലീഗ് കരുതുന്നു.

മുസ്ലീം ലീഗിന്റെ ആശങ്ക

നിലവില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ മലപ്പുറം മണ്ഡലത്തിന്റെ ഭാഗമാണ് വേങ്ങര നിയമസഭാ മണ്ഡലം. ഇനി തൊട്ടുപിന്നാലെ അടുത്തൊരു വോട്ടെടുപ്പ് വരുന്നതിനോട് വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും മുസ്ലീം ലീഗിനുണ്ട്.

സ്ഥാനാര്‍ഥി ചര്‍ച്ച

സ്ഥാനാര്‍ഥിയായി ആരെ നിര്‍ത്തുമെന്ന ചര്‍ച്ച ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. മുതിര്‍ന്ന നേതാവ് കെപിഎ മജീദ് മല്‍സരിക്കണമെന്നാണ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ ആവശ്യം. എന്നാല്‍ അണികളില്‍ വലിയൊരു വിഭാഗം രണ്ടത്താണി മല്‍സരിക്കണമെന്ന് ആവശ്യപ്പെടുന്നു.

കെഎന്‍എ ഖാദറും ഫിറോസും

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍ തന്നെ അണികള്‍ ഇക്കാര്യം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വേങ്ങരയില്‍ സ്ഥാനാര്‍ഥിയാവാന്‍ കെഎന്‍എ ഖാദറും രംഗത്തെത്തി. പികെ ഫിറോസിന്റെ പേരും ഉയര്‍ന്നു വന്നു.

തര്‍ക്കമില്ല, തിരഞ്ഞെടുപ്പിന് സജ്ജമെന്ന് നേതാക്കള്‍

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നാണ് ഔദ്യോഗികമായി നേതാക്കള്‍ പ്രതികരിച്ചത്. സ്ഥാനാര്‍ഥിയെ ഉചിതമായ സമയത്ത്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിക്കുമെന്നായിരുന്നു അവരുടെ മറുപടി. പാര്‍ട്ടി ഏത് സമയവും തിരഞ്ഞെടുപ്പിന് ഒരുക്കമാണെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞു.

English summary
Muslim League consider three people in to Vengara by election candidate, Party want election to be postpone
Please Wait while comments are loading...