മുസ്ലിം ലീഗില്‍ ഭിന്നത; വേങ്ങരയില്‍ മല്‍സരിക്കാന്‍ മൂന്ന് പേര്‍!! ഇടതുപക്ഷം ധാരണയിലെത്തി

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് കയറിയതോടെ വേങ്ങര നിയമസഭാ മണ്ഡലം ശ്രദ്ധാ കേന്ദ്രമാകുന്നു. ലോക്‌സഭാ വിജയം ഗസറ്റില്‍ വിഞ്ജാപനം ചെയ്ത് 14 ദിവസത്തിനകം കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ സ്ഥാനം രാജിവയ്ക്കും. തൊട്ടുപിന്നാലെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തും.

മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമാണ് വേങ്ങര. ഇവിടെ ആരെ മല്‍സരിപ്പിക്കുമെന്നത് സംബന്ധിച്ച് ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രാഥമിക ചര്‍ച്ച നടത്തി. മൂന്ന് പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പ്രമുഖ നേതാക്കള്‍ക്ക് ആരെ മല്‍സരിപ്പിക്കുമെന്ന കാര്യത്തില്‍ ഭിന്ന നിലപാടാണുള്ളത്.

പരിഗണനയില്‍ ഇവര്‍

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദര്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എന്നവരുടെ പേരുകളാണ് പരിഗണനയില്‍.

കാത്തിരിക്കുന്ന പദവികള്‍

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമാണ് പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം ലോക്‌സഭയിലേക്ക് പോയാല്‍ ഈ രണ്ട് പദവിയും ഒഴിഞ്ഞുകിടക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗത്തിനായിരിക്കും ഈ പദവി ലഭിക്കുക.

എംകെ മുനീറാണ് തടസം

നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി കഴിഞ്ഞാല്‍ പരിചയ സമ്പന്നനായ മുതിര്‍ന്ന അംഗം എംകെ മുനീറാണ്. എന്നാല്‍ അദ്ദേഹത്തിന് പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കുന്നതിന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ വേങ്ങരയില്‍ മല്‍സരിച്ച് വിജയിക്കുന്ന വ്യക്തിക്ക് ഈ പദവി നല്‍കാമെന്ന ആലോചനയും ഉയര്‍ന്നിട്ടുണ്ട്.

കെപിഎ മജീദിന് വഴി തെളിയുന്നത്

ഈ ആലോചനയാണ് കെപിഎ മജീദിനെ മല്‍സരിപ്പിക്കണമെന്ന ആവശ്യത്തിലേക്ക് എത്തുന്നത്. കെപിഎ മജീദ് മല്‍സരിച്ചാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ നിയമസഭയില്‍ മുന്തിയ പരിഗണന ലഭിക്കും. അങ്ങനെയാവുമ്പോള്‍ മുനീര്‍ പ്രതിപക്ഷ ഉപനേതാവാകുന്നതു തടയുകയും ചെയ്യാം.

പ്രവര്‍ത്തകര്‍ രണ്ടത്താണിക്കൊപ്പം

എന്നാല്‍ പ്രവര്‍ത്തകരില്‍ ബഹു ഭൂരിഭാഗവും അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി മല്‍സരിക്കണമെന്ന ആവശ്യക്കാരാണ്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് രണ്ടത്താണി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരില്‍ ഇടതുസ്വതന്ത്രന്‍ വിഎം അബ്ദുര്‍റഹ്മാനോട് അദ്ദേഹം അപ്രതീക്ഷിതമായി പരാജയപ്പെടുകയായിരുന്നു.

രണ്ടത്താണിയുടെ അഭാവം

പാര്‍ട്ടി നിലപാടുകള്‍ നിയമസഭയില്‍ ശക്തമായി ഉന്നയിക്കാന്‍ നിലവില്‍ പറ്റുന്നില്ലെന്ന ആക്ഷേപമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി നിയമസഭയിലെത്തണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. പാര്‍ട്ടി നിലപാടുകള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ രണ്ടത്താണിയോളം പോന്ന മറ്റു നേതാവ് മുസ്ലിം ലീഗിലില്ലെന്നാണ് ഇവര്‍ പറയുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം

കുഞ്ഞാലിക്കുട്ടിക്കും രണ്ടത്താണി നിയമസഭയിലെത്തണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ രണ്ടത്താണി എത്തിയാലും മുനീര്‍ പ്രതിപക്ഷ ഉപനേതാവാകും. ഇത് തടയണമെങ്കില്‍ കെപിഎ മജീദ് വേങ്ങരയില്‍ മല്‍സരിച്ച് ജയിച്ച് നിയമസഭയിലെത്തണം. മജീദോ രണ്ടത്താണിയോ അതാണ് ഇപ്പോഴുള്ള ഒരു പ്രശ്‌നം.

കെഎന്‍എ ഖാദറിനെ വീണ്ടും തഴയുമോ?

അതേസമയം, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറിനെ വേങ്ങരയില്‍ മല്‍സരിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ അദ്ദേഹത്തിന് വള്ളിക്കുന്ന് മണ്ഡലം നല്‍കാത്തതില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിലുള്ള അനിഷ്ടം കെഎന്‍എ ഖാദര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ചര്‍ച്ച നടന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഏകദേശം പൂര്‍ണമായി വന്നു തുടങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടി കൊടപ്പനക്കല്‍ തറവാട്ടിലെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. പിന്നീടാണ് വേങ്ങരയില്‍ ആര് മല്‍സരിക്കുമെന്ന ചര്‍ച്ച നടത്തിയത്.

തീരുമാനമാവാതെ ചര്‍ച്ച

കെപിഎ മജീദ്, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, കെഎന്‍എ ഖാദര്‍ എന്നിവരിലാരെയെങ്കിലും മല്‍സരിപ്പിക്കാമെന്നതാണ് ഒടുവിലെത്തിയ ധാരണ. എന്നാല്‍ ഇതില്‍ ആര് എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല.

ചര്‍ച്ച നേരത്തെ മാറ്റിവച്ചതാണ്

കെഎന്‍എ ഖാദര്‍ മല്‍സരിക്കുന്നതിനോട് കുഞ്ഞാലിക്കുട്ടിക്ക് അത്ര താല്‍പര്യമില്ല. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് തന്നെ വേങ്ങരയില്‍ ആര് മല്‍സരിക്കുമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം വിശദമായി ചര്‍ച്ച നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.

ഇടതുപക്ഷം ഫൈസലിനെ തന്നെ ഇറക്കിയേക്കും

അതേസമയം, ഇടതുപക്ഷത്ത് ആരെ മല്‍സരിപ്പിക്കുമെന്ന ചര്‍ച്ച ചൂടുപിടിച്ചിട്ടില്ല. ആര് മല്‍സരിച്ചാലും ലീഗ് സ്ഥാനാര്‍ഥി ജയിക്കുന്ന മണ്ഡലമാണ് വേങ്ങര. അതുകൊണ്ട് പുതിയ മുഖത്തെ കൊണ്ടുവന്ന് പരിചയപ്പെടത്തുന്നതിന് പകരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എംബി ഫൈസലിനെ തന്നെ മല്‍സരിപ്പിക്കാനാണ് സാധ്യതയെന്ന് ഇടതുനേതാക്കള്‍ സൂചന നല്‍കി.

English summary
Muslim League consider three people in to Vengara byelection
Please Wait while comments are loading...