വിജിലന്‍സ് അന്വേഷണം തട്ടിപ്പോ?
തിരുവനന്തപപുരം: ചക്കിട്ടപാറയില്‍ ഇരുമ്പയിര്‍ ഖനനത്തിന് ബെല്ലാരി കമ്പനിക്ക് അനുമതി നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ വിജിലന്‍ അന്വേഷണം കൊണ്ടൊന്നും ഈ കേസില്‍ ഒന്നും സംഭവിക്കില്ലെന്നാണ് കോണ്‍ഗ്രസിനകത്തുള്ളവര്‍ തന്നെ പറയുന്നത്.
ചക്കിട്ടപാറയിലും കാക്കൂരിലും മാവൂരിലും ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കിയത് കര്‍ണാടകയിലെ ബെല്ലാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎസ്പിഎല്‍ എന്ന കമ്പനിക്കാണ്. 30 വര്‍ഷത്തേക്ക് ഖനനത്തിന് തത്വത്തില്‍ അനുമതി നല്‍കുകയായിരുന്നു അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം ചെയ്തത്. അന്നത്തെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്റെ നിര്‍ദ്ദേശത്തെ മറികടന്നാണ് ബെല്ലാരി കമ്പനിക്ക് അനമുതി നല്‍കിയതെന്നും പറയപ്പെടുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ പിന്തള്ളിയാണത്രെ എംഎസ്പിഎല്ലിന് ഖനന അനുമതി നല്‍കിയത്.

നിലവിലെ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ എളമരം കരീമിനെതിരെയുള്ള കോഴ ആരോപണം വരില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ അഴിമതിയുടെ കാതലായ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള അന്വേഷണം മാത്രമേ നടക്കൂ എന്നാണ് ആരോപണം. ഖനനം നടത്തുന്നതിന് അനുമതി നല്‍കിയതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് വിജിലന്‍സ് അന്വേഷിക്കുക.
കോണ്‍ഗ്രസിനകത്ത് നിന്ന് വിഎം സുധീരനും ടിഎന്‍ പ്രതാപനും അടക്കമുള്ളവര്‍ വിജിലന്‍സ് അന്വേഷണത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. വിജിലന്‍സ് നടത്തുന്ന അന്വേഷണം വെറും പ്രഹസനം മാത്രമാകുമെന്നും കുറ്റവാളികള്‍ രക്ഷപ്പെടുമെന്നും ആണ് ഇവര്‍ പറയുന്നത്. ബെല്ലാരി കമ്പനി ദേശീയ തലത്തില്‍ തന്നെ വിവാദമായ കമ്പനിയാണ്. അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതില്‍ വിജിലന്‍സിന് പരിമിതികള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. കേസില്‍ സിബിഐ അന്വേഷണമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കുറേക്കൂടി കടന്ന ആരോപണവും ആയിട്ടാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. എളമരം കരീമിനെ രക്ഷിക്കാന്‍ വേണ്ടി കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൂടി തയ്യാറാക്കിയ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണം എന്നാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications