ചന്ദ്രോപരിതലത്തില്‍ നിന്നും വീണ്ടും പറന്നുയർന്ന് വിക്രം ലാന്‍ഡർ: പുതിയ പരീക്ഷണവും വിജയം
ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ വീണ്ടും പറന്നു പൊങ്ങി ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡർ. നേരത്തെ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത വിക്രം ലാന്‍ഡറിനെ പ്രവർത്തന കാലയളവിന്റെ അവസാന സമയത്ത് വീണ്ടും പറത്തുന്ന പരീക്ഷണം ഐ എസ് ആർ ഒ നടത്തുകയായിരുന്നു. ഈ പരീക്ഷണം ഉള്‍പ്പെടെ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതായി ഐ എസ് ആർ ഒ എക്സില്‍ കുറിച്ചു.
പറന്നു പൊങ്ങിയ വിക്രം ലാന്‍ഡര്‍ അല്‍പ്പം മാറി ലാന്‍ഡ് ചെയ്യുകയായിരുന്നു. നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് വിക്രം ലാന്‍ഡര്‍ പറന്നു പൊങ്ങിയത്. മുകളിലേക്ക് 40 സെന്റിമീറ്റര്‍ പറന്നു പൊങ്ങിയ ലാന്‍ഡര്‍ 30 മുതല്‍ 40 സെന്റിമീറ്റര്‍ വരെ അകലെയാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്നും ഐ എസ് ആര്‍ ഒ എക്സിലൂടെ വ്യക്തമാക്കി.

പുതിയ പരീക്ഷണത്തിന്റെ ചിത്രങ്ങളും ഐ എസ് ആർ ഒ പുറത്തുവിട്ടുണ്ട്. വിക്രം ലാൻഡറിന്റെ ക്യാമറയിൽ പതിഞ്ഞ വീഡിയോയും ദൃശ്യങ്ങളുമാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി പങ്കുവെച്ചത്. ലാൻഡർ രണ്ടാം തവണ ഉയർത്തുന്നതും സോഫ്റ്റ് ലാൻഡിംഗ് നേടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഈ പരീക്ഷണത്തിന്റെ വിജയം ഭാവി പരീക്ഷണങ്ങള്‍ക്കും മനുഷ്യ ദൗത്യങ്ങള്‍ക്കും ആവേശം പകരും. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷണത്തിന് ശേഷം റാംപും ChaSTE, ILSA എന്നി പേലോഡുകളും കൃത്യമായി വിന്യസിച്ചതായും ഐ എസ് ആര്‍ ഒ വ്യക്തമാക്കി.
അതേസമയം ചന്ദ്രയാൻ- 3 താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചു. പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ പ്രവർത്തനം നിലപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റി. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്. സൂര്യ പ്രകാശം ഇല്ലെങ്കിൽ പേടകത്തിലെ സോളാർ പാനൽ ഉപയോഗിച്ച് ഊർജം സംഭരിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കാൻ സാധിക്കില്ല.
ഇത് വരെ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവെപ്പിച്ചെങ്കിലും റോവറിന്റെ ബാറ്ററി നിലവിൽ പൂർണമായും ചാർജ് ചെയ്ത നിലയിലാണ്. സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്ന പരീക്ഷണം കൂടിയാവും ഈ ഘട്ടത്തില്‍ നടക്കുക.












Click it and Unblock the Notifications