'വിലങ്ങാട് ഉണ്ടായത് വയനാടിന് സമാനമായ ദുരന്തം,ആളുകൾ മാറിയിരുന്നില്ലെങ്കിൽ നൂറുകണക്കിന് പേർ മരിച്ചേനേ'
കോഴിക്കോട്: ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും വയനാടിന് സമാനമായ ദുരന്തമാണ് വിലങ്ങാടും ഉണ്ടായതെന്ന് എംപി ഷാഫി പറമ്പിൽ. ഒരു പ്രദേശം ഒന്നാകെ ഇല്ലാതായി. വിലങ്ങാടും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഷാഫി പറമ്പിൽ വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
ചെളി മണത്തതോടെ ചിലർ പുറത്തേക്കിറങ്ങി നോക്കിയിരുന്നു. പരിശോധിച്ചപ്പോൾ വെള്ളത്തിന്റെ നിറം മാറുന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പ്രദേശവാസികളെ ഇവർ അറിയിക്കുകയും ഉടൻ തന്നെ എല്ലാവരും അവിടെ നിന്ന് മാറി താമസിക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ദുരന്തം സംഭവിച്ചത്.ആളുകൾ മാറിയില്ലായിരുന്നെങ്കിൽ നൂറ് കണക്കിന് ജീവൻ ഇതുപോലെ നഷ്ടമായേനെ. ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും വയനാടിന് സമാനമായ ദുരന്തമാണ് അവിടേയും ഉണ്ടായത്. വീടുകൾ, കടകൾ , വായനശാലകൾ, കുരിശുപള്ളി എന്നിങ്ങനെ ഒരു പ്രദേശം തന്നെ ഇല്ലാതായി. വിലങ്ങാടും സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. അത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരും', ഷാഫി പറഞ്ഞു.

അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്‍ മാത്യു കളത്തിലി(60)ന്റെ മൃതദേഹം കണ്ടെടുത്തു. ഉരുള്‍പൊട്ടിയ മഞ്ഞചീളിന് താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. അതേസമയം വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾ പൊട്ടലാണ്
വടകരയിലെ വിലങ്ങാടും ഉണ്ടായത്. ജനങ്ങൾ വളരെ വേഗത്തിൽ തന്നെ സ്ഥലത്ത് നിന്ന് മാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ചൊവ്വാഴ്ച മാത്രം 9 തവണയാണ് പ്രദേശത്ത് ഉരുൾ പൊട്ടിയത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നത്. സ്ഥലത്ത് നിന്നു 500 മീറ്റര്‍ അകലെ മരങ്ങള്‍ക്കിടയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ബുധനാഴ്ച വീണ്ടും ഇവിടെ ഉരുൾപൊട്ടിയിരുന്നു. ചൊവ്വാഴ്ച ഉണ്ടായ അതേ സ്ഥാലത്തായിരുന്നു ഉരുൾപൊട്ടിയത്. മലവെള്ളം ഒഴുകിയെത്തിയതോടെ പ്രദേശത്ത് ജില്ലാ കളക്ടർ അടക്കം കുടിങ്ങിപ്പോയിരുന്നു.
അതേസമയം വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇത് വരെ 177 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 81 പുരുഷൻമാരും 70 സ്ത്രീകളും 25 കുട്ടികളും ഇതിൽ ഉൾപ്പെടും. ഒരു മൃതദേഹത്തിൻ്റെ ആൺ-പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 98 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 252 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 92 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 234 പേരെയാണ് ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 92 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി . വയനാട്ടിൽ 87 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.












Click it and Unblock the Notifications